വാഷിങ്ടണ്‍: അമേരിക്കന്‍ ടെക് കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ ഡേറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് അനുവദിക്കില്ലെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കനത്ത നികുതിയും കടുത്ത പിഴയും ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ നിര്‍മിക്കേണ്ട ഡേറ്റാ സെന്ററുകള്‍ വിദേശത്തേക്ക് മാറ്റിയാല്‍ അതിന്റെ പ്രയോജനം ചൈനയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കമ്പനികള്‍ വിദേശരാജ്യങ്ങളില്‍ ഡേറ്റാ സെന്ററുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ വലിയ സാമ്പത്തിക പിഴകള്‍ നേരിടേണ്ടിവരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. നിര്‍മിതബുദ്ധി (എ.ഐ) രംഗത്തെ ആഗോള മത്സരത്തില്‍ അമേരിക്കയുടെ മേധാവിത്വം നിലനിര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റാ സെന്ററുകള്‍ വിദേശത്തേക്ക് പോകാന്‍ അനുവദിച്ചാല്‍ ഈ വ്യവസായത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
ചൈനയിലെ ഷെന്‍ഷെനില്‍ സന്ദര്‍ശനം നടത്തിയശേഷം അമേരിക്കയില്‍ തിരിച്ചെത്തിയ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായും നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും പരാമര്‍ശിച്ചു. അമേരിക്കയില്‍ ഡേറ്റാ സെന്റര്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഇതുവരെ രാജ്യം കാണിച്ച മടിയെ അദ്ദേഹം വിമര്‍ശിച്ചു. അനുമതി വൈകിച്ചാല്‍ കമ്പനികള്‍ ഡേറ്റാ സെന്ററുകള്‍ ബഹിരാകാശത്ത് നിര്‍മിക്കുന്ന സാഹചര്യംപോലും ഉണ്ടായേക്കാമെന്നും പരിഹസിച്ചു. നിര്‍മിതബുദ്ധിയെ 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന് വിശേഷിപ്പിക്കാനാണ് ഷി ജിന്‍പിങ്ങിന് താല്‍പര്യമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, അമേരിക്കയില്‍ ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമാകുന്നതായാണ് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഡേറ്റാ സെന്ററുകള്‍ വലിയ തോതില്‍ വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നതും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതുമാണ് പ്രധാന ആശങ്കകള്‍.
2026 സെപ്റ്റംബര്‍ 22ന് പുറത്തുവന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേയില്‍ 54 ശതമാനം അമേരിക്കക്കാര്‍ ഡേറ്റാ സെന്ററുകള്‍ പരിസ്ഥിതിക്ക് ദോഷകരമാണെന്ന് അഭിപ്രായപ്പെട്ടു. വൈദ്യുതി ചെലവ് വര്‍ധിപ്പിക്കുമെന്ന് 50 ശതമാനം പേരും സമീപപ്രദേശങ്ങളിലെ ജീവിതനിലവാരത്തെ ബാധിക്കുമെന്ന് 49 ശതമാനം പേരും വിലയിരുത്തി.
ഗാലപ്പ് സര്‍വേയില്‍ 71 ശതമാനം പേരും തങ്ങളുടെ താമസസ്ഥലത്തിന് സമീപം എ.ഐ ഡേറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതിനെ എതിര്‍ത്തു. മസാച്യുസെറ്റ്‌സ് സര്‍വകലാശാലയുടെ സര്‍വേയില്‍ 65 ശതമാനം പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയപ്പോള്‍ അനുകൂലിച്ചത് 11 ശതമാനം പേര്‍ മാത്രമാണ്.
വൈദ്യുതി നിരക്ക് വര്‍ധന, ജലലഭ്യത കുറയല്‍, വൈദ്യുതി തടസ്സങ്ങള്‍, പരിസ്ഥിതി ആഘാതം, ഭൂവിനിയോഗം തുടങ്ങിയവയാണ് ജനങ്ങളുടെ പ്രധാന ആശങ്കകള്‍. ഡേറ്റാ സെന്ററുകള്‍ പ്രാദേശികമായി തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും സൃഷ്ടിക്കുമെന്ന വാദത്തിലും വലിയൊരു വിഭാഗത്തിന് വിശ്വാസമില്ല. അമേരിക്കയുടെ സാങ്കേതിക മേധാവിത്വം സംരക്ഷിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കവും സ്വന്തം പ്രദേശങ്ങളിലെ ഡേറ്റാ സെന്റര്‍ നിര്‍മാണത്തിനെതിരായ ജനകീയ എതിര്‍പ്പും തമ്മിലുള്ള വൈരുധ്യം പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.
വിദേശത്ത് ഡേറ്റാ സെന്ററുകള്‍ നിര്‍മിച്ചാല്‍ കടുത്ത നടപടി; അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
