ഒക്ടോബര്‍ 7; ഹമാസ് നീക്കത്തെക്കുറിച്ച് നെതന്യാഹുവിന് യു എ ഇ മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട്

ഒക്ടോബര്‍ 7; ഹമാസ് നീക്കത്തെക്കുറിച്ച് നെതന്യാഹുവിന് യു എ ഇ മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട്


ദുബൈ: 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നതിന് ഏകദേശം പത്ത് ദിവസം മുമ്പ്, ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ ആസൂത്രണം ചെയ്യുന്ന വലിയ സൈനിക നീക്കത്തെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.

എന്നാല്‍ ഈ വിവരം ഇസ്രയേലിന്റെ സുരക്ഷാ നേതൃത്വത്തിലെത്തിയില്ലെന്നും മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നെതന്യാഹു നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഹാരെറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേലി മാധ്യമ പ്രവര്‍ത്തകരായ ഷ്‌ലോമി എല്‍ദാറും റൂത്ത് യുവാലും ചേര്‍ന്ന് രചിച്ച 'കിഡ്‌നാപ്പ്ഡ്: 843 ഡേയ്‌സ് ഓഫ് അബാന്‍ഡണ്‍മെന്റ്' എന്ന പുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഇസ്രയേലിലെയും മറ്റ് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരുമായി നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2023 സെപ്റ്റംബര്‍ അവസാനത്തോടെ നെതന്യാഹുവും മുഹമ്മദ് ബിന്‍ സായിദും തമ്മില്‍ 45 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടന്നിരുന്നതായി മൂന്ന് മുതിര്‍ന്ന വിദേശ ഉദ്യോഗസ്ഥര്‍ പിന്നീട് അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഗസ്സയില്‍നിന്ന് നേരത്തെ യു എ ഇയിലേക്ക് താമസം മാറിയ യു എ ഇ പ്രസിഡന്റിന്റെ ഫലസ്തീന്‍കാര്യ ഉപദേശകനെയും ഹാരെറ്റ്‌സ് ഉദ്ധരിക്കുന്നുണ്ട്. സംഭാഷണത്തെക്കുറിച്ച് നേരിട്ട് അറിവുണ്ടെന്ന് ഉപദേശകന്‍ അവകാശപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിന്‍വാര്‍ ഇസ്രയേലിനെതിരെ വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ബിന്‍ സായിദ് നെതന്യാഹുവിനെ അറിയിച്ചതായാണ് ഉപദേശകന്റെ വെളിപ്പെടുത്തല്‍. ആക്രമണം വലിയ രക്തച്ചൊരിച്ചിലിനും മേഖലയില്‍ അസ്ഥിരതയ്ക്കും കാരണമാകുമെന്നും യു എ ഇയും ഇസ്രയേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തമ്മിലുള്ള അബ്രഹാം കരാറുകള്‍ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

'സിന്‍വാര്‍ വലിയൊരു നീക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് തന്റെ വിലയിരുത്തലെന്ന് അമീര്‍ വിശദീകരിച്ചു. ഇസ്രയേല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നെതന്യാഹുവിനോട് പറഞ്ഞു. അതേസമയം, ഗസ്സയിലെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരം കണ്ടെത്താനും സംഘര്‍ഷം ഒഴിവാക്കാന്‍ വെസ്റ്റ് ബാങ്കിലെ സാഹചര്യം ശാന്തമാക്കാനും അദ്ദേഹം നിര്‍ദേശിച്ചു,' ഉപദേശകനെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നെതന്യാഹുവിന്റെ പ്രതികരണം ബിന്‍ സായിദിനെ അമ്പരപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയിലെ സംഭവവികാസങ്ങള്‍ ഇസ്രയേല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതിഗതികളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള നിലപാടാണ് സംഭാഷണത്തിനിടെ നെതന്യാഹു സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഹമാസ് വെസ്റ്റ് ബാങ്കിലായിരിക്കും പ്രധാനമായും ആക്രമണത്തിന് ശ്രമിക്കുകയെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടതായും ഏത് സാഹചര്യവും നേരിടാന്‍ ഇസ്രയേല്‍ തയ്യാറാണെന്ന് യു എ ഇ പ്രസിഡന്റിന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023 ഒക്ടോബര്‍ 7ന് ഹമാസ് നേതൃത്വത്തിലുള്ള സായുധസംഘം ഇസ്രയേലിലേക്ക് അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തുകയായിരുന്നു. തെക്കന്‍ ഇസ്രയേലി സമൂഹങ്ങളില്‍ നടന്ന ആക്രമണത്തില്‍ ഭൂരിഭാഗവും സാധാരണക്കാരുള്‍പ്പെടെ 1,200 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ബന്ദികളാക്കി ഗസ്സയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സംഘര്‍ഷം പശ്ചിമേഷ്യയിലെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.

സിന്‍വാറിന്റെ പദ്ധതികളെക്കുറിച്ച് നേരത്തെയും മുന്നറിയിപ്പുകള്‍

ബിന്‍ സായിദിന് ലഭിച്ച വിവരങ്ങളുടെ ഉറവിടം സിന്‍വാര്‍ തന്നെയായിരുന്നുവെന്നാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 മധ്യത്തോടെ ഇസ്രയേലുമായി ഫലസ്തീന്‍ തടവുകാരുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കാത്തതില്‍ സിന്‍വാര്‍ നിരാശനായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ വര്‍ഷം ഇസ്രയേലിന്റെ ഷിന്‍ ബെറ്റും ഹമാസും രഹസ്യമായി നേരിട്ടുള്ള ആശയവിനിമയ സംവിധാനം ആരംഭിച്ചിരുന്നു. ഇതിലൂടെ നടന്ന ചര്‍ച്ചകള്‍ തടവുകാരുടെ കൈമാറ്റ കരാറിലേക്ക് അടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പ് ഇസ്രയേല്‍ മന്ത്രിതല സമിതിയുടെ അംഗീകാരം ആവശ്യമായിരുന്നു. നെതന്യാഹു ഈ സമിതി വിളിച്ചുചേര്‍ക്കുന്നത് പലതവണ വൈകിപ്പിച്ചതായും ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹമാസുമായി ധാരണയിലെത്തുന്നതിനെക്കുറിച്ചുള്ള ആശങ്കയോ തന്റെ പുതിയ സര്‍ക്കാരിലെ തീവ്ര നിലപാടുള്ള സഖ്യകക്ഷികളുടെ പ്രതികരണത്തെക്കുറിച്ചുള്ള ഭയമോ ആയിരിക്കാം കാലതാമസത്തിന് കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

രഹസ്യ ചര്‍ച്ചകളില്‍ പങ്കെടുത്ത ഷിന്‍ ബെറ്റ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന ആശങ്ക നെതന്യാഹു നേരത്തെ ഉന്നയിച്ചിരുന്നതായി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലതാമസം ആഴ്ചതോറും തുടരുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് സിന്‍വാര്‍ കൂടുതല്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ ഇടനിലക്കാരന്‍ മുഖേന താന്‍ ഒരു 'സില്‍സാല്‍' അഥവാ 'ഭൂകമ്പം' തയ്യാറാക്കുകയാണെന്ന് സന്ദേശമയച്ചതായും പിന്നീട് ആസൂത്രണം ചെയ്ത നീക്കത്തെ 'എല്ലാ അത്ഭുതങ്ങളുടെയും മാതാവ്', 'ഭയാനകമായ ആക്രമണം' എന്നിങ്ങനെ വിശേഷിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാലയളവില്‍ ഷിന്‍ ബെറ്റും ഹമാസും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയ സംവിധാനവും നിര്‍ത്തിവച്ചിരുന്നു. തടസ്സപ്പെട്ട ബന്ദി മോചന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ 2024 സെപ്റ്റംബറില്‍ ഈ ആശയവിനിമയ സംവിധാനം പൂര്‍ണമായി പുനഃസ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കിയിരുന്നു

സിന്‍വാറില്‍ നിന്നുള്ള മുന്നറിയിപ്പ് സെപ്റ്റംബര്‍ 15ന് ഷിന്‍ ബെറ്റിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അന്നത്തെ ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാര്‍ ഇക്കാര്യം നെതന്യാഹുവിനെ ധരിപ്പിച്ചു.

രണ്ട് ദിവസത്തിന് ശേഷം മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഇസ്രയേല്‍ 'സംഘര്‍ഷത്തിലേക്ക് നേരിട്ട് നീങ്ങുകയാണെന്ന്' റോണന്‍ ബാര്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതായും ജൂത മതപരമായ അവധി ദിവസങ്ങള്‍ക്ക് മുമ്പ് ഗസ്സയിലും വെസ്റ്റ് ബാങ്കിലും വലിയ സൈനിക നടപടി സ്വീകരിക്കുകയോ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല.

സുരക്ഷാ വിവരങ്ങളോട് ഇസ്രയേല്‍ മതിയായ പ്രതികരണം നടത്തിയില്ലെന്ന നിഗമനത്തിലെത്തിയ യു എ ഇ നേതൃത്വം പിന്നീട് നെതന്യാഹുവിനെ നേരിട്ട് ബന്ധപ്പെടാന്‍ ബിന്‍ സായിദിനെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈജിപ്തിന്റെ രഹസ്യാന്വേഷണ മേധാവി അബ്ബാസ് കമാലിനും സമാനമായ വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം നെതന്യാഹുവിനെ വിളിച്ച് ഹമാസ് 'അസാധാരണവും ഭയാനകവുമായ ഒരു ആക്രമണത്തിന്' തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഗസ്സയിലെ സ്ഥിതിഗതികള്‍ ഇസ്രയേലിന്റെ നിയന്ത്രണത്തിലാണെന്നും വെസ്റ്റ് ബാങ്കിലേക്കാണ് ഇസ്രയേല്‍ കൂടുതല്‍ ശ്രദ്ധയും സൈനിക വിന്യാസവും നല്‍കുന്നതെന്നും നെതന്യാഹു മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ ഒന്നിന് നടന്ന മറ്റൊരു സുരക്ഷാ യോഗത്തില്‍ യു എ ഇ പ്രസിഡന്റില്‍നിന്നും ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ മേധാവിയില്‍നിന്നും ലഭിച്ച മുന്നറിയിപ്പ് ഫോണ്‍കോളുകളെക്കുറിച്ച് നെതന്യാഹു വെളിപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് നിഷേധിച്ച് നെതന്യാഹുവിന്റെ ഓഫീസ്

അതേസമയം, ഹാരെറ്റ്‌സ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നെതന്യാഹുവിന്റെ ഓഫീസ് ശക്തമായി നിഷേധിച്ചു. ആരോപണങ്ങള്‍ 'തികച്ചും കള്ളം' ആണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

'പ്രസ്തുത കാലയളവില്‍ പ്രധാനമന്ത്രി നെതന്യാഹു യു എ ഇ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ല. അദ്ദേഹത്തില്‍നിന്ന് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല,' പ്രധാനമന്ത്രിയുടെ ഓഫീസ് ഹാരെറ്റ്‌സിനോട് വ്യക്തമാക്കി.

റിപ്പോര്‍ട്ടിനോട് പ്രതികരിക്കണമെന്ന ഹാരെറ്റ്‌സിന്റെ അഭ്യര്‍ഥനയില്‍ യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.