സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കം: കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്; സീറ്റ് മാറ്റങ്ങൾ പരിഗണനയിൽ

സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കം: കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്; സീറ്റ് മാറ്റങ്ങൾ പരിഗണനയിൽ


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള നിർണായക ചർച്ചകൾക്ക് കോൺഗ്രസ് തുടക്കം കുറിക്കുന്നു. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാർഥി നിർണയത്തിനുള്ള പൊതുമാനദണ്ഡങ്ങൾ യോഗത്തിൽ രൂപപ്പെടുത്തുമെന്നാണ് സൂചന. സീറ്റുകളിലെ മാറ്റസാധ്യതകളും അജണ്ടയിലുണ്ട്.
നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗത്തിനും വീണ്ടും അവസരം നൽകാനാണ് നീക്കം. എന്നാൽ പാലക്കാട് മണ്ഡലത്തിൽ നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് ലഭിക്കാനിടയില്ല. ലൈംഗിക പീഡനക്കേസിനെ തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറയിൽ കെ. ബാബുവിന് പകരം പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നതിനെ കുറിച്ചും ചർച്ച ഉണ്ടാകും.
അഭിപ്രായ ഭിന്നതയുള്ള മണ്ഡലങ്ങളിലെ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടേക്കും. യോഗം വ്യാഴാഴ്ച വരെ തുടരുമെന്നാണ് വിവരം. സ്ഥാനാർഥി നിർണയത്തിൽ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനായി ജില്ലാ കോർ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി നേതൃത്വം ജില്ലാതലത്തിൽ കൂടിക്കാഴ്ച നടത്തും.
കൊച്ചിയിലെ മഹാപഞ്ചായത്ത് യോഗത്തിലെ അവഗണനയെ തുടർന്ന് അസംതൃപ്തനായി തുടരുന്ന ശശി തരൂർ എംപി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന. അദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം ശക്തമാക്കിയിട്ടുണ്ട്.