വാഷിംഗ്ടന്‍ : പ്രസിഡന്റ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമേരിക്ക പാര്‍ട്ടി എന്നാണ് മസ്‌കിന്റെ പാര്‍ട്ടി അറിയപ്പെടുക. ട്രംപിന്റെ ' വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമം ആയാലുടനെ താന്‍ അമേരിക്കക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന ഒരു മൂന്നാം പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു.
പാര്‍ട്ടി രൂപീകരണത്തിനു പിന്നാലെ -' നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാര്‍ട്ടിയെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. പ്രസിഡന്റ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോണ്‍ മസ്‌ക് യുഎസ് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ബില്‍ സെനറ്റില്‍ പാസാക്കിയാല്‍, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്ക് പകരമായി താന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പില്‍ നിലം തൊടീക്കില്ലെന്നും മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് മസ്‌കിന്റെ കമ്പനികള്‍ക്ക് ലഭിക്കുന്ന കോടിക്കണക്കിന് ഡോളര്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഈ ആഴ്ച ആദ്യം ട്രംപ്, ഭീഷണിപ്പെടുത്തിയിരുന്നു.
ട്രംപുമായുള്ള മസ്‌കിന്റെ തുടര്‍ച്ചയായുള്ള വൈരാഗ്യം 2026 ലെ ഇടക്കാല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഭൂരിപക്ഷം സംരക്ഷിക്കാനുള്ള അവസരങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കന്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു.
ട്രംപിനെ സ്‌നേഹിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ആക്രമിക്കുന്നതിലേക്ക് നയിച്ച ഒരു കാര്യം എന്താണെന്ന് എക്‌സില്‍ ചോദിച്ചപ്പോള്‍, മസ്‌ക് പറഞ്ഞത്-'ബൈഡന്റെ കീഴില്‍ ഇതിനകം താറുമാറായ രാജ്യത്തിന്റെ സാമ്പത്തിക കമ്മി 2 ട്രില്യന്‍ ഡോളറില്‍ നിന്ന് ട്രംപിന്റെ നടപടികളിലൂടെ 2.5 ട്രില്യന്‍ ഡോളറായി വര്‍ദ്ധിപ്പിക്കുമെന്നും. ഇത് രാജ്യത്തെ പാപ്പരാക്കും.' എന്നാണ്.
ട്രംപുമായി ഉടക്കിയ ഇലോണ്‍ മസ്‌ക് വാക്ക് പാലിച്ചു; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു
