വനിതാ ടി20യില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ

വനിതാ ടി20യില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ


ദുബായ്: ഐ സി സി വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകളുടെ ഗംഭീര തിരിച്ചുവരവ്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ സംഘം പാക്കിസ്ഥാനെതിരെ ആറ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് കുറിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇരുപത് ഓവറില്‍ 105ന് 8 എന്ന നിലയില്‍ ഒതുക്കി നിര്‍ത്തി. 28 റണ്‍സെടുത്ത നിദ ദര്‍ പാക്കിസ്ഥാന്റെ ടോപ് സ്‌കോററായപ്പോള്‍ ഇന്ത്യക്കു വേണ്ടി പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ അരുന്ധതി റെഡ്ഡി 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓഫ് സ്പിന്നര്‍ ശ്രേയാങ്ക പാട്ടീല്‍ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയും മലയാളി ലെഗ് സ്പിന്നര്‍ ആശ ശോഭന 24 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് നേടി. ന്യൂബോളെടുത്ത രേണുക സിങ്ങും ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് നേടി.

ആദ്യ മത്സരത്തില്‍ നിന്നു വ്യത്യസ്തമായി പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ പൂജ വസ്ത്രാകറിനു പകരം മലയാളി ബിഗ് ഹിറ്റര്‍ സജന സജീവനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അങ്ങനെ രണ്ടു മലയാളികള്‍ ഒരുമിച്ച് കളിക്കുന്ന ആദ്യ ക്രിക്കറ്റ് ലോകകപ്പ് മത്സരമായും ഇതു മാറി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഏഴ് പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടിയത്. ശൈലി മാറ്റി ക്ഷമയോടെ ബാറ്റ് ചെയ്ത് 35 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണര്‍ ഷഫാലി വര്‍മയാണ് ടോപ് സ്‌കോറര്‍. ക്ലാസ് ഓപ്പണര്‍ സ്മൃതി മന്ഥന (7) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ കളിപ്പിക്കാനുള്ള പദ്ധതിയിലും ഇന്ത്യ മാറ്റം വരുത്തി. രണ്ടു സന്നാഹ മത്സരങ്ങളിലും ന്യൂസിലന്‍ഡിനെതിരേയും പരാജയമായ ഹര്‍മന്‍പ്രീതിനു പകരം ജമീമ റോഡ്രിഗ്‌സാണ് വണ്‍ ഡൗണായി കളിച്ചത്. 28 പന്തില്‍ 23 റണ്‍സും നേടി. നാലാം നമ്പറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ 24 പന്തില്‍ 29 റണ്‍സെടുത്ത് പരുക്കേറ്റ് മടങ്ങി.

തുടര്‍ന്നെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും ദീപ്തി ശര്‍മയും (7), ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ സജനയും ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ ഇന്ത്യയെ ജയത്തിലേക്കു നയിച്ചു. അരുന്ധതിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.