വാഷിങ്ടൺ: 39 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കിയ കുടിയേറ്റ നിയന്ത്രണങ്ങൾ ഫെഡറൽ കോടതി റദ്ദാക്കി. അഭയാർഥി അപേക്ഷകൾ, തൊഴിൽ അനുമതികൾ, ഗ്രീൻ കാർഡ്, പൗരത്വ അപേക്ഷകൾ എന്നിവയുടെ പരിഗണനയെ ബാധിക്കുന്ന നടപടികളാണ് നിയമവിരുദ്ധമെന്ന് കോടതി കണ്ടെത്തിയത്.
ഫെഡറൽ ജില്ലാ ജഡ്ജി ജോൺ മാക്കൊണൽ പുറപ്പെടുവിച്ച 135 പേജുള്ള വിധിയിലാണ് ട്രംപ് ഭരണകൂടത്തിന് തിരിച്ചടി ലഭിച്ചത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 39 രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ ഈ നയം അനിശ്ചിതത്വത്തിലാക്കിയതായി കോടതി നിരീക്ഷിച്ചു.
2025 നവംബറിൽ വാഷിങ്ടണിൽ ഒരു അഫ്ഗാൻ കുടിയേറ്റക്കാരൻ രണ്ട് നാഷണൽ ഗാർഡ് സൈനികർക്കുനേരെ വെടിയുതിർക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ തുടർന്നാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. തുടർന്ന് ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ചില രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകളുടെ നടപടികൾ കർശനമാക്കുകയായിരുന്നു.
എന്നാൽ അപേക്ഷകരുടെ ജന്മദേശം മാത്രമാണ് ഇവരെ നിയന്ത്രണങ്ങൾ ബാധിക്കാൻ കാരണമെന്നും അവർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുടെ പേരിൽ കുടിയേറ്റവിരുദ്ധ സമീപനമാണ് മറച്ചുവെക്കുന്നതെന്ന വിമർശനവും ജഡ്ജി വിധിയിൽ രേഖപ്പെടുത്തി.
അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ്‌സൂചന നൽകി. നിയമത്തിന്റെ മറവിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലാണ് കോടതി വിധിയെന്ന് വകുപ്പ് പ്രതിനിധികൾ ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുമെന്നും ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഫെഡറൽ കോടതിയുടെ പുതിയ വിധി അദ്ദേഹത്തിന്റെ കുടിയേറ്റ നയങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
39 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരായ ട്രംപിന്റെ നിയന്ത്രണങ്ങൾ റദ്ദാക്കി; ഭരണകൂടത്തിന് തിരിച്ചടിയായി ഫെഡറൽ കോടതി വിധി
