വാഷിംഗ്ടണ്‍: വിസകളും ഗ്രീന്‍ കാര്‍ഡുകളും അനുവദിക്കുന്ന യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) ഇമിഗ്രേഷന്‍ അപേക്ഷകളിലെ തിരിമറികള്‍ കണ്ടെത്താന്‍ സ്വന്തം പോലീസ് സേനയെ നിയമിക്കുന്നു.
അപേക്ഷകളില്‍ തിരിമറി നടത്തുന്നവരെയും അവരെ സഹായിക്കുന്നവരെയും അറസ്റ്റ് ചെയ്യുവാനുള്ള അധികാരമടക്കം പുതിയ സേനക്ക് നല്‍കപ്പെടും. പരമ്പരാഗതമായി സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങള്‍ക്കപ്പുറം പോകുന്ന ഈ നടപടി ഇമിഗ്രേഷന്‍ നയം കര്‍ക്കശമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിശ്ചയത്തിന്റെ പ്രതിഫലനമാണ്.
ഇമിഗ്രേഷന്‍ അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും അപേക്ഷകരെയോ അപേക്ഷകള്‍ തയ്യാറാക്കാന്‍ സഹായിച്ച അറ്റോണിമാരെയോ അടക്കം അറസ്റ്റ് ചെയ്യാനും നൂറുകണക്കിന് ഫെഡറല്‍തല ഏജന്റുമാരെ നിയമിക്കാനാണ് യു എസ് സി ഐ എസ് ഉദ്ദേശിക്കുന്നത്.
പ്രത്യേക പരിശീലനം നല്‍കപ്പെടുന്ന ഈ ഏജന്റുമാര്‍ക്ക് ഇമിഗ്രേഷന്‍ നിയമ ലംഘനങ്ങള്‍ക്കോ മറ്റ് ആഭ്യന്തര കുറ്റകൃത്യങ്ങള്‍ക്കോ ആയുധങ്ങളേന്താനും വ്യക്തികളെ അറസ്റ്റ് ചെയ്യാനും അനുവാദമുണ്ടായിരിക്കും.
ഇപ്പോള്‍ തന്നെ യു എസ് സി ഐ എസിന് അപേക്ഷകളിലെ തിരിമറികള്‍ കണ്ടെത്താന്‍ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് രൂപം നല്‍കിയ ഫ്രോഡ് ഡിറ്റക്ഷന്‍ ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുണ്ട്. അവര്‍ കണ്ടെത്തുന്ന തിരിമറികള്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് പ്രോസിക്യൂഷന് വിടുന്നതാണ് നിലവിലെ രീതി.
അവരുടെ പ്രവര്‍ത്തനരീതി വിശകലന വിദഗ്ദ്ധരുടേതാണ്. അതിനാല്‍ തന്നെ അവര്‍ക്ക് വാറണ്ട് പുറപ്പെടുവിക്കാനോ ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ അധികാരമില്ല. അവര്‍ക്ക് ആയുധങ്ങള്‍ കൊണ്ടുനടക്കാനുള്ള അധികാരവുമില്ല.