തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി ഹാങ്കറിലേക്ക് മാറ്റും. ജൂണ്‍ 14 മുതല്‍ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലുണ്ട്. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് യു എസ് നിര്‍മ്മിത യുദ്ധവിമാനം ആദ്യമായാണ് ഒരു വിദേശ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നത്.
വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ പരിഹരിക്കാന്‍ എഞ്ചിനീയര്‍മാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. എങ്കിലും യു കെയില്‍ നിന്നുള്ള എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ 24 പരിശോധനകള്‍ക്കായി എത്തിയതിനാല്‍ വിമാനം തിരികെ പറത്താാവനാവുമെന്ന പ്രതീക്ഷയുണ്ട്.
ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിലെ 14 സാങ്കേതിക വിദഗ്ധരും 10 ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്ന 24 അംഗ സംഘം ജെറ്റിന്റെ അവസ്ഥ വിലയിരുത്തുകയും വിമാനം നന്നാക്കണോ അതോ പൊളിച്ചുമാറ്റണോ എന്ന് തീരുമാനിക്കുകയും ചെയ്യും. പൊളിച്ചു മാറ്റുകയാണെങ്കില്‍ വലിയ സൈനിക ഗതാഗത വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററില്‍ തിരികെ കൊണ്ടുപോകാനാണ് പദ്ധതി.
മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ (എംആര്‍ഒ) സൗകര്യത്തില്‍ സ്ഥലം നല്‍കാനുള്ള വിമാനത്താവളത്തിന്റെ വാഗ്ദാനം യു കെ സ്വീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ക്രമീകരണങ്ങള്‍ അന്തിമമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ അധികാരികളുടെയും വിമാനത്താവള സംഘങ്ങളുടെയും തുടര്‍ച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും യു കെയുടെ നന്ദി അറിയിക്കുന്നതാുയം വക്താവ് കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 14ന് യു കെയുടെ വിമാനവാഹിനിക്കപ്പലായ എച്ച് എം എസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന യുദ്ധവിമാനം ഇന്ത്യയുടെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിന് (എഡിഇസെഡ്) പുറത്ത് പതിവ് പറക്കല്‍ നടത്തുന്നതിനിടയിലാണ് തിരുവനന്തപുരത്ത് അടിയന്തര ലാന്റിംഗ് നടത്തേണ്ടി വന്നത്.
യുദ്ധവിമാനത്തിന് ആദ്യം ഇന്ധനത്തിന്റെ പ്രശ്‌നമാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ജെറ്റിന് ഹൈഡ്രോളിക്സില്‍ പ്രശ്നമുണ്ടായതോടെ പറന്നുയരാന്‍ സാധിക്കാതെ വരികയായിരുന്നു.