ബെറില്‍ ചുഴലിക്കാറ്റ് ഹൂസ്റ്റണില്‍ 20 ലക്ഷത്തിലധികം വീടുകളില്‍ രണ്ടാം ദിവസവും വൈദ്യുതിയില്ല; റെക്കോര്‍ഡ് ചൂടില്‍ ഉരുകി ജനങ്ങള്‍

ബെറില്‍ ചുഴലിക്കാറ്റ് ഹൂസ്റ്റണില്‍ 20  ലക്ഷത്തിലധികം വീടുകളില്‍ രണ്ടാം ദിവസവും വൈദ്യുതിയില്ല; റെക്കോര്‍ഡ് ചൂടില്‍ ഉരുകി ജനങ്ങള്‍


ഹൂസ്റ്റണ്‍: ബെറില്‍ ചുഴലിക്കാറ്റ് വീശിയടിച്ച ഹൂസ്റ്റണ്‍ പ്രദേശത്തെ 2 ദശലക്ഷത്തിലധികം വീടുകളില്‍ രണ്ടാം ദിവസവും വൈദ്യുതിയില്ല. ചുഴലിക്കാറ്റിനുശേഷം ഈ പ്രദേശത്തെ താപനില 100 ഡിഗ്രി ഫാരൻഹീറ്റിന് മുകളിലാണ്, ഇത് ഈ സീസണിലെ റെക്കോര്‍ഡ് ചൂടാണ്. വൈദ്യുതിബന്ധം മുറിഞ്ഞത് എയര്‍കണ്ടീഷനുകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കി. റെക്കോര്‍ഡ് ചൂട് മൂലം മേഖലയിലെ താമസക്കാര്‍ അസഹനീയമായ ദുരിതം അനുഭവിക്കുകയാണ്. ചുഴലിക്കാറ്റില്‍ ഈ മേഖലയില്‍ മാത്രം 7 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഗ്രോസറി സ്്‌റ്റോറുകളും ഗ്യാസ് സ്‌റ്റേഷനുകളും അടഞ്ഞു കിടക്കുന്നതിനാല്‍ ഭക്ഷണ-ഇന്ധനക്ഷാമത്തിന് സാധ്യതയുണ്ട്. ഇന്ധനം ലഭ്യതയില്ലാത്തിനാല്‍ വാഹനങ്ങളിലെ എസികളും പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമാണ്. ഹോട്ടലുകളും, റസ്റ്ററന്റുകളും പ്രവര്‍ത്തിക്കാത്തതിനാല്‍ പുറത്തുനിന്നുപോലും ഭക്ഷണം വാങ്ങാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

ദശലക്ഷക്കണക്കിന് ടെക്സാസുകാര്‍ക്ക് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം. സംസ്ഥാനത്ത് കടുത്ത ചൂട് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഇത് സമാനതകളില്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അതിനിടെ ബെറില്‍ പോകുന്ന വഴികളിലെല്ലാം പേമാരിയും വെള്ളപ്പൊക്കവും തുടരുകയാണ്.

ശക്തികുറഞ്ഞെങ്കിലും കൊടുങ്കാറ്റ് ഇന്ന് പുലര്‍ച്ചെ അര്‍ക്കന്‍സാസില്‍ എത്തുമെന്നും തെക്കന്‍ മിസോറി, ഇല്ലിനോയ് എന്നിവിടങ്ങളിലൂടെ കടന്നു പോകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ബുധനാഴ്ച ഇന്ത്യാനയില്‍ വീശിയടിക്കുകയും ഒഹായോ, മിഷിഗണ്‍ എന്നിവിടങ്ങളിലൂടെ കടന്ന് ആഴ്ചാവസാനത്തോടെ കാനഡയിലേക്ക് കടക്കുമെന്നുമാണ് പ്രവചനം.

അതിനിടെ ബെറിലിന്റെ ശക്തി കുറഞ്ഞ് അതൊരു പ്രാദേശിക ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. ബെറില്‍ കൊടുങ്കാറ്റിനോപ്പം വന്ന പേമാരിയും ഇടിമിന്നലുമാണ് ആളുകളുടെ ജീവന്‍ കവര്‍ന്നത്.

ടെക്‌സസ് ഭരണ കര്‍ത്താക്കളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഫെഡറല്‍ സഹായം വൈകുന്നതിന് കാരണം നിരത്തി ബൈഡന്‍

ബെറില്‍ ചുഴലിക്കാറ്റ് ടെക്‌സസിനെ ബാധിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ദുരിതാശ്വാസ വിതരണങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിന് വൈകിപ്പിക്കേണ്ടിവന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച പറഞ്ഞു. സംസ്ഥാന ഭരണകൂടവുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വൈറ്റ് ഹൗസ് ശ്രമിക്കുന്നുണ്ടെങ്കിലും ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ആവശ്യ-അഭ്യര്‍ത്ഥനകള്‍ വൈകുന്നുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന നിലയിലാണ് ബൈഡന്റെ പരാമര്‍ശങ്ങള്‍ വരുന്നത്. ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഏഷ്യയിലെ സാമ്പത്തിക വികസന യാത്രയിലാണ്. ഡാന്‍ പാട്രിക് ആണ് ആക്ടിങ് ഗവര്‍ണറായി പ്രവര്‍ത്തിക്കുന്നത്. മനുഷ്യശക്തിയും സാധനങ്ങളും ഉള്‍പ്പെടുന്ന ഫെഡറല്‍ സഹായം നല്‍കുന്നതിന് ആവശ്യമായ അഭ്യര്‍ത്ഥനകള്‍ ലഭിക്കാന്‍ ഗവര്‍ണറെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഹ്യൂസ്റ്റണ്‍ ക്രോണിക്കിളിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രസിഡന്റ് പറഞ്ഞു.