കാത്തിരിപ്പിന് ശുഭാന്ത്യം; 58 വര്‍ഷത്തിനിടെ ആദ്യമായി എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ജയം

കാത്തിരിപ്പിന് ശുഭാന്ത്യം; 58 വര്‍ഷത്തിനിടെ ആദ്യമായി എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ജയം


ബിര്‍മിങ്ങാം: നീണ്ട 58 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം.

1967 മുതല്‍ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ജയിക്കാനായിരുന്നില്ല. ശുഭ്മന്‍ ഗില്‍ എന്ന യുവനായകനു കീഴില്‍ ചരിത്ര ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 336 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനു മേല്‍ ജയം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സ് വിജയക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 271 റണ്‍സില്‍ അവസാനിച്ചു.

ഇന്ത്യക്കു വേണ്ടി 21.2 ഓവറില്‍ 99 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റും നേടിയിരുന്ന ആകാശ് ദീപിന് ഇതോടെ മത്സരത്തില്‍ പത്ത് വിക്കറ്റായി. കൂടാതെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടാമിന്നിങ്‌സില്‍ ഓരോ വിക്കറ്റ് വീഴ്ത്തി. സിറാജ് ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയിരുന്നു.

88 റണ്‍സെടുത്ത ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം മത്സരം ആരംഭിച്ച ഇംഗ്ലണ്ടിന് ഒല്ലി പോപ്പിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും ചേര്‍ക്കാന്‍ സാധിക്കാതെയായിരുന്നു പോപ്പിന്റെ മടക്കം. ആകാശ് ദീപാണ് പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്.

പിന്നാലെയെത്തിയ ഹാരി ബ്രൂക്കിനെയും ആകാശ് ദീപ് മടക്കി. പിന്നീട് ബെന്‍ സ്റ്റോക്‌സ്- ജാമി സ്മിത്ത് സഖ്യം 70 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും വാഷിങ്ടണ്‍ സുന്ദര്‍ ഇത് തകര്‍ത്തു. 33 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ച സ്റ്റോക്‌സ് വാഷിങ്ടണ്‍ സുന്ദറിന്റെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ എല്‍ബിഡബ്ല്യു ആയി. പിന്നീടുള്ള ബാറ്റര്‍മാരില്‍ ബ്രൈഡന്‍ കാര്‍സ് മാത്രമാണ് (38) ചെറുത്തുനില്‍പ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചത്.

അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായിരുന്നു ജയം. രണ്ടാം ടെസ്റ്റിലെ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-1 നിലയില്‍ ഒപ്പമെത്തി.