സിയറ നെവാഡയിലെ ഹിമപാത ദുരന്തം: ഒമ്പത് സ്‌കീയർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി; ക്രിമിനൽ അലംഭാവം അന്വേഷിക്കുന്നു

സിയറ നെവാഡയിലെ ഹിമപാത ദുരന്തം: ഒമ്പത് സ്‌കീയർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി; ക്രിമിനൽ അലംഭാവം അന്വേഷിക്കുന്നു


കാലിഫോർണിയ:   കാലിഫോർണിയയിലെ സിയറ നെവാഡ പർവതനിരകളിലെ കാസിൽ പീക്കിൽ ഫെബ്രുവരി 17ന് ഉണ്ടായ ഭീകരമായ ഹിമപാതത്തിൽ കാണാതായിരുന്ന ഒമ്പത് സ്‌കീയർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലിലാണ് എല്ലാ മൃതദേഹങ്ങളും വീണ്ടെടുത്തതെന്ന് നെവാഡ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു. മരിച്ചവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞതായും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ക്രിമിനൽ അലംഭാവമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് നെവാഡ കൗണ്ടി ഷെരിഫ് ഷാനൻ മൂൺ അറിയിച്ചു. ഹിമപാത ഭീഷണി 'ഉയർന്ന' നിലയിലാണെന്ന് സിയറ അവലാഞ്ച് സെന്റർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് സംഘം മലകയറലിന് ഇറങ്ങിയതെന്ന വിവരവും പുറത്തുവന്നു. മൂന്ന് ദിവസത്തെ യാത്രയുടെ അവസാന ദിനമായിരുന്നുവെന്നും, മലയിൽനിന്ന് നേരത്തെ ഇറങ്ങാനായിരുന്നു സംഘത്തിന്റെ തീരുമാനം എന്നും ഷെരിഫ് പറഞ്ഞു. എന്നാൽ മറ്റ് തീരുമാനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച്, ഹിമപാതത്തിന്റെ ശക്തി D2.5 നിലവാരത്തിലായിരുന്നു. ഒരു വ്യക്തിയെ തള്ളിമാറ്റാൻ പോലും ശക്തിയുള്ളതും, ഒരു വീടിനെ തകർക്കുന്നതിനു ഏറക്കുറെ സമാനവുമായ ശക്തിയാണിത്. ഹിമപാതം നീങ്ങിയ പാതയുടെ ദൈർഘ്യം ഏകദേശം ഒരു ഫുട്‌ബോൾ മൈതാനത്തിന്റെ നീളത്തോളം ആയിരുന്നു.

മരണപ്പെട്ടവരിൽ പലരും മറിൻ കൗണ്ടിയിൽനിന്നുള്ള അമ്മമാരാണെന്നും, അവരുടെ മക്കൾ സമീപത്തെ സ്വകാര്യ സ്‌കൂളായ ഷുഗർ ബൗൾ അക്കാദമിയിൽ പഠിക്കുന്നവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  പരിചയസമ്പന്നരായ ചില ഗൈഡുകളും ദുരന്തത്തിൽ കൊല്ലപ്പെട്ടു. ഇത് സംഘത്തിന്റെ ഏറ്റവും ദുഃഖകരമായ അനുഭവമാണെന്ന് ബ്ലാക്ക്‌ബേർഡ് മൗണ്ടൻ ഗൈഡ്‌സ് സ്ഥാപകൻ സെബ് ബ്ലെയ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ആറു ക്ലയന്റുകളെയും മൂന്ന് പരിചയസമ്പന്നരായ ഗൈഡുകളെയും നഷ്ടപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

ബ്ലാക്ക്‌ബേർഡ് മൗണ്ടൻ ഗൈഡ്‌സ് എൽഎൽസിയിലെ ഗൈഡുകളെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി കാലിഫോർണിയ തൊഴിൽ സുരക്ഷാ വകുപ്പ് അറിയിച്ചു. ഹിമപാതത്തിൽ മരിച്ച അമ്മമാർ പരിചയസമ്പന്നരായ ബാക്ക്കൺട്രി സ്‌കീയർമാരാണെന്നും ഇതുവരെ അനേകം ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും മരിച്ചവരുടെ കുടുംബങ്ങൾ പ്രതികരിച്ചു.

അതേസമയം, നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസാഹചര്യത്തിൽ മണിക്കൂറുകളോളം താർപോളിൻ കീഴിൽ അഭയം തേടി നിന്ന ശേഷമാണ് രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തിയത്.

അമേരിക്കൻ മൗണ്ടൻ ഗൈഡ്‌സ് അസോസിയേഷൻ സർട്ടിഫിക്കേഷൻ നേടിയവരും, അവലാഞ്ച് ഗവേഷണവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിശീലകരുമായ ഗൈഡുകളായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ശക്തമായ ശൈത്യകാല മഞ്ഞുവീഴ്ചയും 'ഉയർന്ന' ഹിമപാത ഭീഷണിയും മുന്നറിയിപ്പായി പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.