തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ ബന്ധമുള്ള ഇടപെടല്‍ ആരോപണം; ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചു

തെരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ ബന്ധമുള്ള ഇടപെടല്‍ ആരോപണം; ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചു


പാരിസ്: സമീപകാല പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ തെറ്റായ പ്രചാരണങ്ങളിലൂടെ അതിതീവ്ര ഇടതുപക്ഷ സ്ഥാനാര്‍ഥികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ബന്ധമുള്ള ഒരു കമ്പനി ഇടപെട്ടെന്ന ആരോപണത്തില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചു.

ലാ ഫ്രാന്‍സ് ഇന്‍സൂമിസ് പാര്‍ട്ടിയിലെ മൂന്ന് നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചത്. വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കല്‍, സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ കൃത്രിമമായി നിയന്ത്രിക്കല്‍, വ്യാജ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

മാര്‍സെയില്‍ സ്വദേശിയായ സെബാസ്റ്റ്യന്‍ ഡെലുഗു, സ്‌പെക്ന്‍സെ ഫ്രാങ്കോയ്‌സ് പിക്വമല്‍, റൂബെയിലെ ഡേവിഡ് ഗ്വറാഡ് എന്നിവരാണ് പരാതി നല്‍കിയ നേതാക്കള്‍. ഡെലോഗുവും പിക്വമലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഗിറോഡ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

തന്റെ സോഷ്യല്‍ മീഡിയ പാസ്വേഡുകള്‍ ഓണ്‍ലൈനില്‍ ചോര്‍ത്തുകയും ഏറ്റവും മോശമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ പേജുകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പിക്വമലിന്റെ ആരോപണം.

പാലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് തങ്ങളെ ലക്ഷ്യമിട്ടതെന്നാണ് മൂന്ന് നേതാക്കളുടെയും ആരോപണം.

ഓണ്‍ലൈന്‍ തെറ്റായ പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്ന ഫ്രാന്‍സിന്റെ ഏജന്‍സിയായ വിജിനം കൃത്രിമമായും ഓട്ടോമേറ്റഡ് രീതിയിലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ശൃംഖല കണ്ടെത്തിയതായി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിദേശത്ത് നിന്നുള്ള ഒരു വിഭാഗം സംഘടിപ്പിച്ച ഈ ദുഷ്പ്രചാരണ നീക്കം പൗരന്മാര്‍ക്ക് ലഭിക്കുന്ന വിവരങ്ങളെ മനപ്പൂര്‍വം വികലമാക്കാന്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്തിന്റെ അടിസ്ഥാന താത്പര്യങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ളതാണെന്ന് വിജിനം വ്യക്തമാക്കി.

അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രകാരം, ഈ പ്രവര്‍ത്തനങ്ങളുടെ ഉറവിടം ഇസ്രായേലിലാണെന്ന സൂചനകളുണ്ട്. ഫ്രാന്‍സിലെ ഇടതുപക്ഷ പത്രമായ ലിബറേഷനും ഇസ്രായേല്‍ പത്രമായ ഹാരറ്റ്‌സും ചില കമ്പനികളെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി എ എഫ് പി വ്യക്തമാക്കി.

അതേസമയം, ആരോപണ വിധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്നതിന് നിലവില്‍ തെളിവുകളില്ലെന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. ഇടപെടല്‍ എന്നത് ഒരു വിദേശ വ്യക്തിയുടെയോ കമ്പനിയുടെയോ താത്പര്യങ്ങളെ കുറിച്ചല്ലെന്നും മറിച്ച് ഒരു വിദേശ രാഷ്ട്രത്തിന്റെ താത്പര്യങ്ങളെ കുറിച്ചാണ്. അത്തരത്തിലുള്ള സര്‍ക്കാര്‍ തല ഇടപെടലിന്റെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.