വാഷിങ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ (ഫെമ) വാഷിങ്ടണിലുള്ള ആസ്ഥാനത്തെ ഓഫീസില്‍ മൂട്ടശല്യത്തെത്തുടര്‍ന്ന് ജീവനക്കാരോട് വെള്ളിയാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി. 500 സി സ്ട്രീറ്റ് എസ്.ഡബ്ല്യു.വിലുള്ള ആസ്ഥാനത്തെ ഒരു ഓഫീസിലാണ് മൂട്ടകളെ കണ്ടെത്തിയത്.
ജീവനക്കാര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍സാഹചര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍ സമഗ്രമായ കീടനിയന്ത്രണ നടപടികള്‍ നടത്താനാണ് ഓഫീസ് താല്‍ക്കാലികമായി അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവം സ്ഥിരീകരിച്ച ഫെമ, കെട്ടിടം മുഴുവന്‍ മൂട്ടശല്യം ബാധിച്ചിട്ടില്ലെന്നും ഒരു ഓഫീസില്‍ മാത്രമാണ് പ്രശ്‌നം കണ്ടെത്തിയതെന്നും വ്യക്തമാക്കി. കെട്ടിടത്തിന്റെ ഉടമസ്ഥരുമായി ചേര്‍ന്ന് പരിശോധന നടത്തുകയും ആവശ്യമായ പ്രതിരോധ നടപടികള്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ 400 സി സ്ട്രീറ്റ് എസ്.ഡബ്ല്യു.വിലുള്ള മറ്റൊരു കെട്ടിടവും കീടനിയന്ത്രണ നടപടികള്‍ക്കായി താല്‍ക്കാലികമായി അടച്ചു. എന്നാല്‍ ഈ കെട്ടിടത്തില്‍ മൂട്ടകളെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇരുകെട്ടിടങ്ങളിലും തിങ്കളാഴ്ചയോടെ സാധാരണ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഓഫീസ് അടച്ചിട്ടെങ്കിലും രാജ്യത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര പ്രതികരണ സംവിധാനങ്ങള്‍ക്കും സംസ്ഥാനപ്രാദേശിക ഭരണകൂടങ്ങള്‍ക്കുള്ള പിന്തുണയ്ക്കും തടസ്സമുണ്ടാകില്ലെന്ന് ഫെമ അറിയിച്ചു. ഏജന്‍സി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫെമ ആസ്ഥാനത്തെ ഓഫീസില്‍ മൂട്ടശല്യം; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം
