ഇസ്‌ലാമാബാദ് / ന്യൂഡൽഹി: ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള ചർച്ചകളിൽ നിന്ന് യുഎഇ പിന്മാറിയതായി റിപ്പോർട്ട്. 2025 ഓഗസ്റ്റുമുതൽ തുടരുകയായിരുന്ന ചർച്ചകളാണ് വഴിമുട്ടിയത്. ന്യൂഡൽഹിയിൽ ഷെയ്ഖ് നഹ്യാൻ നടത്തിയ ഹ്രസ്വ സന്ദർശനത്തിന് പിന്നാലെയാണ് നീക്കം പുറത്തുവന്നത്.
വിമാനത്താവള നടത്തിപ്പിനായി അനുയോജ്യമായ പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതാണ് കരാർ നിലച്ചതിനു പിന്നിലെ പ്രധാന കാരണമെന്ന് പാക്കിസ്ഥാനിലെ ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ പദ്ധതിയിൽ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്ന യുഎഇ പിന്നീട് പിന്നോട്ടടിയുകയായിരുന്നു.
ഇതിനിടെ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും മാറ്റം വ്യക്തമാണ്. യെമൻ വിഷയത്തിൽ സൗദി അറേബ്യയും യുഎഇയും എതിർപക്ഷങ്ങളെ പിന്തുണയ്ക്കുന്നത് അപൂർവമായ ഭിന്നതയായി വിലയിരുത്തപ്പെടുന്നു. ഇതേ സമയം പാക്കിസ്ഥാൻ സൗദിയുമായി കൂടുതൽ അടുക്കുകയും 2025 സെപ്തംബറിൽ ഇരുരാജ്യങ്ങളും പരസ്പര സുരക്ഷ ഉറപ്പാക്കുന്ന പ്രതിരോധ കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
അതേസമയം യുഎഇ ഇന്ത്യയുമായി തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്തുകയാണ്. ഈ മാസം ആദ്യം യുഎഇ പ്രസിഡന്റിന്റെ ന്യൂഡൽഹി സന്ദർശനത്തിനിടെ സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ്പ് ലക്ഷ്യമിട്ട് ലെറ്റർ ഓഫ് ഇന്റന്റിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി. സൈനിക സഹകരണത്തിൽ വലിയ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സൗദി അറേബ്യ പാക്കിസ്ഥാന്റെ പ്രതിരോധ വൈദഗ്ധ്യത്തെ കൂടുതൽ ആശ്രയിക്കുമ്പോൾ, അബുദാബി ഇന്ത്യയിലേക്ക് ശ്രദ്ധ മാറ്റുകയാണെന്ന സൂചനകളും ശക്തമാണ്. ഇന്ത്യയുമായുള്ള സുരക്ഷാ കരാറുകളും രാഷ്ട്രീയ നീക്കങ്ങളും ഇതിന് തെളിവാകുന്നു.
ഒരുകാലത്ത് പാക്കിസ്ഥാന്റെ പ്രധാന സാമ്പത്തിക പങ്കാളിയായിരുന്ന യുഎഇ, ആയിരക്കണക്കിന് പാക്കിസ്ഥാനികളെ ജോലി നൽകുകയും വ്യാപാരം, പ്രതിരോധം, ഊർജ മേഖലകളിൽ ശക്തമായ ബന്ധം പുലർത്തുകയും ചെയ്തിരുന്നു. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ, നിയന്ത്രണ തർക്കങ്ങൾ, പഴകിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ബന്ധത്തെ ദുർബലപ്പെടുത്തിയതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ഇടപെടലുകളും ദുർഭരണവും മൂലം പാക്കിസ്ഥാനിലെ സർക്കാർ സ്ഥാപനങ്ങൾ വലിയ നഷ്ടത്തിലായതായും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് സ്വകാര്യവൽക്കരിച്ചത്.
ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ന്യൂഡൽഹി സന്ദർശനത്തിന് പിന്നാലെ 900 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് അനുമതി നൽകിയതും സൗഹൃദ സൂചനയായി വിലയിരുത്തപ്പെടുന്നു. ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ദീർഘകാല തന്ത്രപരവും സാമ്പത്തികവുമായ സഹകരണ ദർശനവും ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഇസ്‌ലാമാബാദ് വിമാനത്താവള കരാറിൽ നിന്ന് യു.എ.ഇ പിൻമാറി; ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തം ശക്തമാക്കുന്നു
