തെഹ്‌റാന്‍: 2005 മുതല്‍ 2013 വരെ ഇറാന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന മഹമ്മൂദ് അഹമ്മദി നെജാദ് ഇസ്രായേല്‍- അമേരിക്കന്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇറാനിയന്‍ ലേബര്‍ ന്യൂസ് ഏജന്‍സിയാണ് ഈ വിവരം അറിയിച്ചത്.
തെഹ്‌റാന്റെ വടക്കുകിഴക്കന്‍ ഭാഗമായ നാര്‍മാക് പ്രദേശത്തെ അഹ്മദി നെജാദിന്റെ വസതിയെയാണ് വ്യോമാക്രമണം ലക്ഷ്യമിട്ടതെന്ന് ഭരണകൂട അനുകൂല മാധ്യമം അവകാശപ്പെട്ടു. ആക്രമണത്തില്‍ അഹ്മദി നെജാദും അദ്ദേഹത്തിന്റെ നിരവധി സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാര്‍മാക് മേഖലയിലെ ആക്രമണം ശനിയാഴ്ച വൈകിയോടെയായിരിക്കാമെന്നാണ് സൂചന.
പ്രസിഡന്റാകുന്നതിന് മുമ്പ് അഹ്മദി നെനജാദ് അര്‍ദബീല്‍ പ്രവിശ്യയുടെ ഗവര്‍ണറായും തെഹ്‌റാന്‍ മേയറായും സേവനമനുഷ്ഠിച്ചിരുന്നു.
രണ്ട് കാലാവധികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അന്നത്തെ പരമോന്നത നേതാവായ അലി ഖംനേയി അദ്ദേഹത്തെ സുപ്രിം ലീഡറുടെ ഓഫീസിന് ഉപദേശക സമിതിയായ എക്‌സ്പീഡിയന്‍സി ഡിസേണ്‍മെന്റ് കൗണ്‍സിലിലേക്ക് നിയമിച്ചു. 48 അംഗങ്ങളുള്ള ഈ സമിതി രാജ്യത്തെ പ്രധാന നയപരമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതാണ്.
