സി എഫ് പി ബി തകര്‍ക്കാനും തൊഴിലുകള്‍ വെട്ടിക്കുറക്കാനുമുള്ള ട്രംപ് ഭരണത്തിനെതിരെ ഫെഡറല്‍ കോടതി

സി എഫ് പി ബി തകര്‍ക്കാനും തൊഴിലുകള്‍ വെട്ടിക്കുറക്കാനുമുള്ള ട്രംപ് ഭരണത്തിനെതിരെ ഫെഡറല്‍ കോടതി


വാഷിംഗ്ടണ്‍ ഡിസി: ഉപഭോക്തൃ സാമ്പത്തിക സംരക്ഷണ ബ്യൂറോ (സി എഫ് പി ബി) തകര്‍ക്കാനും തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനും ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ താത്ക്കാലികമായി തടയണമെന്ന് ഫെഡറല്‍ കോടതി ഉത്തരവിട്ടു.

വാഷിംഗ്ടണ്‍ ഡി സിയിലെ യു എസ് ജില്ലാ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 'പ്രത്യേക കാരണമില്ലാതെ സി എഫ് പി ബിക്ക് ഒരു ജീവനക്കാരെയും പിരിച്ചുവിടാന്‍ കഴിയില്ല കൂടാതെ വ്യാപകമായ തൊഴില്‍ കുറയ്ക്കലുകള്‍ നടത്തുവാന്‍ അനുവദിക്കില്ല എന്ന് കോടതി പറഞ്ഞു.

ഈ ആഴ്ച തുടക്കത്തില്‍ സി എഫ് പി ഡസന്‍കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഉടന്‍ തന്നെ കൂടുതല്‍ വെട്ടിക്കുറയലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജീവനക്കാരുടെ യൂണിയനും മറ്റ് സംഘടനകളും ചേര്‍ന്ന് കോടതിയില്‍ താല്‍ക്കാലിക നിരോധന ഉത്തരവിനായി ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

സി എഫ് പി ബിയുടെ കരുതല്‍ ഫണ്ടുകള്‍ ഫെഡറല്‍ റിസര്‍വിലേക്കോ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലേക്കോ കൈമാറുന്നത് തടഞ്ഞ് കോടതി ഉത്തരവിട്ടു. ഈ നീക്കം ഏജന്‍സിയെ പൂര്‍ണമായും ധനസഹായമില്ലാത്ത നിലയിലാക്കുമായിരുന്നു. കൂടാതെ സി എഫ് പി ബിയുടെ യാതൊരു ഡാറ്റയും രേഖകളും ഇല്ലാതാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 3 വരെ ഉത്തരവ് നിലനില്‍ക്കും

ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ച് ആഴ്ചകളായി സിഎഫ്പിബി തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ട്രംപിന്റെ ബജറ്റ് മാനേജര്‍ റസ്സലും ഇലോണ്‍ മസ്‌ക്കിന്റെ 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി' എന്ന വിഭാഗത്തില്‍ നിന്നുള്ള ഒരു സംഘം സി എഫ് പി ബിയില്‍ വിന്യസിക്കുകയും ചെയ്തു.

സാമ്പത്തിക സ്ഥാപനങ്ങളെ മേല്‍നോട്ടം വഹിക്കുന്ന പ്രധാന റെഗുലേറ്ററാണ് സി എഫ് പി ബി. ബാങ്ക് ഓഫ് അമേരിക്ക, ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ സി എഫ് പി ബിയുടെ മേല്‍നോട്ടത്തിലാണ്.

തെറ്റായ ധനകാര്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ പ്രൊഫസര്‍ എലിസബത്ത് വോറന്റെ നിര്‍ദ്ദേശപ്രകാരമാണ് സി എഫ് പി ബി സ്ഥാപിച്ചത്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വന്‍ബാങ്കുകളും ഈ ഏജന്‍സിയെ എപ്പോഴും വിമര്‍ശിച്ചിരുന്നു.

എഫിഷ്യന്‍സി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സി എഫ് പി ബി നെറ്റ്വര്‍ക്കില്‍ പ്രവേശിച്ചിരുന്നതും അതിലുണ്ടായിരുന്ന വിവരങ്ങളും രഹസ്യങ്ങളും അപകടത്തിലായേക്കാമെന്നതും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ആശങ്കയോടെ ഉറ്റുനോക്കുന്നു.

യൂണിയന്‍, എന്‍ എ എ സി പി (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് കളേര്‍ഡ് പീപ്പിള്‍) എന്നിവ ചേര്‍ന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വോട്ട് സി എഫ് പി ബിയുടെ മുഴുവന്‍ ബജറ്റും റദ്ദാക്കാനും ആസ്ഥാനത്തിന്റെ കരാര്‍ അവസാനിപ്പിക്കാനും ജീവനക്കാരുടെ 95 ശതമാനം വരെ പിരിച്ചുവിടാനുമാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചിരുന്നു.

കോടതിയുടെ ഇടപെടല്‍ സി എഫ് പി ബി ജീവനക്കാര്‍ക്കും ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ക്കുമുള്ള വിജയമാണ്.