വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ നിരോധനം

വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ നിരോധനം


ലണ്ടന്‍: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ നിരോധനം പ്രഖ്യാപിച്ചു. ഇസ്രായേലുമായുള്ള ബന്ധത്തില്‍ പുതിയ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായും പാലസ്തീന്‍ രാഷ്ട്രപദവിയോടുള്ള പ്രതിബദ്ധത വീണ്ടും വ്യക്തമാക്കുന്നതിന്റെയും ഭാഗമായാണ് സഖ്യരാജ്യങ്ങളുടെ നടപടി.

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റ വ്യാപനവും കുടിയേറ്റക്കാരുടെ അക്രമവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇസ്രായേല്‍ സര്‍ക്കാര്‍ നടത്തുന്ന വെസ്റ്റ് ബാങ്കിലെ വ്യാപനം നിയമവിരുദ്ധമാണെന്ന് ബ്രിട്ടന്‍ സമ്മതിക്കുന്നതായി വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് എം പിമാരോട് പറഞ്ഞു.

വെസ്റ്റ് ബാങ്കിന്റെ ചില മേഖലകളില്‍ പാലസ്തീനികളെ 'വംശീയമായി പുറത്താക്കുന്ന സാഹചര്യം' നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'ഇസ്രായേല്‍ സര്‍ക്കാര്‍ പലപ്പോഴും ഇതിന് നേരെ കണ്ണടച്ചിട്ടുണ്ട്,' മിലിബാന്‍ഡ് പറഞ്ഞു.

'കൂടുതല്‍ ദുരിതത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ തകര്‍ച്ചയ്ക്കും നിശ്ശബ്ദ സാക്ഷികളായി തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല,' അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഉപരോധം പ്രായോഗികമായി എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെസ്റ്റ് ബാങ്കില്‍ നിന്നും ഇസ്രായേലില്‍ നിന്നുമുള്ള ഉത്പന്നങ്ങളില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ഉത്പാദിപ്പിക്കുന്നവയും പാലസ്തീന്‍ പൗരന്മാര്‍ ഉത്പാദിപ്പിക്കുന്നവയും എങ്ങനെ വേര്‍തിരിച്ചറിയുമെന്നതും വെല്ലുവിളിയാണ്.

വിശാലമായ അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളുമായി ഏകോപിച്ചായിരിക്കും ബ്രിട്ടന്‍ നടപടി സ്വീകരിക്കുകയെന്നും മിലിബാന്‍ഡ് പറഞ്ഞു. ഫ്രാന്‍സും കാനഡയും ഇതിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അധിനിവേശ പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍- നൊയല്‍ ബാരോ എക്‌സില്‍ കുറിച്ചു. സമാന പ്രതിബദ്ധത പ്രകടിപ്പിച്ച മറ്റ് 11 രാജ്യങ്ങള്‍ക്കൊപ്പം ഫ്രാന്‍സും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇസ്രായേലികളുടെയും പാലസ്തീനികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തെ ഫ്രാന്‍സിന് വ്യാപാരത്തിലൂടെ പിന്തുണയ്ക്കാനാവില്ല,' ബാരോ വ്യക്തമാക്കി.

ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നിവയുടെ ഏകോപിത ഉപരോധത്തിനെതിരെ ഇസ്രായേല്‍ ശക്തമായി പ്രതികരിച്ചു. ബ്രിട്ടീഷ് അംബാസഡറെ കിഴക്കന്‍ ജറുസലേമില്‍ നിന്ന് പുറത്താക്കണമെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ആവശ്യപ്പെട്ടു.

പാലസ്തീന്‍ അതോറിറ്റിയുടെ ചുമതലയിലുള്ള ബ്രിട്ടീഷ് കോണ്‍സുലേറ്റ് ജറുസലേമില്‍ അടച്ചുപൂട്ടണമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍-ഗ്വിര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

ബ്രിട്ടന്‍ ഇസ്രായേലിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പില്‍ ഇടപെടുകയാണെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ആരോപിച്ചു. വ്യാപാര ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം 'ഗുരുതരമായ പിഴവായിരിക്കും; ചരിത്രത്തിന്റെ തെറ്റായ വശത്തായിരിക്കും ഈ തീരുമാനം ഇടംപിടിക്കുക' എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധ നടപടികളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇസ്രായേലിലെ യു എസ് അംബാസഡര്‍ മൈക്ക് ഹക്കബീ ബ്രിട്ടനെതിരെ 'ജൂതവിരോധം' ആരോപിച്ചു.

ബ്രിട്ടനെതിരെ വ്യാപാര നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് അമേരിക്കന്‍ സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് ഫ്‌ളോറിഡ, പരിഗണിച്ചേക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ന്യൂയോര്‍ക്കില്‍ ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനം നടക്കാനിരിക്കെ, സമ്മേളനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളുടെ പുതിയ നടപടി.