വാഷിങ്ടണ്‍: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥനാകാന്‍ പാകിസ്ഥാനിന് വിശ്വാസ്യതയില്ലെന്ന വിമര്‍ശനവുമായി അമേരിക്കന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹം രംഗത്ത്. ഇസ്രായേലിനെതിരായ പാകിസ്ഥാന്റെ ദീര്‍ഘകാല നിലപാടും ഇറാനുമായുള്ള അടുത്ത ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഗ്രഹാം വിമര്‍ശനം ഉന്നയിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ കുറിപ്പിലാണ് ഗ്രഹാം വിമര്‍ശനം ഉന്നയിച്ചത്. പാകിസ്ഥാന്‍ മധ്യസ്ഥനാകുന്നതില്‍ തനിക്ക് താത്പര്യമില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ ഇറാന്റെ സൈനിക വിമാനങ്ങള്‍ പാകിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ എത്തിച്ചെന്ന റിപ്പോര്‍ട്ടുകളും പാകിസ്ഥാനിലെ ഉന്നത നേതാക്കളുടെ ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശങ്ങളും ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണവത്കരിക്കുന്നതിനായുള്ള അബ്രഹാം അക്കോഡ്‌സ് സംബന്ധിച്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പഴയ പരാമര്‍ശവും ഗ്രഹാം ഉദ്ധരിച്ചു. ഇസ്രായേലിനെ വിശ്വസിക്കാത്തതിനാല്‍ പാകിസ്ഥാന്‍ ഒരിക്കലും അബ്രഹാം അക്കോര്‍ഡ്‌സില്‍ ചേരില്ലെന്നായിരുന്നു ആ പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം, കൂടുതല്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ അബ്രഹാം അക്കോര്‍ഡ്‌സില്‍ ചേരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയ ആഹ്വാനത്തിന് പാകിസ്ഥാന്‍ ഇപ്പോള്‍ തന്നെ മറുപടി നല്‍കണമെന്നും ഗ്രഹാം ആവശ്യപ്പെട്ടു.
അടുത്തിടെ ഇസ്രായേലുമായുള്ള ബന്ധം സാധാരണവത്കരിക്കാന്‍ പാകിസ്ഥാന്‍, സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി ട്രംപ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനുമായി സാധ്യതയുള്ള കരാറിനും യുദ്ധാനന്തര പശ്ചിമേഷ്യന്‍ ക്രമീകരണങ്ങള്‍ക്കുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.
അതേസമയം, സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് പാകിസ്ഥാന്‍ ചരിത്രപരമായി സ്വീകരിച്ചിട്ടുള്ളത്. ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടികളെ ഇസ്ലാമാബാദ് പലതവണ അപലപിക്കുകയും സമീപകാല പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇറാനെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രഹാമിന്റെ പുതിയ പരാമര്‍ശങ്ങള്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളില്‍ നയതന്ത്ര പാലമാകാന്‍ പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കൂടുതല്‍ സങ്കീര്‍ണത സൃഷ്ടിക്കുമെന്നാണു വിലയിരുത്തല്‍.
