ന്യൂഡല്‍ഹി: ഒന്നോ രണ്ടോ ദിവസത്തിനകം ഇന്ത്യയും യു എസും മിനി ട്രേഡ് കരാറില്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്ന് സി എന്‍ ബി സി- ടി വി 18 റിപ്പോര്‍ട്ട് ചെയ്തു. കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇരുപക്ഷവും പൂര്‍ത്തിയാക്കിയതായും ഇതിലൂടെ വിശാലമായ വ്യാപാര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
മിനി കരാറിന് കീഴിലുള്ള ശരാശരി താരിഫ് ഏകദേശം 10 ശതമാനമായിരിക്കും. കൂടുതല്‍ സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ജൂലൈ 9ന് ശേഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഉയര്‍ന്ന താരിഫ് ആരംഭിക്കുന്ന ജൂലൈ 9 സമയപരിധിക്ക് മുമ്പ് നിരവധി വ്യാപാര കരാറുകളില്‍ അമേരിക്ക ഒപ്പുവെക്കുമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. വരും ദിവസങ്ങളില്‍ നിരവധി വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.
യു എസുമായി കാര്യമായ വ്യാപാര ബന്ധമില്ലാത്ത 100 ചെറിയ രാജ്യങ്ങള്‍ക്കും ട്രംപ് ഭരണകൂടം കത്തുകള്‍ അയയ്ക്കുമെന്നും ഏപ്രില്‍ 2ന് നിശ്ചയിച്ച ഉയര്‍ന്ന താരിഫ് നിരക്കുകള്‍ പിന്നീട് ജൂലൈ 9 വരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും അറിയിച്ചുകൊണ്ട് ബെസെന്റ് സി എന്‍ എന്നിന്റെ 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രോഗ്രാമില്‍ പറഞ്ഞിരുന്നു.
കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നില്ലെങ്കില്‍ ഓഗസ്റ്റ് 1ന് ഏപ്രില്‍ 2ലെ താരിഫ് നിരക്കിലേക്ക് ബൂമറാങ്ങായി മടങ്ങുമെന്ന് പറഞ്ഞു പ്രസിഡന്റ് ട്രംപ് ചില വ്യാപാര പങ്കാളികള്‍ക്ക് കത്തുകള്‍ അയയ്ക്കുമെന്നും അതിനാല്‍ വളരെ വേഗത്തില്‍ ധാരാളം ഡീലുകള്‍ ഉണ്ടാകുമെന്ന് കരുതുന്നതായും ബെസെന്റ് പറഞ്ഞു.