ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട റീതിക ഹൂഡയ്ക്ക് സസ്‌പെന്‍ഷന്‍

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട റീതിക ഹൂഡയ്ക്ക് സസ്‌പെന്‍ഷന്‍


ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട വനിതാ ഗുസ്തി താരം റീതിക ഹൂഡയെ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. റീതിക നിരോധിത മരുന്നുകള്‍ ഉപയോഗിച്ചെന്ന് ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) കണ്ടെത്തിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ താരത്തിന് നാലു വര്‍ഷം വരെ വിലക്ക് വന്നേക്കും. 

സെലക്ഷന്‍ ട്രയലിനിടെ നാഡ ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് റീതിക ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതോടെ റീതികയോട് ക്യാംപ് വിടാന്‍ ഗുസ്തി ഫെഡറേഷന്‍ നിര്‍ദേശിച്ചിരുന്നു.

ഇന്ത്യ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ഗുസ്തി താരങ്ങളിലൊരാളാണ് 22കാരിയായ റീതിക. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റീതിക വെള്ളി മെഡല്‍ നേടിയിരുന്നു. പാരീസ് ഒളിംപിക്‌സില്‍ വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലും റീതിക മത്സരിച്ചിരുന്നു.