ഇറാന്റെ എണ്ണ- വാതക അടിസ്ഥാന സൗകര്യങ്ങള്‍ യു എസിന്റെ ലക്ഷ്യമല്ലെന്ന് ഊര്‍ജ്ജ സെക്രട്ടറി

ഇറാന്റെ എണ്ണ- വാതക അടിസ്ഥാന സൗകര്യങ്ങള്‍ യു എസിന്റെ ലക്ഷ്യമല്ലെന്ന് ഊര്‍ജ്ജ സെക്രട്ടറി


വാഷിങ്ടണ്‍: ഇറാനുമായി തുടരുന്ന യുദ്ധത്തിനിടെ ഇറാന്റെ എണ്ണ- വാതക അടിസ്ഥാന സൗകര്യങ്ങളെ അമേരിക്ക ലക്ഷ്യമിടില്ലെന്ന് യു എസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. പെട്രോളിയം, പ്രകൃതി വാതക മേഖലയിലെ തടസ്സങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. തെഹ്‌റാനും പരിസര പ്രദേശങ്ങളിലുമുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കവെ അവ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളാണെന്നും സാധാരണ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന പ്രാദേശിക ഫ്യൂവല്‍ ഡിപ്പോകളാണ് അവ എന്ന് റൈറ്റ് പറഞ്ഞു.

അമേരിക്ക ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നില്ല. ഇറാന്റെ എണ്ണ വ്യവസായം, പ്രകൃതി വാതക വ്യവസായം എന്നിവയിലൊന്നിനെയും ലക്ഷ്യമിടാനുള്ള പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, പെട്രോളിയം- വാതക വിതരണത്തിലെ തടസ്സങ്ങള്‍ ദീര്‍ഘകാലം നീളില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് കടല്‍പ്പാതയില്‍ ഗതാഗതം  തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ആഗോള ഊര്‍ജ്ജ വിപണിയില്‍ സമ്മര്‍ദം വര്‍ധിക്കുകയും എണ്ണവില ഉയരുകയും ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രകാരം ലോകത്തിലെ മൊത്തം എണ്ണ ഉത്പാദനത്തില്‍ ഏകദേശം നാല് ശതമാനം ഇറാന്റെ പങ്കാണ്.

അതേസമയം, ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഖി അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടത് യുദ്ധത്തെ അപകടകരമായ പുതിയ ഘട്ടത്തിലേക്ക് നയിച്ചുവെന്ന് ആരോപിച്ചു.

എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഇറാന്‍ ജനതയ്ക്കെതിരായ യു എസ്- ഇസ്രായേല്‍ ആക്രമണം പുതിയ അപകടകരമായ ഘട്ടത്തിലേക്ക് കടന്നുവെന്നും ഇന്ധന സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണം ഇറാന്‍ പൗരന്മാര്‍ക്കെതിരായ ഉദ്ദേശ്യപൂര്‍വമായ രാസയുദ്ധം പോലെയാണെന്നും  അദ്ദേഹം ആരോപിച്ചു. 

ഫ്യൂവല്‍ ഡിപ്പോകള്‍ ആക്രമിച്ചതിലൂടെ വിഷവാതകങ്ങളും അപകടകരമായ രാസവസ്തുക്കളും അന്തരീക്ഷത്തിലേക്ക് വിടപ്പെടുന്നു. ഇത് സാധാരണ ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കും. ഈ ദുരന്തത്തിന്റെ ഫലങ്ങള്‍ ഇറാന്റെ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങില്ലെന്നും ബാഖി കൂട്ടിച്ചേര്‍ത്തു.