ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലക്ഷത്തിലധികം രൂപ പ്രതിഫലം നല്‍കും; വിചിത്ര പ്രഖ്യാപനവുമായി റഷ്യ

ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലക്ഷത്തിലധികം രൂപ പ്രതിഫലം നല്‍കും; വിചിത്ര പ്രഖ്യാപനവുമായി റഷ്യ


മോസ്‌കോ: ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന വിചിത്ര പ്രഖ്യാപനവുമായി റഷ്യ. റഷ്യയിലെ 10 പ്രവിശ്യകളില്‍ നയം നടപ്പില്‍ വന്നു. ജനസംഖ്യാവര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് പുട്ടിന്‍ വ്യക്തമാക്കിയതാണ്.

പക്ഷേ, അന്ന് മുതിര്‍ന്ന സ്ത്രീകള്‍ക്കായി മാത്രം പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ബാധകമാക്കിയതോടെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. 2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 എങ്കിലും ആകണം.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ 2.5 ലക്ഷത്തിലധികം പട്ടാളക്കാര്‍ മരിച്ചെന്നാണ് കണക്ക്. നാടുവിട്ടുപോയവര്‍ ആയിരക്കണക്കിനു വരും. ഇതെല്ലാം ജനസംഖ്യ വീണ്ടും കുറയാന്‍ ഇടയാക്കുമെന്നതിനാല്‍ ഗര്‍ഭഛിദ്രത്തിനും വിലക്കു വീണു.