വാഷിംഗടണ്‍: ഇന്ത്യയിലെ കുറഞ്ഞ പലിശനിരക്കും ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയും ചൂണ്ടിക്കാട്ടി അമേരിക്കയ്ക്കും 14- 15 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പലിശനിരക്ക് കുറയ്ക്കാനായാല്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ട്രംപിന്റെ അവകാശവാദം.
മനില സന്ദര്‍ശനത്തിനിടെ തായ്ലന്‍ഡുമായും ഫിലിപ്പീന്‍സുമായും രണ്ട് വ്യാപാര കരാറുകളില്‍ ധാരണയിലെത്തിയതായും പത്തോളം കരാറുകള്‍ കൂടി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നാലുദിവസത്തിനിടെ 20-ലേറെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും രണ്ട് പുതിയ വ്യാപാര കരാറുകള്‍ ഉറപ്പാക്കിയെന്നും ട്രംപ് പറഞ്ഞു. പത്തോളം കരാറുകള്‍ കൂടി ഉടന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്വാഡ് കൂട്ടായ്മയുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ട്രംപ് പരാമര്‍ശിച്ചു. സാമ്പത്തിക സുരക്ഷാ വിഷയങ്ങളില്‍ സഹകരിക്കുന്നതിനായി ആദ്യമായി ക്വാഡ് ബ്യൂറോ ലീഡേഴ്സ് ഫോറം പ്രഖ്യാപിച്ചതായും ക്വാഡ് എസ് ഐ ആക്സിലറേറ്ററിന് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. സമുദ്രസുരക്ഷ, നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പുതിയ സഹകരണത്തിനും ധാരണയായതായി ട്രംപ് വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിന്റെ ആദ്യഘട്ടത്തിനായുള്ള ചട്ടക്കൂട് ഫെബ്രുവരിയില്‍ അന്തിമമാക്കിയിരുന്നു. എന്നാല്‍, തീരുവകളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ കരാറിന്മേലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ മത്സരരാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ തീരുവയാണ് അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ലഭിക്കേണ്ടതെന്ന നിലപാടിലാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്.
