ഇറാന്റെ എണ്ണ വരുമാനത്തില്‍ കരിന്തിരി; രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി

ഇറാന്റെ എണ്ണ വരുമാനത്തില്‍ കരിന്തിരി; രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി


അമേരിക്കയുടെ നാവിക ഉപരോധത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുകയും ചൈനയിലേക്കുള്ള ഇറാനിയന്‍ എണ്ണശേഖരം കുറഞ്ഞുവരികയും ചെയ്യുന്നതോടെ ഇറാന്റെ പ്രധാന വിദേശനാണയ സ്രോതസ്സായ എണ്ണ വരുമാനം വന്‍തോതില്‍ ഇടിയുന്നതായി റിപ്പോര്‍ട്ട്. ഇതിനകം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഇറാന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് കൂടുതല്‍ തിരിച്ചടിയായേക്കും.

ജൂലൈ മധ്യത്തില്‍ അമേരിക്കന്‍ നാവികസേന ഉപരോധം പുനഃസ്ഥാപിച്ചതിനുശേഷം ഒരു ഇറാനിയന്‍ ക്രൂഡ് ഓയില്‍ ചരക്കും ഉപരോധരേഖ കടന്നിട്ടില്ലെന്നാണ് കപ്പല്‍ ഗതാഗത നിരീക്ഷണ സ്ഥാപനമായ കെപ്ലറിന്റെ കണക്ക്. ഇറാന്‍ ഇപ്പോഴും ചെറിയ അളവില്‍ ടാങ്കറുകളിലേക്ക് എണ്ണ കയറ്റുന്നുണ്ടെങ്കിലും ഈ ചരക്കുകള്‍ ഗള്‍ഫ് മേഖലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം, ഉപരോധ രേഖയ്ക്ക് പുറത്തുള്ള ടാങ്കറുകളില്‍ സൂക്ഷിച്ചിരുന്ന ഇറാനിയന്‍ ക്രൂഡ് ഓയില്‍ ശേഖരം ജൂലൈ മധ്യത്തിലെ ഏകദേശം ഒമ്പത് കോടി ബാരലില്‍നിന്ന് 2.9 കോടി ബാരലായി കുറഞ്ഞതായി കെപ്ലര്‍ അറിയിച്ചു. ഈ ശേഖരം അടുത്ത മാസം തന്നെ തീര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇറാനിയന്‍ എണ്ണ കാര്‍ഗോകളുടെ എണ്ണം വളരെ കുറവാണെന്ന് ഗള്‍ഫ് മേഖലയിലെ എണ്ണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.

യുദ്ധം ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഇറാന്റെ പ്രധാന വിദേശനാണയ വരുമാന സ്രോതസായ എണ്ണക്കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ്. ഇറാനിയന്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിയുകയും പണപ്പെരുപ്പം വര്‍ധിക്കുകയും സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തിരിച്ചടി.

അമേരിക്കന്‍ സമ്മര്‍ദം; ഇറാന്റെ തിരിച്ചടിക്കുള്ള സാധ്യതയും

സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിച്ചാല്‍ ഇറാന്‍ ഇളവുകള്‍ക്ക് തയ്യാറാകുമെന്ന അമേരിക്കയുടെ കണക്കുകൂട്ടലിനെയും നിലവിലെ സാഹചര്യം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കുന്നത് ഇറാനില്‍നിന്നുള്ള ശക്തമായ തിരിച്ചടികള്‍ക്ക് ഇടയാക്കാമെന്ന് ഗള്‍ഫ് ഉദ്യോഗസ്ഥരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.

ഇറാന്‍ രണ്ട് അമേരിക്കന്‍ നാവിക യുദ്ധക്കപ്പലുകള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച അമേരിക്ക മൂന്ന് ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് ഇരയായ കപ്പലുകളില്‍ ഒരു വിമാനവാഹിനിക്കപ്പലുമായി ബന്ധപ്പെട്ട നാവിക സേനയും ഉള്‍പ്പെട്ടിരുന്നു.

'സൈനികവും ഭൗമരാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇറാനിയന്‍ ഭരണകൂടം എത്രത്തോളം സാമ്പത്തിക ദുരിതം സഹിക്കാന്‍ തയ്യാറാകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇനി പല കാര്യങ്ങളും തീരുമാനിക്കപ്പെടുക' എന്ന് ക്യാപിറ്റല്‍ ഇക്കണോമിക്‌സിലെ സാമ്പത്തിക വിദഗ്ധന്‍ ഹമദ് ഹുസൈന്‍ പറഞ്ഞു.

ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം ശക്തമാകുന്നതിനെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് സാമൂഹിക മാധ്യമമായ എക്‌സിലൂടെയും ചൂണ്ടിക്കാട്ടി. ഇറാന്റെ എണ്ണക്കയറ്റുമതിയും കറന്‍സി മൂല്യവും ഇടിയുന്നതിനെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന പോസ്റ്റും അദ്ദേഹം പങ്കുവെച്ചു.

സര്‍ക്കാര്‍ ബജറ്റിനും സൈനിക ചെലവുകള്‍ക്കും തിരിച്ചടി

ഇറാന്റെ സര്‍ക്കാര്‍ ബജറ്റിന്റെ ഏകദേശം മൂന്നിലൊന്ന് എണ്ണവരുമാനത്തെയാണ് ആശ്രയിക്കുന്നത്. രാജ്യത്തിന്റെ സൈനിക ചെലവുകള്‍ക്കും എണ്ണ വില്‍പ്പനയില്‍നിന്നുള്ള വരുമാനം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഉള്‍പ്പെടെയുള്ള സായുധ സേന പ്രത്യേക കമ്പനികളുടെയും രഹസ്യ കപ്പല്‍ ശൃംഖലകളുടെയും സഹായത്തോടെ എണ്ണ വില്‍പ്പന നടത്തി ബജറ്റ് വര്‍ധിപ്പിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ട്രഷറി വകുപ്പ് ആരോപിക്കുന്നു.

ഓഗസ്റ്റില്‍ ഗള്‍ഫിനുള്ളിലെ കപ്പലുകളിലേക്ക് ഇറാന്‍ പ്രതിദിനം ശരാശരി 2.55 ലക്ഷം ബാരല്‍ എണ്ണയാണ് കയറ്റിയതെന്ന് കെപ്ലര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ശരാശരിയേക്കാള്‍ ഇത് 85 ശതമാനം കുറവാണ്. പുതുതായി കയറ്റിയ എണ്ണ ഉപരോധരേഖയ്ക്ക് പിന്നില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ വാങ്ങുന്നവരിലേക്ക് എത്തിക്കാനും കഴിഞ്ഞിട്ടില്ല.

ജൂണ്‍ മധ്യത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ രൂപപ്പെട്ട ധാരണാപത്രവും തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ ഉപരോധത്തില്‍ വന്ന ഇളവും ഇറാന് ഗണ്യമായ അളവില്‍ എണ്ണ വിദേശത്തേക്ക് മാറ്റാന്‍ സഹായിച്ചിരുന്നു. പിന്നീട് വിതരണം ചെയ്യുന്നതിനായി വിദേശ കപ്പലുകളില്‍ സൂക്ഷിച്ചിരുന്ന ഈ എണ്ണയുടെ വരുമാനമാണ് ഇപ്പോള്‍ ഇറാന്റെ പ്രധാന ആശ്രയം.

'എണ്ണ വില്‍ക്കുന്നതും ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതുമായ പ്രക്രിയ പേര്‍ഷ്യന്‍ ഗള്‍ഫില്‍നിന്നും ഒമാന്‍ കടലില്‍നിന്നും ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണ് നടന്നത്,' എന്ന് ഇറാന്‍ എണ്ണമന്ത്രി മൊഹ്‌സെന്‍ പാക്‌നെജാദ് പറഞ്ഞു.

ചൈനയിലേക്കുള്ള വിതരണം നിലയ്ക്കുമോ?

നിലവില്‍ പ്രതിദിനം ഏകദേശം 10 ലക്ഷം ബാരല്‍ എണ്ണ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും ചൈനയിലേക്കാണെന്നും കെപ്ലര്‍ വിലയിരുത്തുന്നു. എന്നാല്‍ കടലില്‍ സൂക്ഷിച്ചിരിക്കുന്ന ഇറാനിയന്‍ എണ്ണശേഖരം ഒക്ടോബര്‍ മധ്യത്തോടെ തീര്‍ന്നേക്കാമെന്നാണ് കണക്ക്. മുമ്പ് വിതരണം ചെയ്ത ചരക്കുകള്‍ക്കുള്ള പണമിടപാടുകളും ഡിസംബര്‍ മധ്യത്തോടെ നിലയ്ക്കാന്‍ സാധ്യതയുണ്ട്.

ഇറാനിയന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായിക്കുന്ന ബാങ്കുകളെയും മറ്റ് സാമ്പത്തിക സംവിധാനങ്ങളെയും അമേരിക്കയുടെ പുതിയ ഉപരോധ നടപടികള്‍ ലക്ഷ്യമിടുന്നതിനാല്‍ നിലവിലുള്ള പണമിടപാടുകള്‍ പോലും കൂടുതല്‍ ബുദ്ധിമുട്ടിലാകുമെന്നാണ് സൂചന.

ചില ചൈനീസ് സ്ഥാപനങ്ങള്‍ ഇറാനിയന്‍ എണ്ണയ്ക്ക് പകരം സൗദി അറേബ്യ, ഇറാഖ്, യു എ ഇ എന്നിവിടങ്ങളില്‍നിന്നുള്ള ക്രൂഡ് ഓയിലിലേക്ക് തിരിയുന്നതായും ഗള്‍ഫ് മേഖലയിലെ ഊര്‍ജ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറാനിയന്‍ എണ്ണയുടെ ലഭ്യത കുറഞ്ഞതോടെ ചില സാഹചര്യങ്ങളില്‍ മത്സരിക്കുന്ന മറ്റ് എണ്ണയിനങ്ങളെക്കാള്‍ ഉയര്‍ന്ന വില നല്‍കേണ്ട സ്ഥിതിയിലേക്കും റിഫൈനറികള്‍ എത്തിയിട്ടുണ്ട്.

ഇറാഖ് ചില എണ്ണയിനങ്ങള്‍ക്ക് ബാരലിന് ഏകദേശം 30 ഡോളര്‍ വരെ വിലക്കിഴിവ് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ഏകദേശം 97 ഡോളറിലാണ് വ്യാപാരം നടന്നത്.

എണ്ണ ഉത്പാദനവും കുറയ്ക്കുന്നു

കയറ്റുമതി തടസ്സപ്പെട്ടതോടെ ഇറാന്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ നിര്‍ബന്ധിതമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിനുള്ളിലെ എണ്ണശേഖരം കാര്യമായി വര്‍ധിക്കാത്തത് ഉത്പാദനം ആഭ്യന്തര ആവശ്യങ്ങള്‍ക്ക് അനുസൃതമായി കുറച്ചതിന്റെ സൂചനയാണെന്ന് കെപ്ലറിലെ ക്രൂഡ് ഓയില്‍ വിശകലന വിഭാഗം മേധാവി ഹുമയൂന്‍ ഫലാക്ഷാഹി പറഞ്ഞു.

ഉപരോധം തുടര്‍ന്നാല്‍ ലഭ്യമായ സംഭരണശേഷി പൂര്‍ണമായതിനെ തുടര്‍ന്ന് ഇറാന്‍ ഉത്പാദനം ഗണ്യമായി കുറയ്‌ക്കേണ്ടിവരുമെന്ന വിദഗ്ധരുടെ മുന്‍ പ്രവചനം യാഥാര്‍ഥ്യമാകുന്നതായാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

കര മാര്‍ഗമുള്ള കയറ്റുമതിയിലൂടെ വലിയ ആശ്വാസം ലഭിക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു. ട്രക്കുകളിലൂടെയോ റെയില്‍ മാര്‍ഗത്തിലൂടെയോ കടല്‍ക്കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ അളവില്‍ മാത്രമേ എണ്ണ മാറ്റാനാകൂ. ഇറാനില്‍ ക്രൂഡ് ഓയിലോ ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളോ കൊണ്ടുപോകാന്‍ ആവശ്യമായ പ്രത്യേക റെയില്‍വാഗണുകളും ആവശ്യത്തിനില്ല.

ട്രക്കുകളിലൂടെ പരമാവധി പ്രതിദിനം 40,000 ബാരല്‍ എണ്ണ മാത്രമേ മാറ്റാന്‍ കഴിയൂ. യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 20 ലക്ഷം ബാരലിനോട് അടുത്തിരുന്ന ഇറാന്റെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയ അളവാണ്.

പെട്രോകെമിക്കല്‍ മേഖലയ്ക്കും തിരിച്ചടി

എണ്ണയ്ക്ക് ശേഷം ഇറാന്റെ രണ്ടാമത്തെ വലിയ വിദേശനാണയ വരുമാന സ്രോതസായ പെട്രോകെമിക്കല്‍ മേഖലയ്ക്കും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഈ മേഖലയ്ക്കും കടല്‍മാര്‍ഗമുള്ള കയറ്റുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 2026ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഗസ്റ്റോടെ പെട്രോകെമിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി കപ്പലുകളിലേക്കുള്ള ലോഡിങ് ഏകദേശം മൂന്നില്‍ രണ്ട് ഭാഗമായി കുറഞ്ഞതായി കെപ്ലര്‍ കണക്കാക്കുന്നു.

അതേസമയം, സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഗള്‍ഫിലെ മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഗണ്യമായ അളവില്‍ കയറ്റുമതി തുടരുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ അമേരിക്കന്‍ സംരക്ഷണത്തോടെ കപ്പല്‍ സംഘങ്ങളെ കടത്തിവിടുന്നതിനൊപ്പം സൗദി അറേബ്യയും യു എ ഇയും കടലിടുക്ക് ഒഴിവാക്കുന്ന പൈപ്പ്ലൈന്‍ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്.

80 ശതമാനത്തിലേറെ പണപ്പെരുപ്പം

ഇറാനിലെ സാമ്പത്തിക പ്രതിസന്ധി ഇതോടെ കൂടുതല്‍ ഗുരുതരമായിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 80 ശതമാനത്തിലധികമാണ്. ഈ വര്‍ഷം ഇറാന്‍ സമ്പദ്വ്യവസ്ഥ 5.4 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം. 1980-കള്‍ക്കുശേഷം രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എണ്ണക്കയറ്റുമതി കുറയുന്നത് റിയാലിനെ പിന്തുണയ്ക്കാനും അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതികള്‍ക്ക് പണം നല്‍കാനും ആവശ്യമായ വിദേശനാണയ ലഭ്യത കുറയ്ക്കും. ഇതോടെ ഇറക്കുമതി ചെലവ് ഉയരുകയും പണപ്പെരുപ്പം വീണ്ടും വര്‍ധിക്കുകയും ചെയ്യും.

ഓഗസ്റ്റില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദ പരിപാടി പ്രഖ്യാപിച്ചതിനുശേഷം ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ മൂല്യം ഏകദേശം 15 ശതമാനം ഇടിഞ്ഞതായും ഹമദ് ഹുസൈന്‍ പറഞ്ഞു.

വ്യാപാരമാര്‍ഗങ്ങള്‍ ചുരുങ്ങുന്നു

ഇറാന്റെ മൊത്തം വ്യാപാരം പൂര്‍ണമായും നിലച്ചിട്ടില്ല. മാര്‍ച്ച് മധ്യം മുതല്‍ ഓഗസ്റ്റ് മധ്യം വരെ ഇറാന്‍ ഏകദേശം 1500 കോടി ഡോളറിന്റെ എണ്ണേതര ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ മൂല്യം കുറവാണ്.

ഇറാന്റെ പ്രധാന വ്യാപാരകവാടങ്ങളിലൊന്നായ യു എ ഇയിലൂടെയുള്ള ഔദ്യോഗിക വ്യാപാരവും അടുത്തിടെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇറാനുമായുള്ള സാമ്പത്തിക, ധനകാര്യ ഇടപാടുകള്‍ യു എ ഇ കഴിഞ്ഞ മാസം സസ്പെന്‍ഡ് ചെയ്തതോടെയാണ് സ്ഥിതി മാറിയതെന്നാണ് വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നിരുന്നാലും ചില രഹസ്യ കമ്പനികളിലൂടെ വ്യാപാരം തുടരുന്നുണ്ട്.

തുര്‍ക്കി, ഇറാഖ്, ഒമാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലൂടെയും വ്യാപാരം മാറ്റിവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുമൂലം കൂടുതല്‍ സമയവും ചെലവും ആവശ്യമായി വരും.

സാമ്പത്തിക സമ്മര്‍ദത്തിന് മുന്നില്‍ ഇറാന്‍ വഴങ്ങുമോ?

വര്‍ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദം ഇറാനെ ചര്‍ച്ചാ മേശയില്‍ വഴങ്ങാന്‍ പ്രേരിപ്പിക്കുമെന്നതിന് വ്യക്തമായ സൂചനകളൊന്നും നിലവില്‍ കാണുന്നില്ലെന്നാണ് ഗള്‍ഫ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ വിശകലന വിദഗ്ധരുടെയും വിലയിരുത്തല്‍.

യമനിലെ ഹൂത്തി സഖ്യകക്ഷികള്‍ക്ക് ഇറാന്‍ കൂടുതല്‍ ആയുധങ്ങളും സൈനിക സഹായവും രഹസ്യാന്വേഷണ പിന്തുണയും നല്‍കുന്നതായി സൗദി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഇത് സൗദിയുടെ കപ്പല്‍ ഗതാഗതത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുമെന്നും മറ്റൊരു നിര്‍ണായക സമുദ്രപാതയിലും പ്രതിസന്ധി ഉണ്ടാക്കാമെന്നും ആശങ്കയുണ്ട്.

'അമേരിക്കയുടെ ഈ സാമ്പത്തിക പ്രചാരണം സാധാരണ ഇറാനിയന്‍ കുടുംബങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചര്‍ച്ചാ മേശയില്‍ ഇറാന്‍ കീഴടങ്ങുമോ എന്ന കാര്യത്തില്‍ എനിക്ക് വലിയ സംശയമുണ്ട്. ഇതുവരെ ലഭ്യമായ തെളിവുകള്‍ ഇറാനിയന്‍ ഭരണകൂടം പ്രതിരോധം തുടരാനാണ് സാധ്യതയെന്ന് സൂചിപ്പിക്കുന്നു'- യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ ഇറാന്‍ വിദഗ്ധ എലി ജെറാന്‍മയെ പറഞ്ഞു.