ചൈനീസ് സ്വാധീനത്തെ യു.എസിന് ഒറ്റക്ക് നേരിടാൻ കഴിയില്ല; ഇന്ത്യയുടെസഹായം വേണം-മുൻ സ്‌റ്റേറ്റ് സെക്രട്ടറിയുടെ ഉപദേഷ്ടാവ്

ചൈനീസ് സ്വാധീനത്തെ യു.എസിന് ഒറ്റക്ക് നേരിടാൻ കഴിയില്ല; ഇന്ത്യയുടെസഹായം വേണം-മുൻ സ്‌റ്റേറ്റ് സെക്രട്ടറിയുടെ ഉപദേഷ്ടാവ്


വാഷിംഗ്ടൺ : ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ യു.എസിന് ഒറ്റക്ക് നേരിടാൻ കഴിയില്ലെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഉപദേഷ്ടാവായിരുന്ന മേരി കിസ്സൽ. മേഖലയിൽ ഇന്ത്യയുടെ പിന്തുണയില്ലാതെ ചൈനീസ് ഭീഷണികളെ നേരിടാൻ കഴിയില്ലെന്നും ശക്തമായ ഇന്ത്യയു.എസ് പങ്കാളിത്തം അനിവാര്യമാണെന്നും ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ഇന്ത്യൻ ഉൽപങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യൻ ഉൽപന്നങ്ങൾ വാങ്ങിയതിന് 25 ശതമാനം അധികതീരുവയും ചുമത്തിയ യു.എസ് നടപടിക്കു പിന്നാലെ വ്യാപാര ബന്ധത്തിൽ വിള്ളൽ വീണ പശ്ചാത്തലത്തിലാണ് മേരി കിസ്സലിന്റെ പരാമർശം.

'ചൈനയെ വലിയ ഭീഷണിയായി യു.എസ് കാണുന്നുവെങ്കിൽ, നമുക്ക് ഇന്ത്യയെ ആവശ്യമാണ്. അതൊരു യാഥാർഥ്യമാണ്. ഏഷ്യപസഫിക്കിൽ ചൈനയുമായി ഒറ്റക്ക് പോരാടാൻ യു.എസിന് കഴിയില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ച ട്രംപ് ഭരണകൂടത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ആസ്‌ട്രേലിയയും ജപ്പാനും മാത്രമായല്ല, ഇന്ത്യയുമായും നമുക്ക് നല്ല ബന്ധം വേണം' മേരി കിസ്സൽ പറഞ്ഞു.

ട്രംപിന്റെ സമ്മർദ തന്ത്രങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുമായുള്ള ബന്ധം തുടരുകയാണ്. ചൈനയിൽ നടന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ മോഡിയും പുടിനും കൂടിക്കാഴ്ച നടത്തി. റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനമായ എസ്400ന്റെ കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള ചർച്ചയുമായി ഇന്ത്യ മുന്നോട്ടുപോകുകയാണെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഈ മാസമാദ്യം, വിദേശകാര്യ മന്ത്രി എസ്  ജയശങ്കർ റഷ്യ സന്ദർശിക്കുകയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ വർഷം അവസാനം പുടിൻ ചർച്ചകൾക്കായി ഇന്ത്യയിൽ എത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസിൽ ആ രാജ്യത്തെ പ്രതിരോധ ഉദ്യോഗസ്ഥനാണ് പുതിയ ഡിഫൻസ് ഡീലിനെ സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. പുതിയ യൂണിറ്റുകൾ ലഭ്യമാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെന്ന് മിലിറ്ററി ടെക്‌നിക്കൽ കോഓപറേഷൻ തലവനായ ദിമിത്രി സുഗായേവ് വ്യക്തമാക്കി. ചൈനയുടെ സൈനികശേഷി വർധിക്കുന്ന പശ്ചാത്തലത്തിൽ 2018ലാണ് റഷ്യയിൽനിന്ന് അഞ്ച് യൂണിറ്റ് എസ്400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചത്. 5.5 ബില്യൻ ഡോളറിന്റെ വമ്പൻ കരാറായിരുന്നു ഇത്. ഇതിൽ മൂന്ന് യൂണിറ്റുകളാണ് ഇതുവരെ ഇന്ത്യക്ക് ലഭിച്ചത്. അടുത്ത രണ്ട് വർഷങ്ങളിലായി ശേഷിക്കുന്ന യൂണിറ്റുകൾ കൈമാറുമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്.