മുംബൈ: ആത്മീയ പരിവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ മുന്‍ വൈസ് പ്രസിഡന്റ് പ്രകാശ് ഷാ. ബിസിനസ് രംഗത്തെ പടവുകള്‍ ചവിട്ടിക്കയറിയ അദ്ദേഹം ഭാര്യാ സമേതനായി ഈ വര്‍ഷം ജൂണിലാണ് ജൈന സന്യാസിമാരായി ദീക്ഷ സ്വീകരിച്ചത്.
മഹാവീര്‍ ജയന്തിയില്‍ പ്രകാശ് ഷായും ഭാര്യ നൈന ഷായും തങ്ങളുടെ ഉന്നത ജീവിതശൈലി ഉപേക്ഷിക്കുകയായിരുന്നു. പ്രതിവര്‍ഷം 75 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ഇതിലൂടെ അവര്‍ പിന്നില്‍ ഉപേക്ഷിച്ചത്.
ബോംബെ ഐ ഐ ടിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനിയറിംഗ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പ്രകാശ് ഷാ ഒന്നാം തലമുറ എന്‍ജിനീയറാണ്. അക്കാദമിക് അടിത്തറയുടെ ബലത്തിലാണ് അദ്ദേഹം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ മികച്ച കരിയര്‍ കെട്ടിപ്പടുത്തത്. വിരമിക്കുന്നതിന് മുമ്പ് മുകേഷ് അംബാനിയുടെ വലം കൈയായാണ് അദ്ദേഹം കണക്കാക്കപ്പെട്ടത്.
റിലയന്‍സില്‍ ഏകദേശം ഒരു ദശാബ്ദക്കാലമായി ജാംനഗര്‍ പെറ്റ്-കോക്ക് ഗ്യാസിഫിക്കേഷന്‍ പ്ലാന്റ് പോലുള്ള പദ്ധതികളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും പെറ്റ്-കോക്ക് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്ത പ്രകാശ് ഷാ വൈസ് പ്രസിഡന്റ് (പ്രൊജക്ട്‌സ്) ആയിരുന്നു. 2024ല്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം ഏകദേശം 75 കോടി രൂപയായിരുന്നു.
ആഗ്രഹങ്ങളെ പിന്നിലുപേക്ഷിക്കാനുള്ള തീരുമാനം നേരത്തെ തന്നെ പ്രകാശ് രാജ് സ്വീകരിച്ചിരുന്നു. റിലയന്‍സ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ നിന്ന് വിരമിച്ച ശേഷം ദീക്ഷ സ്വീകരിക്കാനുള്ള സന്നദ്ധത അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നുവെങ്കിലും കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹത്തിന്റെ പദ്ധതികള്‍ ഏകദേശം ഒരു വര്‍ഷം വൈകിപ്പിച്ചത്.
പ്രകാശ് ഷായും ഭാര്യ നൈന ഷായും മുംബൈയിലെ ബോറിവാലിയിലാണ് ഔപചാരിക ജൈന വ്രതം (ദീക്ഷ) സ്വീകരിച്ചത്. വെളുത്ത വസ്ത്രം, ബ്രഹ്മചര്യം, കര്‍ശനമായ ത്യാഗ ജീവിതം, നഗ്‌നപാദന്‍, ദാനം മാത്രം കഴിക്കുക, എല്ലാ ഭൗതിക ബന്ധങ്ങളും ഉപേക്ഷിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ദീക്ഷ സ്വീകരിച്ചതോടെ നിര്‍വഹിക്കേണ്ടത്.
ദീക്ഷയോടെ പ്രകാശ് ഷാ പ്രശാന്ത് ഭൂഷണ്‍ വിജയ്ജി മഹാരാജ് സാഹേബ് എന്ന സന്യാസ നാമം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ നൈന ഷായാകട്ടെ ഭവ്യനിധി സാധ്വിജി മഹാരാജ് സാഹേബ് എന്ന പേരാണ് സ്വീകരിച്ചതെന്ന് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പ്രകാശും ഭാര്യയും അവരുടെ കുടുംബത്തില്‍ നിന്നും ഭൗതിക ലോകം ഉപേക്ഷിക്കുന്ന ആദ്യത്തെ ആളുകളല്ല. പ്രകാശ് ഷായുടെ മൂത്ത മകനും ഏഴ് വര്‍ഷം മുമ്പ് ദീക്ഷ സ്വീകരിച്ചിരുന്നു. എന്നാല്‍, ദമ്പതികളുടെ ഇളയ മകന്‍ പരമ്പരാഗത ദാമ്പത്യജീവിതമാണ് തിരഞ്ഞെടുത്തത്. ദീക്ഷയ്ക്ക് ശേഷം ഭുവന്‍ ജീത് മഹാരാജ് എന്ന പേരില്‍ അറിയപ്പെടുന്ന അവരുടെ മൂത്ത മകന്‍, കുട്ടിക്കാലം മുതല്‍ തന്നെ ജൈന സന്യാസജീവിതം ആഗ്രഹിച്ചിരുന്നുവെന്ന് വിശദീകരിച്ചു. 'ലൗകിക ജീവിതത്തിലെ ഭൗതിക സുഖങ്ങള്‍ക്കും ആത്മീയ ആനന്ദത്തിനും ഇടയില്‍ ഒരു താരതമ്യവുമില്ല' എന്ന് അദ്ദേഹം പറഞ്ഞു. തന്റെ മാതാപിതാക്കള്‍ ഈ പാത തിരഞ്ഞെടുക്കാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നത് കാണുന്നത് നല്ലതാണെന്നും ഇരുവരുടേയും ഇളയ മകന്‍ പറഞ്ഞു.
മുമ്പ് ബോര്‍ഡ് റൂമുകളിലും ഉയര്‍ന്ന ഓഹരി പദ്ധതികളിലും പരിചിതമായിരുന്ന ഷാ ഇപ്പോള്‍ ലാളിത്യവും ആത്മീയ അച്ചടക്കവും കൊണ്ട് നിര്‍വചിക്കപ്പെട്ട ഒരു ജീവിതം നയിക്കുന്നു. അദ്ദേഹവും ഭാര്യയും നഗ്‌നപാദരായാണ് നടക്കുന്നത്. സാധാരണ വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും പൂര്‍ണ്ണമായും ദാനധര്‍മ്മങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന അവരുടെ ദിനചര്യങ്ങള്‍ കോര്‍പ്പറേറ്റ് ആഡംബര ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ ജീവിതശൈലി അഹിംസ, അപരിഗ്രഹ (ആസക്തിയില്ലാത്തത്), സത്യം എന്നീ ജൈന തത്വങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. ബാഹ്യ വിജയത്തേക്കാള്‍ ആന്തരിക ശുദ്ധീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രകാശ് ഷായുടെ യാത്ര പരമ്പരാഗത കരിയര്‍ പാതകള്‍ ഉപേക്ഷിച്ച് ആത്മീയ ജീവിതം നയിച്ച മറ്റ് നിരവധി ഐഐടി ബിരുദധാരികളുടെ കഥകളെ കൂടി ഓര്‍മിപ്പിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ ഉന്നതര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പ്രവണതയെ അടിവരയിടുന്നു. പ്രകാശിനും ഭാര്യയ്ക്കും ദീക്ഷ നല്‍കിയ ഗച്ഛാദിപതി ആചാര്യ ശ്രീ യുഗ്ഭൂഷണ്‍സുരി സ്വര്‍ഗി മഹാരാജ് സാഹിബിന് ഇതിനകം രണ്ട് ഐഐടി ശിഷ്യന്മാരുണ്ട്.