ഈ പ്രസിഡന്റിനോടൊപ്പം വിജയിക്കാന്‍ പോകുന്നില്ലെന്ന് ജോര്‍ജ്ജ് ക്ലൂണി

ഈ പ്രസിഡന്റിനോടൊപ്പം വിജയിക്കാന്‍ പോകുന്നില്ലെന്ന് ജോര്‍ജ്ജ് ക്ലൂണി


വാഷിംഗ്ടണ്‍: വര്‍ഷങ്ങളോളം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്ന ജോര്‍ജ് ക്ലൂണിക്ക് ഉറപ്പുണ്ട് നവംബറിലെ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയിക്കാനാവില്ലെന്ന്. ജോ ബൈഡന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ജോര്‍ജ്ജ് ക്ലൂണി രൂക്ഷമായ ഭാഷയിലാണ് അഭിപ്രായപ്രകടനം നടത്തിയത്. 

ന്യൂയോര്‍ക്ക് ടൈംസിനായി എഴുതിയ ബോംബ് ഷെല്‍ ഓപ്-എഡില്‍ പുതിയ സ്ഥാനാര്‍ഥിയെ തിരയാന്‍ ക്ലൂണി ഡെമോക്രാറ്റുകളോട് അഭ്യര്‍ഥിച്ചു. ഓസ്‌കാര്‍ ജേതാവും നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ക്ലൂണിയുടെ അഭിപ്രായത്തില്‍ ബൈഡന്‍ ഇപ്പോള്‍ മുമ്പ് ഉണ്ടായിരുന്ന അതേ വ്യക്തിയല്ല. 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഏറ്റവും വലിയ ധനസമാഹരണക്കാരില്‍ ഒരാളാണ് 63-കാരനായ ക്ലൂണി. തന്റെ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. 2012-ല്‍ ബരാക് ഒബാമ, 2016-ല്‍ ഹിലാരി ക്ലിന്റണ്‍, 2020-ല്‍ ജോ ബൈഡന്‍ എന്നിവര്‍ക്കായി ധനസമാഹരണം നടത്തിയിട്ടുണ്ട്. പ്രസിഡന്റ് ബൈഡന്റെ രണ്ടാം തെരഞ്ഞെടുപ്പിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന ഏറ്റവും വലിയ ഫണ്ട് സമാഹരണത്തിന് കഴിഞ്ഞ മാസം സഹ-ആതിഥേയത്വം വഹിക്കുകയും ചെയ്തു. 

സാഹചര്യത്തിന്റെ ഗൗരവവും പാര്‍ട്ടിയോടുള്ള തന്റെ അര്‍പ്പണബോധവും ഉയര്‍ത്തിക്കാട്ടാനാണ് ധനസമാഹരണത്തിലെ തന്റെ പങ്കാളിത്തം താന്‍ പരാമര്‍ശിക്കുന്നതെന്ന് താരം വ്യക്തമാക്കി.

'ആജീവനാന്ത ഡെമോക്രാറ്റ്' എന്ന് സ്വയം വിളിക്കുന്ന ക്ലൂണി 81കാരനായ ബൈഡന്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന അഭിപ്രായക്കാരനാണ്. 

സെനറ്ററായും വൈസ് പ്രസിഡന്റായും പ്രസിഡന്റായും സുഹൃത്തായും താന്‍ ജോ ബൈഡനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ധാര്‍മികതയിലും വിശ്വാസമുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി ബൈഡന്‍ നേരിട്ട പല യുദ്ധങ്ങളും അദ്ദേഹം വിജയിച്ചുവെന്നും ക്ലൂണി എഴുതി. 

എന്നാല്‍ അദ്ദേഹത്തിന് ജയിക്കാന്‍ കഴിയാത്ത യുദ്ധം സമയത്തിനെതിരായതാണെന്നും അത്തരത്തിലൊരു ജയം നമ്മില്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം ഫണ്ട് ശേഖരണത്തില്‍ മൂന്നാഴ്ച മുമ്പ് താന്‍ കൂടെയുണ്ടായിരുന്ന ജോ ബൈഡന്‍ 2010ലെ ജോ 'ബിഗ് എഫ്-ഇംഗ് ഡീല്‍' ബൈഡന്‍ ആയിരുന്നില്ലെന്നും 2020ലെ ജോ ബൈഡന്‍ പോലുമായിരുന്നില്ലെന്നും സംവാദത്തില്‍ എല്ലാവരും കണ്ട അതേ മനുഷ്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്ക് ഹൗസ് ജയിക്കാനാവില്ലെന്നും സെനറ്റ് നഷ്ടപ്പെടുമെന്നും പറഞ്ഞ ക്ലൂണി ഇത് തന്റെ മാത്രം അഭിപ്രായമല്ലെന്നും താന്‍ സ്വകാര്യമായി സംസാരിച്ച എല്ലാ സെനറ്റര്‍മാരുടെയും കോണ്‍ഗ്രസ് അംഗങ്ങളുടെയും ഗവര്‍ണറുടെയും അഭിപ്രായമാണെന്നും ആരും പരസ്യമായി പറയുന്നില്ലെന്നേയുള്ളുവെന്നും ചൂണ്ടിക്കാട്ടി.