മൊറോക്കോയില്‍ ആഡംബര കൊട്ടാരം വാങ്ങാന്‍ എപ്സ്റ്റീന് പദ്ധതിയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

മൊറോക്കോയില്‍ ആഡംബര കൊട്ടാരം വാങ്ങാന്‍ എപ്സ്റ്റീന് പദ്ധതിയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: സാമ്പത്തിക സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ ചാള്‍സ് ഷ്വാബ് കോര്‍പറേഷന്‍ ലൈംഗിക കുറ്റവാളിയും മനുഷ്യക്കടത്ത് കേസിലെ പ്രതിയുമായ ജെഫ്രി എപ്സ്റ്റീന്റെ പേരില്‍ മൊറോക്കോയിലെ ഒരു കൊട്ടാരം വാങ്ങുന്നതിന് ഏകദേശം 27.7 മില്യണ്‍ ഡോളര്‍ വയര്‍ ട്രാന്‍സ്ഫര്‍ നടത്തിയതായി റിപ്പോര്‍ട്ട്. 2019ല്‍ എപ്സ്റ്റീന്റെ അറസ്റ്റിന് തൊട്ടുമുമ്പ് ഈ ഇടപാടുകള്‍ നടന്നതായി അമേരിക്കന്‍ നീതിവകുപ്പിന്റെ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, 2019 ഏപ്രിലില്‍ എപ്സ്റ്റീന്റെ കമ്പനികള്‍ക്കായി ഷ്വാബ് മൂന്ന് അക്കൗണ്ടുകള്‍ തുറന്നിരുന്നു. അതില്‍ സതേണ്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ റിച്ചാര്‍ഡ് കാന്‍ അധികാരപ്പെട്ട വ്യക്തിയായും എപ്സ്റ്റീന്‍ പ്രസിഡന്റും ഏക ഗുണഭോക്താവുമായും രേഖപ്പെടുത്തിയിരുന്നു. 2019 ജൂണ്‍ 26 മുതല്‍ ജൂലൈ 9 വരെയായിരുന്നു പ്രധാന ഇടപാടുകള്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൊറോക്കോയിലെ മാരക്കേഷിലുള്ള ബിന്‍ എന്നാഖില്‍ എന്ന ആഡംബര കൊട്ടാരം വാങ്ങുന്നതിന് സതേണ്‍ ട്രസ്റ്റ് ഷ്വാബിനോട് 12.7 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഈ തുക സ്വിറ്റ്‌സര്‍ലന്‍ഡിലെ ജൂലിയസ് ബയര്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് അയച്ചത്. അക്കൗണ്ട് മാരക്കേഷിലെ റിയല്‍റ്റര്‍ മാര്‍ക്ക് ലിയോണിന്റെ പേരിലായിരുന്നു.

എന്നാല്‍ ഇടപാടിന്റെ നിബന്ധനകള്‍ സ്വീകാര്യമല്ല എന്ന കാരണത്താല്‍ ഈ ട്രാന്‍സ്ഫര്‍ പിന്നീട് റദ്ദാക്കി. പിന്നീട് കൂടുതല്‍ തുക മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുമെന്നറിയിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.

എപ്സ്റ്റീന്റെ അറസ്റ്റിന് രണ്ട് ദിവസം മുമ്പ് 2019 ജൂലൈ 4ന് സതേണ്‍ ട്രസ്റ്റ് വീണ്ടും 14.95 മില്യണ്‍ ഡോളര്‍ അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും മുന്‍പ് അയച്ച 12.7 മില്യണ്‍ ഡോളര്‍ തിരിച്ചെത്താത്തതിനാല്‍ അക്കൗണ്ടില്‍ മതിയായ പണം ഉണ്ടായിരുന്നില്ല.

എപ്സ്റ്റീന്‍ അറസ്റ്റിലായതിന് പിന്നാലെ 2019 ജൂലൈ 13-ന് ഷ്വാബ് യു എസ് ട്രഷറി വകുപ്പിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്‌സ്‌മെന്റ് നെറ്റ്വര്‍ക്കിലേക്ക് (ഫിന്‍ സെന്‍) സംശയാസ്പദ ഇടപാട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എപ്സ്റ്റീനെ ചുറ്റിപ്പറ്റിയ നെഗറ്റീവ് മാധ്യമ റിപ്പോര്‍ട്ടുകളും ജാമ്യാപേക്ഷയ്ക്ക് മുമ്പുള്ള അവസ്ഥയും പരിഗണിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട വയര്‍ ട്രാന്‍സ്ഫറുകളില്‍ ആശങ്കയുണ്ടായെന്ന് ഷ്വാബ് ഫിന്‍സെന്നിനെ അറിയിച്ചു. അക്കൗണ്ടുകള്‍ തുറന്നതിന് 60 ദിവസത്തിനകം ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും ഫെഡറല്‍ നിയമസംരക്ഷണ ഏജന്‍സികളെ വിവരം അറിയിച്ചതായും ഷ്വാബ് വ്യക്തമാക്കി.

4.6 ഹെക്ടര്‍ വിസ്തൃതിയിലുള്ള ബിന്‍ എന്നാഖില്‍ കൊട്ടാരത്തില്‍ സ്വര്‍ണ്ണ അലങ്കാരഭിത്തികള്‍, ഹമ്മാം സ്റ്റീം സ്പാ, 60 മാര്‍ബിള്‍ ജലധാരകള്‍ എന്നിവ ഉള്‍പ്പെടുന്നു. നൂറുകണക്കിന് ഓലിവ് മരങ്ങളും 2,000-ത്തിലധികം വൃക്ഷങ്ങളും തോട്ടങ്ങളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മുളങ്കാടും റോസ് ഗാര്‍ഡനും ഉള്‍പ്പെടെയുള്ള കൊട്ടാനരത്തിന് 5,481 ചതുരശ്ര മീറ്റര്‍ (ഏകദേശം 59,000 ചതുരശ്ര അടി) വിസ്തൃതിയുണ്ട്.  ഈ കൊട്ടാരത്തില്‍ എട്ട് ബെഡ്‌റൂമുകളും ഉള്‍വശവും പുറംവശവും നീന്തല്‍ക്കുളങ്ങളും കുളിത്തൊട്ടികളും 'മ്യൂസിയം നിലവാരത്തിലുള്ള' അലങ്കാരപ്പണികളും സല്ലേജ് ടൈലിംഗും ഉണ്ട്.

ഈ ആസ്തി വാഷിംഗ്ടണ്‍ സ്‌ക്വയര്‍ പാര്‍ക്കിനേക്കാള്‍ വലുതാണെന്നും ഏകദേശം ആറു സാധാരണ ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തൃതിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാരക്കേഷിലെ റിയല്‍റ്ററായ മാര്‍ക്ക് ലിയോണിലൂടെ വിപണനം ചെയ്തിരുന്ന ഈ കൊട്ടാരം 2011-ലും എപ്സ്റ്റീന്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിലയും നിബന്ധനകളും സംബന്ധിച്ച ചര്‍ച്ചകള്‍ വര്‍ഷങ്ങളോളം നീണ്ടു.

2008-ല്‍ ലൈംഗിക കുറ്റകൃത്യത്തില്‍ ശിക്ഷ അനുഭവിച്ചെങ്കിലും പിന്നീട് മോചിതനായതിനാല്‍ മൊറോക്കോയില്‍ സ്വത്ത് വാങ്ങുന്നതിന് നിയമപരമായ തടസമില്ലായിരുന്നുവെന്ന് ലിയോണ്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പിന്നീട് ഈ കൊട്ടാരം മറ്റൊരാള്‍ക്ക് വിറ്റതായി ലിയോണ്‍ അറിയിച്ചു.