ലോസ്ആഞ്ചലസ്: എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കാനഡ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു നോക്കൗട്ട് മത്സരം വിജയിച്ച് പ്രീ-ക്വാര്‍ട്ടറിലേക്ക് (റൗണ്ട് ഓഫ് 16) യോഗ്യത നേടി. മിഡ്ഫീല്‍ഡര്‍ സ്റ്റീഫന്‍ എസ്തക്യോ ആണ് കാനഡയുടെ ചരിത്ര വിജയത്തിന്റെ ശില്‍പ്പി.
ലോകകപ്പിന്റെ സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റ് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായതോടെയാണ് കളം മാറി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ കളിക്കാന്‍ ഇറങ്ങേണ്ടി വന്നത്.
മത്സരത്തില്‍ വ്യക്തമായ ആധിപത്യം കാനഡയ്ക്കായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസിന്റെ തകര്‍പ്പന്‍ ഫോം അവര്‍ക്ക് വിഘാതമായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ മോയിസ് ബോംബിറ്റോയുടെ ഹെഡ്ഡര്‍ സൗത്ത് ആഫ്രിക്കന്‍ താരം ഓബ്രി മോഡിബ ഗോള്‍ ലൈനില്‍ നിന്ന് ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തിയെങ്കിലും തൊട്ടുപിന്നാലെ താജോണ്‍ ബുക്കാനന്റെ ഉറപ്പായ ഒരു ഗോളവസരം വില്യംസ് പറന്നുതടയുകയായിരുന്നു.
രണ്ടാം പകുതിയിലും കനേഡിയന്‍ സ്‌ട്രൈക്കര്‍ താനി ഒലുവസേയിയുടെ ഉഗ്രനൊരു ഷോട്ട് വില്യംസ് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് ഒലുവസേയി വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ഡിഫെന്‍ഡര്‍ എംബെകെസെലി എംബൊകാസി അത് സ്ലൈഡ് ചെയ്ത് കോര്‍ണറാക്കി മാറ്റി. കളിയില്‍ കാനഡ ഏഴ് ഓണ്‍-ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നേ കണ്ടെത്താനായുള്ളൂ.
കളി സമയം കഴിഞ്ഞ് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടിലാണ് കാനഡ കാത്തിരുന്ന ആ സുവര്‍ണ നിമിഷം എത്തിയത്. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന കനേഡിയന്‍ ക്രോസ് ദക്ഷിണാഫ്രിക്കന്‍ ഡിഫെന്‍ഡറുടെ തലയില്‍ തട്ടി ബോക്‌സിന്റെ അരികില്‍ നിന്നിരുന്ന സ്റ്റീഫന്‍ എസ്തക്യോയുടെ നെഞ്ചിലേക്ക് പാഞ്ഞെത്തി. എസ്തക്യോ പന്ത് അതിമനോഹരമായി നെഞ്ചില്‍ നിയന്ത്രിച്ച്, നിലംതൊടും മുന്‍പ് വലതുകാലുകൊണ്ട് തൊടുത്ത തകര്‍പ്പന്‍ വോളി ഷോട്ട് സൗത്ത് ആഫ്രിക്കന്‍ ഗോളി വില്യംസിനെ പൂര്‍ണമായും നിഷ്പ്രഭനാക്കി വലയുടെ താഴത്തെ ഇടത് മൂലയില്‍ ചെന്നു തറച്ചു. എസ്തക്യോ തന്നെയാണ് പ്ലെയര്‍ ഒഫ് ദ മാച്ച്.
ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റിനായി കാനഡ ജൂലൈ 4-ന് ഹൂസ്റ്റണില്‍ നടക്കുന്ന പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ്- മൊറോക്കോ മത്സരത്തിലെ വിജയികളെ നേരിടും.
