ജോര്‍ജിയ: പ്രസിഡന്റ് ഡൈാണള്‍ഡ് ട്രംപിനെതിരെ നിലനിന്നിരുന്ന അവസാനത്തെ ക്രിമിനല്‍ കേസ് ബുധനാഴ്ച കോടതി തള്ളി. അതോടെ 2020 തെരഞ്ഞെടുപ്പ് ഫലം മറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ക്രിമിനല്‍ ഉത്തരവാദിത്തം ചുമത്താനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിച്ചു.
കഴിഞ്ഞ വര്‍ഷം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപിനെതിരെ ഉണ്ടായിരുന്ന മൂന്ന് ക്രിമിനല്‍ കേസുകളും ഇതോടെ പരാജയപ്പെ്ട്ടിരിക്കുകയാണ്. ട്രംപിന്റെ മുന്‍ സ്വകാര്യ അഭിഭാഷകന്‍ റൂഡോള്‍ഫ് ഡബ്ല്യു ഗിയുലാനി, വൈറ്റ് ഹൗസ് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മീഡോസ് എന്നിവരുള്‍പ്പെടെയുള്ള നിരവധി പേരും ജോര്‍ജിയയിലെ കലാപ കേസില്‍ പ്രതികളാണ്.
ബുധനാഴ്ച രാവിലെ പ്രോസിക്യൂട്ടര്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റ് സ്‌കന്‍ഡലാകിസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചത്. ക്രിമിനല്‍ ശിക്ഷകള്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നയാള്‍ക്ക് ബാധകമല്ല. എന്നാല്‍ ഈ കേസ് ഒരിക്കല്‍ ട്രംപിന് ഗുരുതരമായ നിയമഭീഷണിയായി കണക്കാക്കപ്പെട്ടിരുന്നു.
ജീവിതം മുഴുവന്‍ പ്രോസിക്യൂട്ടറായി സേവനം അനുഷ്ഠിച്ച സ്‌കന്‍ഡലാകിസ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ ഡെമോക്രാറ്റായും പിന്നീട് റിപ്പബ്ലിക്കനായി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഫുള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഫാനി ടി വില്ലിസ് സമര്‍പ്പിച്ച കേസിനെ 22 പേജുള്ള ഹര്‍ജിയില്‍ ഓരോ കുറ്റവിഷയവും വേര്‍തിരിച്ച് നിരാകരിക്കുകയും 'തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്യുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമല്ലെ'ന്നും വ്യക്തമാക്കുകയും ചെയ്തു.
2020ലെ തെരഞ്ഞെടുപ്പ് ശേഷം അധികാരത്തില്‍ തുടര്‍ന്നിരിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ അന്വേഷിക്കാന്‍ ഏറ്റവും അനുയോജ്യമായത് പ്രസിഡന്റ് ബൈഡന്‍ ഭരണത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് നിയമിച്ച സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്ത് നടത്തിയ അന്വേഷണമാണ് എന്നും അദ്ദേഹം വിലയിരുത്തി. ഒരു സിറ്റിംഗ് പ്രസിഡന്റിനെതിരായി ജോര്‍ജിയയില്‍ കേസ് തുടരുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം യു എസ് സുപ്രിം കോടതി നല്‍കിയ ചരിത്രപരമായ വിധിയെ അദ്ദേഹം ചൂണ്ടിക്കാട്ടി ഭരണഘടനാപരമായ അധികാര പരിധിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റുകള്‍ക്ക് പൂര്‍ണ്ണമായ ക്രിമിനല്‍ ഇമ്മ്യൂണിറ്റി ലഭ്യമാണെന്ന് വ്യക്തമാക്കുന്ന ആ വിധി പ്രകാരം ജോര്‍ജിയ കോടതികളില്‍ ഇമ്മ്യൂണിറ്റി സംബന്ധിച്ച നിയമപരമായ പോരാട്ടങ്ങള്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അതെല്ലാം ട്രംപ് 2029-ല്‍ പദവി ഒഴിഞ്ഞതിന് ശേഷമേ നടക്കുകയുള്ളുവെന്നും സ്‌കന്‍ഡലാകിസ് നിരീക്ഷിച്ചു.
