ന്യൂയോര്‍ക്ക്: നിരവധി റസ്റ്റോറന്റുകളില്‍ മൂന്നു മില്യണ്‍ ഡോളറിന്റെ അനധികൃത ചൂതാട്ടം നടത്തിയതിന് 39 പേര്‍ അറസ്റ്റിലായി. ഇവരില്‍ കുപ്രസിദ്ധ ഇറ്റാലിയന്‍- അമേരിക്കന്‍ മാഫിയയായ ലുച്ചെസ് ക്രൈം ഫാമിലിയിലെ ഉന്നതരും ഒരു ഇന്ത്യന്‍ വംശജനായ രാഷ്ട്രീയക്കാരനും ഉള്‍പ്പെടുന്നു എന്നാണ് വിവരം.
ഇന്ത്യന്‍ വംശജനായ രാഷ്ട്രീയക്കാരനും ന്യൂജഴ്‌സി കൗണ്‍സില്‍ അംഗവും പ്രാദേശിക ബിസിനസ് ഉടമയുമായ ആനന്ദ് ഷാ എന്ന നാല്‍പത്തൊന്നുകാരന്‍ ന്യൂയോര്‍ക്കിലെ അനധികൃത ചൂതാട്ട കേന്ദ്രങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നതായി ന്യൂജഴ്‌സി അറ്റോര്‍ണി ജനറല്‍ മാത്യു പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഫ്‌ലോറിഡയില്‍ നിന്നുള്ള പോക്കര്‍ ഹോസ്റ്റായ മറ്റൊരു ഇന്ത്യന്‍ വംശജന്‍ സമീര്‍ നദ്കര്‍ണിക്കെതിരെയും യു എസ് പൊലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.
ന്യൂജഴ്‌സിയിലും ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലും മറ്റും റസ്റ്റോറന്റുകളെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നിരവധി പോക്കര്‍ ഗെയിമുകള്‍ രഹസ്യമായി നടത്തുന്നതായി യു എസ് പൊലീസ് നടത്തിയ റെയ്ഡുകളില്‍ കണ്ടെത്തിയിരുന്നു.