അതിശയിപ്പിക്കുന്ന ആദായ വില്പന- അമേരിക്കന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ചീസിന്റെ പ്രളയം

അതിശയിപ്പിക്കുന്ന ആദായ വില്പന- അമേരിക്കന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ചീസിന്റെ പ്രളയം

Photo Caption


അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പെട്ടെന്ന് വന്‍തോതില്‍ വിലകുറഞ്ഞ ചീസ് എത്തുന്നുണ്ട്. പക്ഷേ, ഈ വിലക്കുറവിനു പിന്നില്‍ അമേരിക്കന്‍ ക്ഷീരവ്യവസായത്തിലെ ഗുരുതരമായ പ്രതിസന്ധിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2025 ജൂലൈയില്‍ യു എസ് എം സി എ വ്യാപാര കരാറിലെ ക്വോട്ട കവിഞ്ഞ അമേരിക്കന്‍ ക്ഷീരോത്പന്നങ്ങളുടെ കയറ്റുമതിയെ തുടര്‍ന്ന് കാനഡ 300 ശതമാനം തീരുവ ഏര്‍പ്പെടുത്തി. കാനഡയുടെ ഇറക്കുമതി ക്വോട്ട കുറച്ചതോടെ ചീസ്, വെണ്ണ, പാല്‍ എന്നിവയുമായി നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ കനേഡിയന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെട്ടു.

വ്യവസായ വൃത്തങ്ങള്‍ പറയുന്നത് ഈ ഉത്പന്നങ്ങളില്‍ പലതും കാലാവധി അവസാനിക്കാറായവയോ മറ്റ് വിദേശ വിപണികള്‍ നിരസിച്ചവയോ ആണ്. വിദേശത്ത് വില്‍ക്കാന്‍ കഴിയാതെ ഉത്പാദകര്‍ ഇവ യു എസിലെ വാള്‍മാര്‍ട്ട്, ടാര്‍ഗറ്റ്, ക്രോഗര്‍ തുടങ്ങിയ കടകളിലേക്ക് തിരിച്ചുവിട്ടു. ഇതാണ് ഇപ്പോള്‍ 'ആദായ വില്പന'' എന്ന പേര് നേടിയ വിലക്കുറവിന് കാരണം.

എന്നാല്‍, ഉപഭോക്തൃ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത് ഈ വിലക്കുറവ് ആരോഗ്യകരമായ വിപണി മത്സരത്തിന്റെ ഫലമല്ല, മറിച്ച് കാലാവധി അവസാനിക്കുന്ന ഉത്പന്നങ്ങള്‍ വേഗം വിറ്റഴിക്കാനുള്ള തന്ത്രമാണെന്നാണ്. 'ഇതിന് ഡിമാന്‍ഡുമായി ബന്ധമില്ല,' ഒരു വ്യാപാര വിശകലന വിദഗ്ധന്‍ പറഞ്ഞു. 'സ്റ്റോറേജ് ഒഴിവാക്കാനുള്ള ശ്രമമാണ്.'

വിസ്‌കോണ്‍സിനും കാലിഫോര്‍ണിയയിലുമൊക്കെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്റെ ആഘാതം കനത്തതാണ്. പാല്‍ വില്‍ക്കാന്‍ വഴിയില്ലാതെ, ചിലര്‍ പാല്‍ നേരിട്ട് ഓവുചാലിലേക്ക് ഒഴുക്കേണ്ടി വന്നു. കാനഡയുടെയും മെക്‌സിക്കോയുടെയും പ്രതികാര തീരുവകളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കൂടി ചേര്‍ന്ന് യു എസ് ക്ഷീര വ്യവസായത്തിന് 700 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് നാഷണല്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ കണക്കാക്കുന്നത്.

ഭക്ഷ്യസുരക്ഷയെക്കുറിച്ചും ആശങ്കകള്‍ ഉയരുന്നുണ്ട്. കാനഡയുടെ സപ്ലൈ മാനേജ്‌മെന്റ് സംവിധാനം ചില വളര്‍ച്ചാ ഹോര്‍മോണുകളും ആന്റിബയോട്ടിക്കുകളും നിരോധിക്കുകയും ഓരോ ബാച്ചും കര്‍ശനമായി പരിശോധിക്കുകയും ചെയ്യുന്നു. 

രാഷ്ട്രീയമായി പ്രതികരണം ശക്തമല്ല. വ്യവസായ സംഘടനകള്‍ വൈറ്റ് ഹൗസിന് അടിയന്തര സഹായത്തിനായി കത്തയച്ചെങ്കിലും ഒരു കൃത്യമായ പദ്ധതിയും മുന്നോട്ടുവന്നിട്ടില്ല. ഇടപെടലില്ലെങ്കില്‍ ക്ഷീരഫാമുകള്‍ അടച്ചുപൂട്ടുകയും ഭക്ഷ്യവിതരണത്തില്‍ ജനങ്ങളുടെ വിശ്വാസം കൂടുതല്‍ ഇല്ലാതാവുകയും ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അന്താരാഷ്ട്ര തലത്തില്‍, പ്രശ്‌നം വ്യാപിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവ യു എസ് ക്ഷീരോത്പന്നങ്ങളുടെ ഇറക്കുമതി നയങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇത് കാനഡയ്ക്കപ്പുറം വ്യാപാര ഒറ്റപ്പെടലിലേക്ക് നയിച്ചേക്കാം.

ഇപ്പോള്‍ 'ആദായ വില്പന'യിലെ ചീസ് ഉപഭോക്താക്കള്‍ക്ക് വന്‍നേട്ടമായി തോന്നാം. പക്ഷേ, ആകര്‍ഷകമായ വില ടാഗുകള്‍ക്ക് പിന്നില്‍, വ്യവസായത്തിന്റെ തകര്‍ച്ച, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, ഉപഭോക്തൃ വിശ്വാസത്തിന്റെ പ്രതിസന്ധി എന്നിവയാണ് യഥാര്‍ഥ ചിത്രം.