കീവ്: അമേരിക്കയുടെ സമാധാനശ്രമങ്ങൾക്കിടെ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ വീണ്ടും ആക്രമണം ശക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.
കീവിലെ രണ്ട് ജില്ലകളിലെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി നഗര അധികൃതർ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകൾ കീവിന് നേരെ വിക്ഷേപിച്ചതായും അധികൃതർ വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് നഗരത്തിൽ വ്യോമാക്രമണ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാൻ നിർദേശിക്കുകയും ചെയ്തു.
'വ്യോമാക്രമണ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ദയവായി അഭയകേന്ദ്രങ്ങളിൽ തുടരുക,' അധികൃതർ ടെലിഗ്രാമിലൂടെ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാനനീക്കങ്ങൾക്കിടെയാണ് റഷ്യയുടെ പുതിയ ആക്രമണം. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും മരുമകൻ ജാരഡ് കുഷ്‌നറും ഞായറാഴ്ച കീവിലെത്തി യുക്രെയ്ൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് തൊട്ടുമുമ്പ് ഇരുവരും മോസകോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി നിർണായക കൂടിക്കാഴ്ചയും നടത്തിയിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ തേടുന്നതിനിടെയാണ് കീവിൽ വീണ്ടും മിസൈൽ ആക്രമണം ഉണ്ടായിരിക്കുന്നത്. അതിനാൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യയുടെ പുതിയ ആക്രമണം തിരിച്ചടിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
മൂന്ന് ദിവസത്തെ ആക്രമണ ഇടവേളയ്ക്കുശേഷമുള്ള പുതിയ ആക്രമണം യുദ്ധഭൂമിയിലെ സംഘർഷം ഇപ്പോഴും ശക്തമായി തുടരുന്നതിന്റെ സൂചനയാണ്. അതേസമയം, കീവിലെ ആക്രമണത്തിൽ ആളപായമുണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സമാധാന ചർച്ചകൾ മുന്നോട്ടുപോകുമോ, അതോ പുതിയ ആക്രമണങ്ങൾ സംഘർഷം കൂടുതൽ രൂക്ഷമാക്കുമോ എന്നതാണ് ഇനി അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കീവിൽ വീണ്ടും റഷ്യൻ ആക്രമണം; സഫോടനങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാട്
