വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് പെയ്ഡ് പ്ലാനുമായി മെറ്റ

വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് പെയ്ഡ് പ്ലാനുമായി മെറ്റ


കാലിഫോര്‍ണിയ: സാമൂഹ്യ മാധ്യമ അക്കൗണ്ടുകളായ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയവ ഉപയോഗിക്കാനുള്ള പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് മെറ്റ. പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാകുന്ന പ്ലസ് പതിപ്പുകളാണ് അവതരിപ്പിക്കുന്നത്. ഇതുവരെ പരസ്യങ്ങളെ മാത്രം ആശ്രയിച്ചാണ് മെറ്റ മുന്നോട്ടു പോയിരുന്നത്. ആദ്യമായാണ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ മുന്നോട്ടു വയ്ക്കുന്നത്.

ഇന്‍സ്റ്റഗ്രാം പ്ലസ്, ഫെയ്‌സ്ബുക്ക് പ്ലസ് എന്നിവയ്ക്ക് ഒരു മാസം 3.99 ഡോളര്‍ വീതവും വാട്‌സാപ്പ് പ്ലസിനു വേണ്ടി 2.99 ഡോളറുമാണ് ഈടാക്കുക. 

സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് പ്രൊഫൈല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍, സൂപ്പര്‍ റിയാക്ഷനുകള്‍, സ്റ്റോറി എത്ര പേര്‍ കണ്ടുവെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ തുടങ്ങിയ നിരവധി അധിക ഫീച്ചറുകള്‍ ലഭിക്കും.

മുന്നോട്ടു പോകും തോറും പ്ലസ് പതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്തു കൊണ്ടിരിക്കുമെന്ന് മെറ്റയുടെ പ്രൊഡക്റ്റ് മേധാവി നവോമി ഗ്രെയിറ്റ് പറയുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ 24 മണിക്കൂറില്‍ അധികം നിലനിര്‍ത്താനും അധികം വിസിബിലിറ്റിക്കായി സ്‌പോട്ട് ലൈറ്റ് ചെയ്യാനും സാധിക്കും.

വാട്‌സാപ്പ് പ്ലസ് സബസ്‌ക്രൈബേഴ്‌സിന് കസ്റ്റം തീമുകള്‍, പ്രത്യേക റിങ് ടോണുകള്‍, കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള അവസരം, പ്രീമിയം സ്റ്റിക്കറുകള്‍ എന്നിവയും ലഭിക്കും.