വാഷിംഗ്ടണ്‍: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വലിയ വ്യാപാര കരാര്‍ തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേതാണെന്ന് അമേരിക്കന്‍ കൊമേഴ്സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്ട്നിക്. മോഡി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിട്ട് വിളിക്കാതിരുന്നതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ലുട്ട്നിക് 'ഓള് ഇന്‍' പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയത്. 'കരാര്‍ ഞാന്‍ സജ്ജമാക്കിയിരുന്നു. മോഡി ട്രംപിനെ വിളിക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാല്‍ ഇന്ത്യ അതില്‍ അസൗകര്യം പ്രകടിപ്പിച്ചു. ഒടുവില്‍ മോഡി വിളിച്ചില്ല,' എന്നും ലുട്ട്നിക് പറഞ്ഞു.
ട്രംപിന്റെ രണ്ടാം കാലാവധിയില്‍ ആദ്യമായി കരാര്‍ ഒപ്പിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അമേരിക്ക മറ്റ് രാജ്യങ്ങളുമായി ഉയര്‍ന്ന തീരുവയില്‍ കരാറുകള്‍ പൂര്‍ത്തിയാക്കിയതായും ലുട്ട്നിക് വ്യക്തമാക്കി. ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നിവയുമായി നടത്തിയ കരാറുകള്‍ അതേ ഘട്ടത്തില്‍ അന്തിമമാക്കി പ്രഖ്യാപിച്ചതോടെ ഇന്ത്യ കരുതിയിരുന്ന വ്യവസ്ഥകള്‍ അസാധുവായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ പിന്നീട് വിളിച്ച് 'ഞങ്ങള്‍ തയ്യാറാണ്' എന്നു പറഞ്ഞപ്പോള്‍, 'എന്തിന് തയ്യാറാണ്?' എന്നായിരുന്നു എന്റെ പ്രതികരണം,' എന്നും ലുട്ട്നിക് കൂട്ടിച്ചേര്‍ത്തു. ഇതോടെ മുമ്പ് ധാരണയായിരുന്ന കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതായും 'ഇപ്പോള്‍ അതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല' എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇതിനിടെ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള കടുത്ത ഉപരോധ ബില്ലിന് ട്രംപ് അംഗീകാരം നല്‍കിയതോടെ ഇന്ത്യയ്ക്ക് മേല്‍ കൂടി സമ്മര്‍ദ്ദം വര്‍ധിച്ചിട്ടുണ്ട്. ലിന്‍ഡ്സി ഗ്രഹാം-റിച്ചാര്‍ഡ് ബ്ലൂമെന്താല് എന്നിവര്‍ തയ്യാറാക്കിയ ബില്‍ പ്രകാരം ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 500 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കയ്ക്ക് അധികാരമുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് 'പുടിന്റെ യുദ്ധത്തിന് ധനസഹായമാകുന്നു' എന്നും, ഈ ബില്‍ ട്രംപിന് 'വലിയ ലീവറേജ് ' നല്‍കുമെന്നും ലുട്ട്നിക് പറഞ്ഞു.
ഇതിന് മുമ്പ് തന്നെ, റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ തുടരുന്നതില്‍ ട്രംപ് നീരസം അറിയിച്ചിരുന്നുവെന്നും, തീരുവകള്‍ 'വളരെ വേഗത്തില്‍' ഉയര്‍ത്തുമെന്ന് മോഡിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2025ല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതികള്‍ക്ക് ട്രംപ് 50 ശതമാനം വരെ തീരുവ ഇരട്ടിയാക്കിയതോടെയാണ് വ്യാപാര ചര്‍ച്ചകള്‍ പൂര്‍ണ്ണമായി തകര്‍ന്നത്. ഇതില്‍ 25 ശതമാനം നേരിട്ട് റഷ്യന്‍ എണ്ണ വാങ്ങലുമായി ബന്ധിപ്പിച്ച പ്രതികാര തീരുവയുമായിരുന്നു. ലുട്ട്നിക്കിന്റെ പുതിയ പരാമര്‍ശങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.
' മോഡിയുടെ ഫോണ്‍ വിളിയില്ല; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ തകര്‍ന്നു' - കുറ്റപ്പെടുത്തി ട്രംപ് ഭരണകൂടം
