ഝാന്‍സി: മുടി ക്ലിപ്പും പോക്കറ്റ് കത്തിയും ഉപയോഗിച്ച് ഒരു സ്ത്രീയുടെ പ്രസവം നടത്താന്‍ സാധിക്കുമോ? പറ്റുമെന്നാണ് ഒരു ആര്‍മി ഓഫിസര്‍ തെളിയിച്ചത്.
പന്‍വേല്‍- ഗോരഖ്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയെ ഝാന്‍സി റയില്‍വേ സ്റ്റേഷനില്‍ ഇറക്കിയപ്പോഴാണ് അവരെ സഹായിക്കാന്‍ ഒരു വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് അംഗവും ഒരു ആര്‍മി ഓഫീസറും ഓടിയെത്തിയത്. മറ്റ് വഴികളൊന്നുമില്ലാതിരുന്നതിനാല്‍ ഒരു മുടിക്ലിപ്പും ഒരു പോക്കറ്റ് കത്തിയും ഉപയോഗിച്ച് ആര്‍മി ഓഫിസര്‍ വനിതയെ പ്രസവത്തില്‍ സഹായിച്ചുവെന്നാണ് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മനോജ് കുമാര്‍ സിംഗ് പറഞ്ഞത്.
ആര്‍മി ഓഫീസര്‍ മേജര്‍ ഡോ. രോഹിത് ബച്ച്വാല (31) ആര്‍മി മെഡിക്കല്‍ കോര്‍പ്സില്‍ മെഡിക്കല്‍ ഓഫീസറാണ്. ശരിയായ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് എത്തിക്കാനുള്ള സമയമോ സൗകര്യമോ ഇല്ലാത്തതിനാല്‍ തന്റെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങളെ ആശ്രയിക്കേണ്ടിവന്നുവെന്നാണ് ഡോ. രോഹിത് പറഞ്ഞത്.
പൊക്കിള്‍ക്കൊടി മുറുകെ പിടിക്കാന്‍ മുടി ക്ലിപ്പും കുഞ്ഞിന്റെ അവസ്ഥ ഉറപ്പാക്കിയ ശേഷം പോക്കറ്റ് കത്തി ഉപയോഗിച്ച് അത് മുറിക്കുകയും ചെയ്തുവെന്ന് ഡോക്ടര്‍ പറഞ്ഞു. അമ്മയും കുഞ്ഞും അപകടകരമായ അവസ്ഥയിലായിരുന്നുവെന്നും ഓരോ നിമിഷവും പ്രധാനമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.
പാഴാക്കാന്‍ സമയമില്ലാതിരുന്നതിനാല്‍ പ്രസവത്തിന് താത്ക്കാലികമായി ഒരു സ്ഥലമുണ്ടാക്കി ലഭ്യമായ സാധനങ്ങളുടെ സഹായത്തോടെ അടിസ്ഥാന ശുചിത്വം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആ നിമിഷം താന്‍ അവിടെ ഉണ്ടായിരുന്നത് ദൈവിക ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസവശേഷം, അമ്മയെയും കുഞ്ഞിനെയും റെയില്‍വേ ജീവനക്കാര്‍ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവിശ്വസനീയമാംവിധം, പ്രസവം നടത്തിയ ശേഷം മേജര്‍ ബച്ച്വാല കൃത്യസമയത്ത് ഹൈദരാബാദിലേക്കുള്ള തന്റെ ട്രെയിനില്‍ കയറി.