പശ്ചിമേഷ്യയിലെ യു എസ് സേനക്കെതിരെ അപ്രതീക്ഷിത ഇറാന്‍ ആക്രമണ ശ്രമമെന്ന് സെന്റ്‌കോം

പശ്ചിമേഷ്യയിലെ യു എസ് സേനക്കെതിരെ അപ്രതീക്ഷിത ഇറാന്‍ ആക്രമണ ശ്രമമെന്ന് സെന്റ്‌കോം


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെച്ചതിന് ശേഷം ആദ്യമായി, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ചൊവ്വാഴ്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

അമേരിക്കന്‍ സേനയ്ക്കെതിരായ അപ്രതീക്ഷിത ആക്രമണശ്രമമായാണ് മിസൈല്‍ വിക്ഷേപണത്തെ സെന്‍ട്രല്‍ കമാന്‍ഡ് വിശേഷിപ്പിച്ചത്. ഇറാന്‍ തൊടുത്തുവിട്ട എല്ലാ മിസൈലുകളും വിജയകരമായി തടഞ്ഞുനശിപ്പിച്ചതായും ആക്രമണത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈന്യം അറിയിച്ചു.

പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സേനയെ ലക്ഷ്യമിട്ട് അപ്രതീക്ഷിത ആക്രമണത്തിന്റെ ഭാഗമായി ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായും  എല്ലാ ഇറാനിയന്‍ മിസൈലുകളും വിജയകരമായി തടഞ്ഞതായും അമേരിക്കന്‍ സേന അതീവ ജാഗ്രതയോടെയും ഉയര്‍ന്ന സജ്ജീകരണ നിലയിലുമാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കി.

ട്രംപ് ഇറാനെതിരായ അമേരിക്കന്‍ ആക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് മിസൈല്‍ ആക്രമണം നടന്നത്. ഇതോടെ തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. സംഭവത്തിന് അമേരിക്ക എന്തെങ്കിലും സൈനിക തിരിച്ചടി നല്‍കുമോയെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.