സിഗരറ്റ് കഷണം വഴിത്തിരിവായി; 44 വർഷത്തിന് ശേഷം 13കാരിയുടെ കൊലയാളി പിടിയിൽ

സിഗരറ്റ് കഷണം വഴിത്തിരിവായി; 44 വർഷത്തിന് ശേഷം 13കാരിയുടെ കൊലയാളി പിടിയിൽ


കാലിഫോർണിയയിൽ 44 വർഷം മുമ്പ് കൊല്ലപ്പെട്ട 13കാരിയായ സാറാ ഗീറിന്റെ കേസിൽ നിർണായക തെളിവായത് ഉപേക്ഷിച്ച സിഗരറ്റ് കഷണത്തിൽനിന്ന് ലഭിച്ച ഡി.എൻ.എ. തെളിവ്്. ദശാബ്ദങ്ങളോളം തണുത്തുകിടന്ന കേസ് ഒടുവിൽ പരിഹാരത്തിലേക്ക് നീങ്ങിയതായി സൊനോമ കൗണ്ടി ജില്ലാ അറ്റോർണി ഓഫീസ് അറിയിച്ചു.

1982 മേയ് 23ന് കാലിഫോർണിയയിലെ ക്ലോവർഡെയിൽ സുഹൃത്തിന്റെ വീട്ടിൽനിന്ന് പുറപ്പെട്ട സാറയെ തുടർന്ന് കാണാതാവുകയായിരുന്നു. അടുത്ത ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു അഗ്‌നിശമനസേനാംഗമാണ് ഒരു ഫ്‌ളാറ്റ് സമുച്ചയത്തിനടുത്തുള്ള ഒറ്റപ്പെട്ട ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. വേലിക്കു പിന്നിലെ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അന്ന് ലഭ്യമായിരുന്ന പരിമിതമായ ശാസ്ത്രീയ സൗകര്യങ്ങൾ കാരണം പ്രതിയെ കണ്ടെത്താനാകാതെ കേസ് നിലച്ചു. 2003ൽ സാറയുടെ വസ്ത്രത്തിൽനിന്ന് ശേഖരിച്ച ബീജ സാമ്പിളിനെ അടിസ്ഥാനമാക്കി ഡി.എൻ.എ പ്രൊഫൈൽ തയ്യാറാക്കിയെങ്കിലും, പോലീസ് ഡേറ്റാബേസുകളിലെ വിവരങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ അന്വേഷണം വീണ്ടും മുടങ്ങി.

2021ൽ ക്ലോവർഡെയിൽ പോലീസ് കേസ് വീണ്ടും തുറന്നു. സ്വകാര്യ അന്വേഷണ സംഘത്തിന്റെയും എഫ്ബിഐയുടെയും സഹായത്തോടെ ജെനറ്റിക് ജീനിയോളജി എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്വേഷണം മുന്നോട്ടുപോയി. പൊതുജനങ്ങളുടെ ജെനറ്റിക് ഡേറ്റാബേസുകൾ പരിശോധിച്ചപ്പോൾ, ലഭ്യമായ ഡി.എൻ.എ നാല് സഹോദരന്മാരിൽ ഒരാളുടേതാണെന്ന് കണ്ടെത്തി. അതിൽ ഒരാളായ 64കാരൻ ജെയിംസ് യൂനിക് സംശയത്തിന്റെ നിഴലിലായി.

തുടർന്ന് എഫ്ബിഐ ഇയാളെ നിരീക്ഷിച്ച് ഇയാൾ വലിച്ച് ഉപേക്ഷിച്ച സിഗരറ്റ് കഷണം ശേഖരിച്ചു. അതിൽനിന്ന് ലഭിച്ച ഡി.എൻ.എ 2003ൽ തയ്യാറാക്കിയ പ്രൊഫൈലുമായി പൂർണമായും പൊരുത്തപ്പെട്ടു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്തു.

വാദത്തിനിടെ യൂനിക് ആദ്യം സാറയെ പരിചയമില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് മൊഴി മാറ്റി. ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധത്തിലേർപ്പെട്ടുവെന്നും പിന്നീട് മറ്റൊരാൾ സാറയെ ആക്രമിച്ചതാകാമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ സാറയുടെ സുഹൃത്തുക്കളുടെ സാക്ഷ്യവും ശാസ്ത്രീയ തെളിവുകളും പരിഗണിച്ച ജ്യൂറി രണ്ടു മണിക്കൂർ ചർച്ചയ്ക്ക് ശേഷം യൂനിക്കിനെ കുറ്റക്കാരനായി വിധിച്ചു.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിൽ കൊലപാതകം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ഇയാൾക്ക് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. ശിക്ഷ വിധി ഏപ്രിൽ 23ന് പ്രഖ്യാപിക്കും.

'44 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നീതി ലഭിച്ചത്,' ജില്ലാ അറ്റോർണി കാർല റോഡ്രിഗസ് പറഞ്ഞു. 'സാറയുടെ കുടുംബത്തിനും സമൂഹത്തിനും ഇത് വേദനയേറിയെങ്കിലും നിർണായകമായ നിമിഷമാണ്.'