ചാമ്പ്യന്‍സ് ട്രോഫി; ബി സി സി ഐയും പി സി ബിയുമായി ഐ സി സി കൂടിക്കാഴ്ച നടത്തും

ചാമ്പ്യന്‍സ് ട്രോഫി; ബി സി സി ഐയും പി സി ബിയുമായി ഐ സി സി കൂടിക്കാഴ്ച നടത്തും


ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാവിയെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബി സി സി ഐ), പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും (പി സി ബി) അടിയന്തര യോഗം വിളിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതോടെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂളിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐ സി സി ശ്രമിക്കും. 

ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ പാകിസ്ഥാനിലാണ് നടക്കേണ്ടത്. എന്നാല്‍ ബി സി സി ഐ പാകിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതിച്ചതോടെ അനിശ്ചിതത്വം സംഭവിക്കുകയായിരുന്നു. 

സ്പോര്‍ട്സ് ടാക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐ സി സി നവംബര്‍ 26ന് ബി സി സി ഐയുടെയും പി സി ബിയുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ചാമ്പ്യന്‍സ് ട്രോഫിയുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരുബോര്‍ഡുകളേയും ബോധ്യപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. 

പാകിസ്ഥാനില്‍ മത്സരത്തിന്് പോകാന്‍ ബി സി സി ഐയെ ബോധ്യപ്പെടുത്തുക എന്നതാണ് ഐ സി സിയുടെ ആദ്യശ്രദ്ധ. എന്നാല്‍ ഇന്ത്യ വിമുഖത കാണിക്കുകയാണെങ്കില്‍ ഹൈബ്രിഡ് മോഡലിലേക്ക് മാറാന്‍ ആതിഥേയരെ ബോധ്യപ്പെടുത്താനും ശ്രമിക്കും. 

സ്ഥിതിഗതികള്‍ അനുസരിച്ച് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ മൂന്ന് മാസത്തില്‍ താഴെ മാത്രമാണ് സമയമെന്നതിനാല്‍ ഇന്ത്യന്‍ ടീമിന്റെ പിന്നോട്ടു പോക്ക്  ടൂര്‍ണമെന്റ് മുഴുവന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ പാകിസ്ഥാനും ആശങ്കയുണ്ട്. 

ഫൈനല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള പാക്കിസ്ഥാന്റെ നിര്‍ദ്ദേശം ബി സി സി ഐ നിരസിച്ചതിനാല്‍ ഐ സി സിക്ക് മുമ്പില്‍ മൂന്ന് സാധ്യതകളാണുള്ളത്. 

2008ലേതു പോലെ ഐ സി സിക്ക് പരിഹാരം കാണുന്നതുവരെ ചാമ്പ്യന്‍സ് ട്രോഫി മാറ്റിവയ്ക്കാം, അല്ലെങ്കില്‍ ഇന്ത്യയെ മത്സരത്തില്‍ നിന്നും ഒഴിവാക്കാം, ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്താന് പുറത്ത് സംഘടിപ്പിക്കുകയുമാകാം. ഇതില്‍ മൂന്നാമത്തെ സാധ്യതയായിരിക്കും ഐ സി സി തേടുക. മത്സരത്തില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കുകയെന്നത് മത്സരത്തിന്റെ വിവിധ കാര്യങ്ങളെ ബാധിക്കുമെന്നതും ജയ് ഷാ ഐ സി സിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയര്‍പേഴ്സണായി വരുന്നതും രണ്ടാമത്തെ സാധ്യത തേടുമെന്ന് തോന്നുന്നില്ല.