ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ മരിച്ചു; കാലാവസ്ഥാ വകുപ്പിന് വിമര്‍ശനം

ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ മരിച്ചു; കാലാവസ്ഥാ വകുപ്പിന് വിമര്‍ശനം


ഓസ്റ്റിന്‍: സെന്‍ട്രല്‍ ടെക്‌സസില്‍ ഉണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 43 പേര്‍ മരിച്ചതായി അധികൃതര്‍ ശനിയാഴ്ച സ്ഥിരീകരിച്ചു. സാന്‍ അന്റോണിയോയില്‍ നിന്ന് ഏകദേശം 85 മൈല്‍ വടക്കുപടിഞ്ഞാറായി ഗ്വാഡലൂപ്പ് നദിക്കടുത്താണ് ദുരന്തം സംഭവിച്ചത്.

രാത്രിയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് മരങ്ങളിലും മേല്‍ക്കൂരകളിലും കുടുങ്ങിയ 850ലധികം പേരെ അടിയന്തര സര്‍വീസുകളിലെ രക്ഷാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 15 ഇഞ്ച് വരെ മഴ പെയ്തതായും നദിയിലെ ജലനിരപ്പ് 29 അടിയായി ഉയര്‍ന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കെര്‍വില്ലയിലെ പ്രശസ്തമായ വേനല്‍ക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക്കില്‍ നിന്നുള്ള 27 പെണ്‍കുട്ടികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു. ''കാണാതായ 27 പേരെ' തിരഞ്ഞുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെയും കാണാതായിട്ടുണ്ടാകാം. വിശദ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല'- കെര്‍വില്ലെ സിറ്റി മാനേജര്‍ ഡാല്‍ട്ടണ്‍ റൈസ് പറഞ്ഞു.

മുന്നറിയിപ്പിന് മുമ്പ് വെള്ളപ്പൊക്കം

വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച വെള്ളപ്പൊക്കം പലരെയും അമ്പരപ്പിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് നദി ഉയര്‍ന്നതെന്ന് കെര്‍ കൗണ്ടി ജഡ്ജി റോബ് കെല്ലി പറഞ്ഞു. 'ഇത് ആരും മുന്‍കൂട്ടി കണ്ടിരുന്നില്ലെന്ന് അ്ദദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചവരില്‍ എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത സ്ഥിരീകരിച്ചു.

കെര്‍ കൗണ്ടിയില്‍ ഇപ്പോള്‍ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ ശമിച്ചിട്ടുണ്ടെങ്കിലും, ചുറ്റുമുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക നിരീക്ഷണം പ്രാബല്യത്തില്‍ ഉണ്ട്. മഴയുടെ തീവ്രത പ്രവചിക്കാത്തതിന് ദേശീയ കാലാവസ്ഥാ സര്‍വീസിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഒരു വര്‍ഷം മുഴുവന്‍ പ്രദേശത്ത് പെയ്യാറുള്ള മഴയുടെ അത്രയും ഇക്കഴിഞ്ഞ ദിവസം പെയ്തിട്ടും അത് മലസിലാക്കാന്‍ കാലാവസ്ഥാ വകുപ്പിന് കഴിഞ്ഞില്ല എന്നതാണ് വിമര്‍ശനത്തിന് കാരണം.
നേരത്തെ നല്‍കിയിരുന്ന 'മിതമായ' വെള്ളപ്പൊക്ക മുന്നറിയിപ്പ് പര്യാപ്തമായിരുന്നില്ലെന്ന് അംഗീകരിച്ച ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പ്രവചന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഭരണകൂടം അവലോകനം ചെയ്യുകയാണെന്ന് വ്യക്തമാക്കി.

ടെക്‌സസിലെ പ്രകൃതി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായങ്ങള്‍ അനുവദിക്കണമെന്ന ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റെ അഭ്യര്‍ത്ഥന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചു.

ട്രംപും പ്രഥമ വനിത മെലാനിയയും സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി. ദുരന്തനിവാരണത്തിന് ആദ്യം രംഗത്തിറങ്ങിയവരുടെ ശ്രമങ്ങളെ ഇരുവരും പ്രശംസിച്ചു.

അതേസമയം നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ അടുത്തിടെ ജീവനക്കാരുടെ എണ്ണം കുറച്ചതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്, ഇത് പ്രവചന കൃത്യതയെ തടസ്സപ്പെടുത്തിയിരിക്കാമെന്ന് ചില വിദഗ്ധര്‍ പറയുന്നു.

മിന്നല്‍ പ്രളയം മാരകമായി ബാധിച്ച ക്യാമ്പ് മിസ്റ്റിക്കില്‍ 700 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. സമീപത്തുള്ള മറ്റൊരു ക്യാമ്പായ ഹാര്‍ട്ട് ഒ' ദി ഹില്‍സ്, സഹ ഉടമയായ ജെയ്ന്‍ റാഗ്‌സ്‌ഡെയ്ല്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ആ സമയത്ത് ക്യാമ്പ് ശൂന്യമായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.