ലോസ് ആഞ്ചലസ്: കാബിന്‍ പ്രഷറൈസേഷന്‍ സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം അതിവേഗം 9,000 അടിയിലേക്ക് താഴ്ത്തി. ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ബോയിംഗ് 737- 900ഇആര്‍ വിമാനമാണ് സാള്‍ട്ട് ലേക്ക് സിറ്റി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അടിയന്തരമായി ഉയരം കുറച്ചത്.
സംഭവത്തിനിടെ വിമാനത്തിലെ ഓക്‌സിജന്‍ മാസ്‌കുകള്‍ സ്വമേധയാ പുറത്തുവന്നു. യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാക്കിയ സംഭവത്തില്‍ വിമാനം പിന്നീട് സുരക്ഷിതമായ ഉയരത്തിലെത്തിയതിനാല്‍ വലിയ അപകടമൊന്നും ഉണ്ടായില്ല. കാബിനിലെ മര്‍ദം പെട്ടെന്ന് കുറഞ്ഞതാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ഫ്‌ളൈറ്റ് ഡ്രാമ എക്‌സില്‍ പങ്കുവെച്ച കോക്പിറ്റ് ഓഡിയോയില്‍ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് അടിയന്തര സാഹചര്യം വ്യക്തമായി വിശദീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. യാത്ര ചെയ്ത ഒരാള്‍ റെഡ്ഡിറ്റില്‍ അനുഭവം പങ്കുവെക്കുകയും പ്രഷറൈസേഷന്‍ സംവിധാനത്തിന്റെ തകരാറാണ് സംഭവത്തിന് കാരണമെന്നും ഇത് 'വളരെ ആഘാതകരമായ അനുഭവമായിരുന്നു' എന്നു വ്യക്തമാക്കുകയും ചെയ്തു.
പ്രഷറൈസേഷന്‍ സംവിധാനം തകരാറിലായതോടെ ഓക്‌സിജന്‍ മാസ്‌കുകള്‍ സ്വമേധയാ താഴേക്ക് പതിച്ചു. യാത്രക്കാര്‍ക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയുന്ന വിധത്തില്‍ 9,000 മുതല്‍ 10,000 അടി വരെയുള്ള ഉയരത്തിലേക്ക് വിമാനം അടിയന്തരമായി താഴ്‌ത്തേണ്ടിവന്നു.
സംഭവസമയത്ത് വിമാനം ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായിരുന്നു. പൈലറ്റുമാര്‍ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയും വിമാനം ലാസ് വെഗാസിലേക്ക് തിരിച്ചുവിടുകയും ചെയ്തു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
കുറച്ചുസമയം ലാസ് വെഗാസില്‍ നിര്‍ത്തിയിട്ട വിമാനം പരിശോധിക്കുകയും പ്രഷറൈസേഷന്‍ തകരാറിന് കാരണമായ ചെറിയ വാല്‍വ് തകരാറോ സോഫ്റ്റ്വെയര്‍ പ്രശ്‌നമോ പരിഹരിക്കുകയും ചെയ്തുവെന്നാണ് സൂചന. പിന്നീട് ഇതേ വിമാനം സാള്‍ട്ട് ലേക്ക് സിറ്റിയിലേക്ക് പുറപ്പെടുകയും അന്ന് വൈകുന്നേരം സുരക്ഷിതമായി അവിടെ ലാന്‍ഡ് ചെയ്യുകയും ചെയ്തു.
വിമാനം പെട്ടെന്ന് താഴേക്ക് ഇറങ്ങിയപ്പോള്‍ ചെവിയില്‍ ശക്തമായ വേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്തതായി യാത്രക്കാര്‍ പറഞ്ഞു. ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിച്ചിരുന്ന സമയത്ത് വിമാന ജീവനക്കാരുടെ അറിയിപ്പുകള്‍ പോലും വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.
ഈ വര്‍ഷം ഡെല്‍റ്റ വിമാനത്തില്‍ പ്രഷറൈസേഷന്‍ തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി ഉയരം കുറയ്‌ക്കേണ്ടിവരുന്ന രണ്ടാമത്തെ സംഭവമാണിത്.
ജനുവരിയില്‍ എയര്‍ബസ് എ319 വിമാനം 36,000 അടി ഉയരത്തില്‍നിന്ന് 10,000 അടിയില്‍ താഴേക്ക് അതിവേഗം താഴ്ന്നിരുന്നു. കാബിനിലെ മര്‍ദം പതുക്കെ ചോര്‍ന്നതായിരുന്നു അന്ന് കാരണം. എന്നാല്‍ മര്‍ദം ക്രമേണ കുറയുന്നതായി പൈലറ്റുമാര്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
