അവര്‍ അതിശയിപ്പിക്കുന്ന ആളുകളാണ്

അവര്‍ അതിശയിപ്പിക്കുന്ന ആളുകളാണ്

Photo Caption


മാഡ്രിഡ്: ഇസ്രായേലി സംരംഭകനായ ടോമര്‍ ഗോള്‍ഡ്‌ബെര്‍ഗിന്റെ അഭിപ്രായത്തില്‍ 'അവര്‍ അതിശയിപ്പിക്കുന്ന ആളുകളാണ്'. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ സ്ഥാപകനും സെലിബ്രിറ്റി ഷെഫുമായ ജോസ് ആന്‍ഡ്രസിനേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരേയും സൂചിപ്പിച്ചാണ് ടോമര്‍ ഗോര്‍ഡ്‌ബെര്‍ഗ് ആര്‍മി റേഡിയോയോട് പറഞ്ഞത്. 

ഇസ്രായേല്‍ ആക്രമണത്തില്‍ താമസവും ഭക്ഷണവും ഇല്ലാതായിപ്പോയ പാലസ്തീനികളെ മാത്രമല്ല ഹമാസ് അധിനിവേശത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഇസ്രായേലികള്‍ക്ക് ഭക്ഷണവും ധനസഹായവും നല്‍കുന്നതിനും ബ്രദേഴ്‌സ് ഇന്‍ ആംസ് സന്നദ്ധ ശൃംഖലയെ സഹായിക്കാനും വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ രംഗത്തുണ്ടായിരുന്നു. ഇതുരണ്ടും സൂചിപ്പിച്ചായിരുന്നു ടോമര്‍ ഗോര്‍ഡ്‌ബെര്‍ഗിന്റെ അഭിപ്രായം. 

രാഷ്ട്രീയ അജണ്ടകളും ആശങ്കകളുമില്ലാതെ കാര്യക്ഷമതയോടെയാണ് അവര്‍ പവര്‍ത്തിക്കുന്നതെന്നും ടോമര്‍ കൂട്ടിച്ചേര്‍ത്തു. വിശക്കുന്ന അഭയാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അവര്‍ സഹായിക്കും. 

സ്‌പെയിനിലെ വടക്കന്‍ അസ്റ്റൂറിയസ് മേഖലയിലെ കല്‍ക്കരി ഖനന പട്ടണത്തില്‍ 1969-ല്‍ ജനിച്ച ആന്‍ഡ്രസ് 1991-ല്‍ യു എസിലേക്ക് പോകുന്നതിന് മുമ്പ് ബാഴ്‌സലോണക്ക് സമീപം ഫെറാന്‍ അഡ്രിയയുടെ പരീക്ഷണാത്മക എല്‍ ബുള്ളി റെസ്റ്റോറന്റില്‍ അപ്രന്റീസായി ജോലി ചെയ്തിരുന്നു. അവിടെ തപസ് റെസ്റ്റോറന്റ് ജലീയോ സ്ഥാപിച്ചു.

''മറ്റുള്ളവര്‍ സാഹചര്യം വിലയിരുത്തുമ്പോള്‍, ഞങ്ങള്‍ അപ്പോഴേക്കും ഭക്ഷണം നല്‍കുന്നു, ഈ പ്രക്രിയയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു'' എന്നാണ് ആന്‍ഡ്രസ് അടുത്തിടെ വാനിറ്റി ഫെയറിന്റെ സ്പാനിഷ് ഭാഷാ പതിപ്പിനോട് പറഞ്ഞത്.

മൂന്നു ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തെ തുടര്‍ന്ന് സഹായിക്കാന്‍ ഹെയ്തിയിലേക്ക് പോയ ശേഷമാണ് 2010-ല്‍ ആന്‍ഡ്രസ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ സ്ഥാപിച്ചത്. പ്രകൃതി ദുരന്തത്തിന്റെയോ മനുഷ്യ സംഘര്‍ഷത്തിന്റെയോ ഇടങ്ങളില്‍ അടിയന്തര സഹായം നല്‍കുന്ന മുന്‍നിര ദാതാക്കളില്‍ ഒരാളായി മാറി ആന്‍ഡ്രസിന്റെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ അഥവാ ഡബ്ല്യു സി കെ മാറി.

'ആദ്യം മുന്‍നിരകളിലേക്ക്' എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. 

2022 ഫെബ്രുവരിയില്‍ റഷ്യയുടെ അധിനിവേശത്തിന് അഞ്ച് ദിവസത്തിന് ശേഷം യുക്രെയ്‌നില്‍ പ്രവേശിച്ചതായും അഞ്ച് നഗരങ്ങളില്‍ റെസ്റ്റോറന്റുകള്‍ സ്ഥാപിച്ചതായും ചാരിറ്റി പറയുന്നു.

2021-ല്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ സംഭാവന സ്വീകരിക്കുകയും മുന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്ത ആന്‍ഡ്രസ് യു എസിലെ ഏറ്റവും ശക്തരായ ആളുകളുമായി ബന്ധം സ്ഥാപിച്ചു. 

2014-ല്‍ ഒബാമ സര്‍ക്കാര്‍ അദ്ദേഹത്തെ ഔട്ട്സ്റ്റാന്റിംഗ് അമേരിക്കന്‍ ബൈ ചോയ്‌സ് പുരസ്‌ക്കാരം നല്‍കി ആദരിച്ചു. 2015-ല്‍ നാഷണല്‍ ഹ്യുമാനിറ്റീസ് മെഡലും ലഭിച്ചു. 

ഒബാമയുടെ പിന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അത്ര സൗഹാര്‍ദ്ദപരമായിരുന്നില്ല.

ഗാസയിലെ അഭയാര്‍ഥികള്‍ക്ക് ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്നതിനിടയിലാണ് ഇസ്രായേല്‍ സേന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ സഹായ വാഹനങ്ങളെ ആക്രമിക്കുകയും ഏഴുപേര്‍ കൊലപ്പെടുകയും ചെയ്തത്. അതോടെ ഗാസയിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

കടല്‍മാര്‍ഗം ഗാസയിലേക്ക് കൊണ്ടുവന്ന 100 ടണ്‍ ഭക്ഷണം ഇറക്കുന്നതിന് മേല്‍നോട്ടം വഹിച്ചതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച വൈകിയാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ സഹായ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുക്കുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 'ദുരന്തവും' 'മനപ്പൂര്‍വമല്ലാത്ത' സംഭവവുമെന്ന് വിശേഷിപ്പിക്കുകയും ആവര്‍ത്തനം തടയാന്‍ 'എല്ലാം ചെയ്യുമെന്ന്' അറിയിക്കുകയും ചെയ്തു. 

ഒരു ദിവസം 350,000 പേര്‍ക്ക് ഭക്ഷണം നല്‍കുന്ന 67 വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ അടുക്കളകള്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാര്‍ച്ച് 26ന് അദ്ദേഹം പറഞ്ഞിരുന്നു.