ന്യൂഡൽഹി / വാഷിംഗ്ടൺ: ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാര കരാർ (FTA) അന്തിമഘട്ടത്തിലെത്തിച്ച പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി യുഎസ് രംഗത്തെത്തി. ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്ന എണ്ണ യൂറോപ്പിലേക്ക് ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളായി എത്തുന്നതിലൂടെ യുക്രെയിൻ യുദ്ധത്തിന് 'യൂറോപ്പ് തന്നെ ഫണ്ട് ചെയ്യുകയാണെന്ന്' യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ആരോപിച്ചു.
'റഷ്യൻ എണ്ണ ഇന്ത്യയിലേക്കു വരുന്നു. അവിടെ ശുദ്ധീകരിച്ച ശേഷം യൂറോപ്യൻ രാജ്യങ്ങൾ അത് വാങ്ങുന്നു. അതായത് അവർ തന്നെ അവർക്കെതിരായ യുദ്ധത്തിന് സാമ്പത്തിക സഹായം ചെയ്യുകയാണ്,' ബെസന്റ് പറഞ്ഞു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ തുടർന്ന് യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം തീരുവ ഏർപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ-ഇ.യു കരാർ ഇതുവരെ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ലെങ്കിലും നിയമപരിശോധനയ്ക്കായി കരാർ പാഠം അന്തിമമാക്കിയതായി ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചിരുന്നു. ജനുവരി 27ന് ഇരുപക്ഷവും ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
ഡോണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ മൊത്തം 50 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത് - ഇതിൽ 25 ശതമാനം റഷ്യൻ എണ്ണ ഇടപാടുമായി ബന്ധപ്പെട്ടതാണ്. റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നേതൃത്വം നൽകുമെന്നും യൂറോപ്യൻ രാജ്യങ്ങളെക്കാൾ വലിയ ത്യാഗങ്ങൾ അമേരിക്ക നടത്തിയിട്ടുണ്ടെന്നും ബെസന്റ് അവകാശപ്പെട്ടു.
ഇന്ത്യ സന്ദർശനത്തിലുള്ള യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉഴ്‌സുല വോൺ ഡെർ ലെയൻ ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാറിനെ 'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് വിശേഷിപ്പിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥികളിൽ ഒരാളായിരുന്നു അവർ.
ഇതിനിടെ ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രസിഡന്റ് ട്രംപ് ആശംസ അറിയിച്ചു. 'ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലുതുമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും അമേരിക്കയും അത്യപൂർവ പങ്കിടുന്നുവെന്ന് യുഎസ് എംബസി പങ്കുവച്ച സന്ദേശത്തിൽ ട്രംപ് പറഞ്ഞു.
ഇന്ത്യ കരാർ തടഞ്ഞത് വൈറ്റ് ഹൗസെന്ന് റിപ്പബ്ലിക്കൻ സെനറ്റർ
ഇതിനിടയിൽ ഇന്ത്യയുമായുള്ള യുഎസ് വ്യാപാര കരാർ വൈറ്റ് ഹൗസ് തടഞ്ഞുവെന്ന ആരോപണവും ഉയർന്നു. റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ ചോർന്ന ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നതോടെ ട്രംപ് തീരുവ നയം അമേരിക്കയ്ക്കുള്ളിൽ തന്നെ വിമർശനത്തിന് വിധേയമായി. ഇന്ത്യയ്‌ക്കെതിരായ 25 ശതമാനം തീരുവ പിന്നീട് 50 ശതമാനമായി ഉയർത്തിയത് ഈ നയത്തിന്റെ ഭാഗമായിരുന്നു.
കാനഡയും ഇന്ത്യയിലേക്ക് തിരിയുന്നു
ട്രംപിന്റെ കടുത്ത വ്യാപാര നയങ്ങൾക്ക് പിന്നാലെ കാനഡയും ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തുകയാണ്. പ്രധാനമന്ത്രി മാർക് കാർണിയുടെ നേതൃത്വത്തിൽ കാനഡ ഇന്ത്യയെ പ്രധാന സാമ്പത്തിക-തന്ത്രപ്രധാന പങ്കാളിയായി കാണുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്ക കാനഡയ്‌ക്കെതിരെ 35 ശതമാനം വരെ തീരുവ ചുമത്തുമെന്ന ഭീഷണിയാണ് ഒട്ടാവയെ പുതിയ വ്യാപാര വഴികൾ തേടാൻ പ്രേരിപ്പിച്ചത്.
2030ഓടെ ഇന്ത്യ-കാനഡ ദ്വിരാജ്യ വ്യാപാരം 50 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. മാർച്ചിൽ കാർണി ഇന്ത്യ സന്ദർശിച്ച് യൂറേനിയം, ഊർജം, ഖനിജങ്ങൾ, കൃത്രിമ ബുദ്ധി തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പുവെക്കുമെന്നാണ് സൂചന.
ഇൻഡോ-പസഫിക് മേഖലയിലെ യുഎസ് ആധിപത്യത്തിന് മറുപടിയായി ഇന്ത്യ കാനഡയ്ക്ക് സ്ഥിരതയുള്ള ജനാധിപത്യ പങ്കാളിയാണെന്നാണ് വിശകലന വിദഗ്ദ്ധർ പറയുന്നത്. അതേസമയം ഉയർന്ന യുഎസ് തീരുവ നേരിടുന്ന ഇന്ത്യയ്ക്ക് വടക്കേ അമേരിക്കൻ വിപണിയിലേക്കുള്ള പുതിയ വാതിൽ തുറക്കാനും ഈ പങ്കാളിത്തം സഹായകരമാകും.
ഇന്ത്യ-ഇ.യു വ്യാപാര കരാറിനെതിരെ കടുത്ത വിമർശനവുമായി യുഎസ്; 'റഷ്യൻ എണ്ണയിലൂടെ യൂറോപ്പ് അവർക്കെതിരായ യുദ്ധത്തിന് പണംനൽകുന്നു' - സ്‌കോട്ട് ബെസന്റ്
