വാഷിങ്ടണ്‍: പതിനായിരക്കണക്കിന് വിമാന യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ ഒരു മണിക്കൂറിനു ശേഷം പുനരാരംഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ഓപ്പറേറ്ററായ അമേരിക്കന്‍ എയര്‍ലൈന്‍സ് സാങ്കേതിക തകരാറിലെ തുടര്‍ന്ന് ഒരുമണിക്കൂറോളം നിര്‍ത്തിവെച്ചതോടെ ക്രിസ്മസ് പുതുവത്സര യാത്രകള്‍ പ്ലാന്‍ചെയ്തിരുന്ന പതിനായിരക്കണക്കിന് യാത്രക്കാര്‍ ആശങ്കയിലായിരുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഗ്രൗണ്ട് സ്റ്റോപ്പ് പിന്‍വലിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിച്ച് എയര്‍ലൈന്‍സ് അധികൃതര്‍ പ്രശ്‌നം അതിവേഗം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.
ക്രിസ്മസ് തലേന്ന് രാവിലെയാണ് പ്രശ്‌നമുണ്ടായത്. ഷെഡ്യൂള്‍ ചെയ്ത് ടേക്ക് ഓഫിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിമാനങ്ങള്‍ റദ്ദാക്കുകയോ ഗ്രൗണ്ട് ചെയ്യുകയോ ചെയ്തതിനാല്‍ വിമാനത്താവളത്തില്‍ നേരിടുന്ന അസൗകര്യങ്ങളെക്കുറിച്ച് നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) കുറിപ്പില്‍ എല്ലാ വിമാനങ്ങളും ഗ്രൗണ്ടുചെയ്യാന്‍ കമ്പനി അഭ്യര്‍ത്ഥിച്ചതായി അറിയിച്ചു. തുടര്‍ന്ന് കാരിയറിന്റെ ഓഹരികള്‍ 3.8% ഇടിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ ഔപചാരികമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും എക്‌സ്, ഫേസ്ബുക്ക്, ബ്ലൂസ്‌കി എന്നിവയില്‍ യാത്രക്കാരുടെ പരാതികളോട് പ്രതികരിച്ചു.
ആശങ്കയൊഴിഞ്ഞു; സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിവെച്ച അമേരിക്കന്‍ എയര്‍ലൈന്‍സ് സേവനം പുനരാരംഭിച്ചു