ന്യൂഡല്‍ഹി: മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗ്ള്‍ ക്രോം ഉപയോഗക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാറിന് കീഴിലുളള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കി.
ഗൂഗ്ള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പിഴവുകള്‍ മുതലാക്കി ഹാക്കര്‍മാര്‍ക്ക് സിസ്റ്റം ക്രാഷ് ചെയ്യാനാകും.
വിന്‍ഡോസ്, മാക്, ലിനക്സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ആഗോളതലത്തില്‍ ഏകദേശം 70 ശതമാനം പേരും ആശ്രയിക്കുന്നതാണ് ഗൂഗ്ള്‍ ക്രോം ബ്രൗസര്‍ എന്നതിനാല്‍ കോടിക്കണക്കിന് ഉപയോക്താക്കളെ സുരക്ഷാ വീഴ്ച ബാധിച്ചേക്കാം.
സുരക്ഷാ വീഴ്ച പരിഹരിച്ചുകൊണ്ടുള്ള അപ്ഡേറ്റും ഗൂഗ്ള്‍ പുറത്തിറക്കിയിട്ടുണ്ട്. അപകടസാധ്യത തടയാന്‍ ഗൂഗ്ള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് ഗൂഗ്‌ളും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നിര്‍ദേശിക്കുന്നത്.
2024 സെപ്റ്റംബര്‍ 26ന് പുറത്തിറക്കിയ ഏറ്റവും പുതിയ സിഇആര്‍ടി-ഇന്നിന്റെ നോട്ടിലാണ് ക്രോമിലെ പ്രശ്നങ്ങളെ കുറിച്ച് പറയുന്നത്. ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ പിഴവുകളെ ഉയര്‍ന്ന തീവ്രതയുടെ പ്രശ്‌നങ്ങളുടെ കൂട്ടത്തിലാണ് സിഇആര്‍ടി-ഇന്‍ ചേര്‍ത്തിരിക്കുന്നത്.
ഗുരുതരമായ സുരക്ഷാ അപകടങ്ങളിലേക്ക് നയിക്കുന്ന ജാവാസ്‌ക്രിപ്റ്റ് എഞ്ചിനിലെ പിഴവുകളും അനുചിതമായ നിര്‍വ്വഹണങ്ങളും കാരണമാണ് ഈ കേടുപാടുകള്‍ സംഭവിക്കുന്നതെന്ന് സിഇആര്‍ടി-ഇന്‍ പറയുന്നു. ടാര്‍ഗെറ്റഡ് സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യുന്നതിലൂടെ ഹാക്കര്‍മാര്‍ക്ക് ഈ കേടുപാടുകള്‍ മുതലെടുക്കാന്‍ കഴിയും.
ഐഒഎസ് ഉപയോക്താക്കള്‍ ആപ്പിള്‍ സ്റ്റോറില്‍ ചെന്ന് പുതിയ അപ്‌ഡേറ്റ് ഉണ്ടെങ്കില്‍ അത് അപ്‌ഡേറ്റ് ചെയ്യണം. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളും ആപ് സ്റ്റോറില്‍ ചെന്ന് അപ്‌ഡേറ്റ് ചെയ്യണം. ലാപ്പിലോ കംപ്യൂട്ടറിലോ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സെറ്റിംഗ്‌സില്‍ ചെന്ന് എബൗട്ട് ക്രോമില്‍ പോയി അപ്‌ഡേറ്റ് ചെയ്യാം. ഈ കേടുപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ഏറ്റവും പുതിയ പതിപ്പിലേക്ക് ക്രോമിനെ അപ്‌ഡേറ്റ് ചെയ്യാനാണ് സിഇആര്‍ടിഇന്നും ഗൂഗിളും ശക്തമായി ശുപാര്‍ശ ചെയ്യുന്നത്.
ഗൂidള്‍ അതിന്റെ ക്രോം ബ്രൗസറില്‍ ഈ കേടുപാടുകള്‍ പരിഹരിക്കുന്ന ഒരു അപ്ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ഗൂഗ്ള്‍ ക്രോമിന്റെ 129.0.6668.70 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതും ഗുണം ചെയ്യും. ക്രോം പതിപ്പ് പരിശോധിച്ച് അത് അപ്‌ഡേറ്റ് ചെയ്യാനായി ക്രോം ഓപ്പണ്‍ ചെയ്ത ശേഷം മുകളില്‍ വലത് ഭാഗത്ത് കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഹെല്‍പ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതില്‍ കാണുന്ന അപ്‌ഡേറ്റില്‍ ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ക്ലിക്ക് ചെയ്യുക.