സിസിടിവി നിയന്ത്രണം കർശനമാക്കി ഇന്ത്യ; വീട്ടുകളിലെ ക്യാമറകളെ ബാധിക്കുമോ?

സിസിടിവി നിയന്ത്രണം കർശനമാക്കി ഇന്ത്യ; വീട്ടുകളിലെ ക്യാമറകളെ ബാധിക്കുമോ?


ന്യൂഡൽഹി: രാജ്യത്ത് സൈബർ സുരക്ഷ ശക്തമാക്കുന്നതിനായി സിസിടിവി ക്യാമറകളിൽ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കി. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം, ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ ഇന്ത്യയിൽ വിൽക്കുന്നതിന് മുമ്പ്  സ്റ്റാൻഡേഡൈസേഷൻ ടെസ്റ്റിംഗ് ആന്റ് ക്വാളിറ്റി സർടിഫിക്കേഷൻ അംഗീകാരം നിർബന്ധമാക്കി.

പുതിയ മാർഗ്ഗനിർദേശങ്ങൾ പ്രകാരം, ക്യാമറയിൽ ഉപയോഗിക്കുന്ന പ്രോസസർ (SoC), ഹാർഡ്‌വെയർ ഘടകങ്ങളുടെ ഉറവിടം, എൻക്രിപ്ഷൻ സാങ്കേതികവിദ്യ, ഫിർമ്വെയർ സുരക്ഷ എന്നിവ പരിശോധിക്കും. ഉപകരണങ്ങൾ ഹാക്ക് ചെയ്യാനാകുമോ എന്നതും വിലയിരുത്തും. ഇന്ത്യയിൽ അസംബിൾ ചെയ്ത ഉപകരണങ്ങൾക്കുപോലും ഈ പരിശോധന നിർബന്ധമാണ്. അംഗീകാരം ലഭിക്കാത്ത ഉൽപ്പന്നങ്ങൾ രാജ്യത്ത് വിൽക്കാൻ അനുവദിക്കില്ല.

ഈ നടപടികൾ പ്രധാനമായും ചൈനീസ് കമ്പനികളായ  ഹിക് വിഷൻ(Hikvision),ദാഹുവ ടെക്‌നോളജി (Dahua Technology) എന്നിവയെ ബാധിക്കും. മുമ്പ് ഇന്ത്യൻ വിപണിയിലെ വലിയ പങ്ക് ഇവർക്കായിരുന്നു.

എന്നാൽ, ഇതിനകം ഉപയോഗത്തിലുള്ള ക്യാമറകൾ ഉടൻ പ്രവർത്തനം നിർത്തില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും നിലവിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടർന്നും പ്രവർത്തിക്കും. പക്ഷേ, ഭാവിയിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും സർവീസ് പിന്തുണയും ബാധിക്കാനിടയുണ്ട്.

ഇതിനിടെ, ആഭ്യന്തര ബ്രാൻഡുകളായ CP Plus, Prama, Quobo, Mtarix, Sparsh എന്നിവ വിപണിയിൽ ശക്തിപ്രാപിച്ചിട്ടുണ്ട്. ഇപ്പോൾ ഏകദേശം 80 ശതമാനം വിപണി വിഹിതവും ഇന്ത്യൻ കമ്പനികളാണ് കൈവശം വയ്ക്കുന്നതെന്നാണ് കണക്ക്.

എന്നിരുന്നാലും, പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള അധിക ചെലവും വിതരണക്കാരുടെ കുറവും കാരണം സിസിടിവി ക്യാമറകളുടെ വില ഉയരാനിടയുണ്ട്. പ്രത്യേകിച്ച് മിഡ്‌റേഞ്ച്, പ്രീമിയം വിഭാഗങ്ങളിൽ വില വർധന കൂടുതൽ പ്രകടമാകുമെന്ന് വിലയിരുത്തുന്നു.