ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍
ഗയാന:  ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍. ഗയാനയില്‍ നടന്ന ആവേശകരമായ സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് മേഖലകളില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു കാണാനായത്. രണ്ടു വര്‍ഷം മുമ്പ് അഡ്ലെയ്ഡില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റതിനു കൃത്യമായ പകരം വീട്ടലായി ഇന്ത്യയുടെ ഈ ജയം.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് പുറത്താക്കിയാണ് ഫൈനല്‍ സീറ്റ് ഉറപ്പാക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് താരങ്ങള്‍. ബുംറ രണ്ടു വിക്കറ്റെടുത്തു.

ഫൈനലിലെത്താന്‍ 172 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ 15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 23 റണ്‍സോടെ മികച്ച തുടക്കമിട്ടിരുന്നു. എന്നാല്‍ നാലാം ഓവറില്‍ അക്ഷറിന്റെ ആദ്യ പന്തില്‍ തന്നെ ബട്ട്ലര്‍ പുറത്ത്. പിന്നീട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ഫില്‍ സാള്‍ട്ട് (5), ജോണി ബെയര്‍സ്റ്റോ (0), മോയിന്‍ അലി (8), സാം കറന്‍ (2) എന്നിവര്‍ സ്‌കോര്‍ബോര്‍ഡില്‍ 50 തികയും മുമ്പ് ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഹാരി ബ്രൂക്കിനെ പുറത്താക്കി കുല്‍ദീപ്, ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. 19 പന്തില്‍ 25 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അവസാന പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണിന്റെ (11) റണ്ണൗട്ടിലും കുല്‍ദീപ് പങ്കാളിയായി. ജോഫ്ര ആര്‍ച്ചര്‍ 21 റണ്‍സെടുത്ത് പുറത്തായി. ക്രിസ് ജോര്‍ദന്‍ (1), ആദില്‍ റഷീദ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ തുണച്ചത്. മഴയും പിച്ചിലെ ഈര്‍പ്പവും ഇന്ത്യയുടെ ബാറ്റിങ് ബുദ്ധിമുട്ടിലാക്കി. മഴയ്ക്കു ശേഷം പിച്ചിലെ വേഗക്കുറവ് മുതലെടുക്കാന്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്ട്ലറുടെ തന്ത്രവും ഫലം കണ്ടു. 39 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 57 റണ്‍സെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 47 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 73 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. 14-ാം ഓവറില്‍ രോഹിത്തിനു പിന്നാലെ 16-ാം ഓവറില്‍ സൂര്യയും മടങ്ങി. പിന്നാലെ 13 പന്തില്‍ 23 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്തായി. പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ ശിവം ദുബെ (0) വീണ്ടും പരാജയമായി. രവീന്ദ്ര ജഡേജ ഒമ്പത് പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. അക്ഷര്‍ പട്ടേല്‍ 10 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തേ ഇന്ത്യന്‍ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം വൈകുകയായിരുന്നു. എട്ട് ഓവറില്‍ ഇന്ത്യ രണ്ടിന് 65 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം തടസപ്പെട്ടിരുന്നു.