നെയ്മറിന് വീണ്ടും പരുക്ക്; ബ്രസീലിന്റെ ലോകകപ്പ് ആദ്യ മത്സരം നഷ്ടമാകാൻ സാധ്യത

നെയ്മറിന് വീണ്ടും പരുക്ക്; ബ്രസീലിന്റെ ലോകകപ്പ് ആദ്യ മത്സരം നഷ്ടമാകാൻ സാധ്യത


റിയോ ഡി ജനീറോ: ബ്രസീൽ സൂപ്പർതാരം നെയ്മറിന് വീണ്ടും പരുക്ക്. കാലിലെ മസിലിന് പരുക്കേറ്റ നെയ്മർ അടുത്ത സൗഹൃദ മത്സരങ്ങളിൽ നിന്ന് പുറത്തായതായി ബ്രസീലിയൻ ഫുടബോൾ ഫെഡറേഷൻ അറിയിച്ചു. ഇതോടെ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരവും താരത്തിന് നഷ്ടമാകാൻ സാധ്യതയേറി.

34 കാരനായ നെയ്മറിന്റെ വലത് കാലിലെ കാഫ് മസിലിനാണ് ഗ്രേഡ്2 പരുക്കേറ്റതെന്ന് എംആർഐ പരിശോധനയിൽ കണ്ടെത്തി. പൂർണ ഫിറ്റ്‌നസിലേക്ക് മടങ്ങാൻ രണ്ടുമുതൽ മൂന്നാഴ്ച വരെ വിശ്രമവും ചികിത്സയും ആവശ്യമാണെന്ന് ടീമിന്റെ ഡോക്ടർ റോഡ്രിഗോ ലാസ്മർ വ്യക്തമാക്കി.

ടീമിനൊപ്പമെത്തിയ നെയ്മർ ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നില്ല. കാലിൽ വീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് പരുക്കിന്റെ ഗൗരവം വ്യക്തമായത്. നേരത്തെ സാന്റോസ് ക്ലബ് അധികൃതർ ഇത് ചെറിയ വീക്കം മാത്രമാണെന്നായിരുന്നു അറിയിച്ചിരുന്നത്.

ഞായറാഴ്ച മറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന പനാമയ്‌ക്കെതിരായ സൗഹൃദ മത്സരവും പിന്നീട് ഈജിപ്തിനെതിരായ മത്സരവും നെയ്മർക്ക് നഷ്ടമാകും. ജൂൺ 13 ന് മൊറോക്കോയ്‌ക്കെതിരായ ലോകകപ്പ് ആദ്യ മത്സരത്തിലും താരം കളിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇതിനോടകം തന്നെ ഗബ്രിയേൽ മഗലായിസ്, മാർക്വിന്യോസ്, ഗബ്രിയേൽ മാർട്ടിനെല്ലി തുടങ്ങിയ താരങ്ങൾ ഇല്ലാത്തത് ബ്രസീലിന് തിരിച്ചടിയായിട്ടുണ്ട്.

ബ്രസീലിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ നെയ്മറിന്റെ തിരിച്ചുവരവ് ആരാധകർ ആവേശത്തോടെയാണ് കാത്തിരുന്നത്. എന്നാൽ പരുക്കുകൾ വീണ്ടും താരത്തിന്റെ കരിയറിനെ അലട്ടുകയാണ്.