മോസ്‌കോ/ ന്യൂഡല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തിന്റെ അളവ് ഓരോ മാസവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് വര്‍ധിച്ചുവരുകയാണെന്ന് ക്രെംലിന്‍ അറിയിച്ചു. റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക നിര്‍ദേശിക്കുന്ന ശിക്ഷാനടപടികള്‍ നിയമവിരുദ്ധവും അന്യായവും അംഗീകരിക്കാനാവാത്തതുമാണെന്നും ക്രെംലിന്‍ വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ബ്രിക്‌സ് ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലും പങ്കെടുക്കുന്നതിന് ന്യൂഡല്‍ഹിയിലേക്ക് എത്തുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന വെര്‍ച്വല്‍ ബ്രീഫിങ്ങിലാണ് പെസ്‌കോവ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്പുട്‌നിക് മാധ്യമമാണ് ബ്രീഫിങ് സംഘടിപ്പിച്ചത്.
റഷ്യന്‍ എണ്ണയും മറ്റ് ഊര്‍ജ ഉത്പന്നങ്ങളും ഇന്ത്യ എത്രമാത്രം ഇറക്കുമതി ചെയ്യുന്നുവെന്ന ചോദ്യത്തിന് കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ പെസ്‌കോവ് തയ്യാറായില്ല. എന്നാല്‍, 'മനസ്സിലാക്കാവുന്ന കാരണങ്ങളാല്‍ കണക്കുകള്‍ പറയുന്നില്ല. ഓരോ മാസവും ഞങ്ങള്‍ പുതിയ റെക്കോര്‍ഡിലെത്തുകയാണ്' എന്ന് അദ്ദേഹം പറഞ്ഞു.
2022ല്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് വെട്ടിക്കുറച്ചതോടെയാണ് വിലക്കുറവില്‍ ലഭ്യമായ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ പ്രധാന വാങ്ങുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയത്. രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങളും ദേശീയ താത്പര്യവുമാണ് ഇറക്കുമതി തീരുമാനങ്ങള്‍ക്ക് അടിസ്ഥാനമെന്നും യു എന്‍ സംവിധാനത്തിന് പുറത്തുള്ള ഏകപക്ഷീയ ഉപരോധങ്ങളെ അംഗീകരിക്കുന്നില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യന്‍ എണ്ണയും വാതകവും ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കയ്ക്ക് അധികാരം നല്‍കുന്ന റഷ്യന്‍ ഉപരോധ ബില്ലിനെ പെസ്‌കോവ് രൂക്ഷമായി വിമര്‍ശിച്ചു. റഷ്യയുമായുള്ള മൂന്നാം രാജ്യങ്ങളുടെ വ്യാപാരം നിയന്ത്രിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ 'നിയമവിരുദ്ധവും അന്യായവും അംഗീകരിക്കാനാവാത്തതുമാണ്' എന്ന് അദ്ദേഹം പറഞ്ഞു.
ബ്രിക്‌സ് പങ്കാളി രാജ്യങ്ങളുമായുള്ള റഷ്യയുടെ വ്യാപാരത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ ദേശീയ കറന്‍സികളിലാണ് തീര്‍പ്പാക്കുന്നതെന്നും ഇത് ഏകദേശം 90 ശതമാനമാണെന്നും പെസ്‌കോവ് അവകാശപ്പെട്ടു. എന്നാല്‍, ഡോളര്‍ അധിഷ്ഠിത സംവിധാനത്തില്‍ നിന്ന് മാറുക എന്നത് റഷ്യയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില രാജ്യങ്ങള്‍ അവരുടെ കറന്‍സികളെ രാഷ്ട്രീയ സമ്മര്‍ദത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്ന സാഹചര്യമാണ് ദേശീയ കറന്‍സികളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 12, 13 തിയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രസിഡന്റ് പുടിന്‍ പങ്കെടുക്കുമെന്നും സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും പെസ്‌കോവ് സ്ഥിരീകരിച്ചു.
ഇരുനേതാക്കളും അടുത്തിടെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. പുടിനും മോഡിയും വ്യക്തിപരമായ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും വരാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ വ്യാപാരം, ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിപുലമായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും പെസ്‌കോവ് പറഞ്ഞു.
'സൗഹൃദപരമല്ലാത്ത രാജ്യങ്ങളില്‍' നിന്നുള്ള സമ്മര്‍ദം കാരണം ചില വിഷയങ്ങള്‍ രഹസ്യമായാണ് ചര്‍ച്ച ചെയ്യേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ റഷ്യയുടെ തന്ത്രപ്രധാന പങ്കാളിയായാണ് കാണുന്നതെന്നും റഷ്യയിലെ വിവിധ പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികള്‍ താത്പര്യം പ്രകടിപ്പിക്കുന്നതിനെ മോസ്‌കോ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് റഷ്യയ്ക്ക് അറിയാമെന്നും അത് വലിയൊരളവില്‍ റഷ്യയുടെ നിലപാടിനോട് യോജിക്കുന്നതാണെന്നും പെസ്‌കോവ് പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാണ് മോസ്‌കോ ആഗ്രഹിക്കുന്നതെന്നും സമാധാനശ്രമങ്ങളില്‍ സംഭാവന നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംഭാഷണവും ചര്‍ച്ചകളും വേണമെന്ന നിലപാടാണ് ഇന്ത്യ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്.
റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെയും പെസ്‌കോവ് പരാമര്‍ശിച്ചു. ന്യൂഡല്‍ഹി ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിവരുകയാണെന്നും തിരിച്ചറിയപ്പെടുന്നവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ- റഷ്യ പ്രതിരോധ സഹകരണത്തിനും പെസ്‌കോവ് വലിയ പ്രാധാന്യം നല്‍കി. കേവലം വാങ്ങുന്നവരും വില്‍ക്കുന്നവരും എന്ന ബന്ധത്തിനപ്പുറത്തേക്ക് ഇരു രാജ്യങ്ങളുടെയും പ്രതിരോധ സഹകരണം വളര്‍ന്നുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കുന്ന ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രഹ്മോസ് മിസൈലുകള്‍ കൂടുതല്‍ നവീകരിക്കാനും പുതിയ സവിശേഷതകള്‍ ഉള്‍പ്പെടുത്താനും അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ മത്സരക്ഷമവും ഫലപ്രദവുമാക്കാനും സമയമായതായി പെസ്‌കോവ് പറഞ്ഞു.
അതേസമയം, ബ്രിക്‌സ് പാശ്ചാത്യവിരുദ്ധ സഖ്യമാണെന്ന വാദം പെസ്‌കോവ് തള്ളി. 'ബ്രിക്‌സ് ചില പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെയുള്ള കൂട്ടായ്മയാണെന്ന വാദത്തോട് ഇന്ത്യയും യോജിക്കുന്നില്ല. ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കും അതിന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കുമുള്ള വേദിയാണ്. ഇത് ഒരു മൂന്നാം കക്ഷിക്കെതിരെയല്ല,' അദ്ദേഹം പറഞ്ഞു.
ബ്രിക്‌സ് അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പെസ്‌കോവ് പ്രശംസിക്കുകയും ന്യൂഡല്‍ഹി ഉച്ചകോടി വിജയകരമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
