ജെഫ് ബെസോസിനെ മറികടന്ന് മൈക്കല്‍ ഡെല്‍ ലോകത്തിലെ മൂന്നാമത്തെ സമ്പന്നന്‍

ജെഫ് ബെസോസിനെ മറികടന്ന് മൈക്കല്‍ ഡെല്‍ ലോകത്തിലെ മൂന്നാമത്തെ സമ്പന്നന്‍


ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ മറികടന്ന് ഡെല്‍ ടെക്നോളജീസ് സ്ഥാപകന്‍ മൈക്കല്‍ ഡെല്‍ ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായ വ്യക്തിയായി. ആഗോള ശതകോടീശ്വര പട്ടികയില്‍ ആദ്യമായാണ് മൈക്കല്‍ ഡെല്‍ ആദ്യ മൂന്നില്‍ ഇടംനേടുന്നത്. ഡെല്‍ ടെക്നോളജീസിന്റെ ഓഹരി വിലയില്‍ മാസങ്ങളായി തുടരുന്ന കുതിപ്പാണ് അദ്ദേഹത്തിന്റെ സമ്പത്തില്‍ വന്‍ വര്‍ധനവിന് വഴിയൊരുക്കിയത്.

ചൊവ്വാഴ്ച ഡെല്‍ ടെക്നോളജീസിന്റെ ഓഹരി വില 1.9 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് ക്ലോസിങ് നിരക്കായ 533.88 ഡോളറിലെത്തി. ഇതോടെ മൈക്കല്‍ ഡെല്ലിന്റെ വ്യക്തിഗത സമ്പത്തില്‍ 4.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായി. അദ്ദേഹത്തിന്റെ ആകെ ആസ്തി 267.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ഫോബ്സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 277.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 942 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ടെസ്ല സി ഇ ഒ എലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത് തുടരുന്നു.

ജെഫ് ബെസോസ് നാലാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്്. ആമസോണിന്റെ ഓഹരി വില 0.6 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് ബെസോസിന്റെ സമ്പത്തില്‍ 1.4 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. അദ്ദേഹത്തിന്റെ ആസ്തി 265.2 ബില്യണ്‍ ഡോളറായി.

മൈക്കല്‍ ഡെല്ലിന്റെ ശതകോടീശ്വര പട്ടികയിലെ മുന്നേറ്റം അസാധാരണ വേഗത്തിലാണെന്ന് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു.

61കാരനായ ഡെല്‍ 2026ന്റെ തുടക്കത്തില്‍ 141 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആഗോള പട്ടികയില്‍ 13-ാം സ്ഥാനത്തായിരുന്നു. വര്‍ഷത്തിന്റെ തുടക്കം മുതല്‍ അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം 90 ശതമാനം വര്‍ധിച്ചു. 126.7 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഈ കാലയളവിലുണ്ടായത്.

ഈ മുന്നേറ്റത്തിനിടെ മെറ്റ സഹസ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ എന്നിവരെയും ഡെല്‍ മറികടന്നു. ഒടുവില്‍ ബെസോസിനെയും പിന്നിലാക്കിയാണ് മൂന്നാം സ്ഥാനത്തെത്തിയത്.

ഡെല്‍ ടെക്നോളജീസിലെ ഏകദേശം 40 ശതമാനം ഓഹരി ഉടമസ്ഥതയാണ് മൈക്കല്‍ ഡെല്ലിന്റെ സമ്പത്തിലെ ഈ വന്‍ വര്‍ധനവിന് പ്രധാന കാരണം. നിര്‍മിത ബുദ്ധി (എ ഐ) സംവിധാനങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ കംപ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങളുടെ വിപണിയിലെ വര്‍ധിച്ച ആവശ്യകതയാണ് കമ്പനിയുടെ ഓഹരിവില ഉയരാന്‍ പ്രധാന കാരണം. ഈ വര്‍ഷം ഇതുവരെ ഡെല്‍ ടെക്നോളജീസിന്റെ ഓഹരി വില 327 ശതമാനം ഉയര്‍ന്നു.

ഡെല്ലിന്റെ സമ്പത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ സ്വകാര്യ നിക്ഷേപ സ്ഥാപനമായ ഡി എഫ് ഒ മാനേജ്മെന്റിലൂടെയും കൈകാര്യം ചെയ്യുന്നു. കോര്‍പ്പറേറ്റ് ക്രെഡിറ്റ്, ഹോട്ടല്‍ മേഖലകളിലെ ആസ്തികളും സ്ഥാപനത്തിന്റെ നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നു.

മൈക്കല്‍ ഡെല്ലിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് 1984ലാണ്. 19-ാം വയസ്സില്‍ ടെക്സസ് സര്‍വകലാശാലയിലെ ഓസ്റ്റിന്‍ ക്യാംപസില്‍ പഠിക്കുമ്പോഴാണ് വെറും 1,000 ഡോളര്‍ മൂലധനവുമായി അദ്ദേഹം കംപ്യൂട്ടര്‍ ബിസിനസ് ആരംഭിച്ചത്.

പിന്നീട് പഠനം ഉപേക്ഷിച്ച് സംരംഭത്തില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ച ഡെല്‍, ഡോര്‍മിറ്ററിയില്‍ നിന്ന് ആരംഭിച്ച ചെറിയ സംരംഭത്തെ ആഗോള സാങ്കേതികവിദ്യാ കമ്പനിയായ ഡെല്‍ ടെക്നോളജീസാക്കി വളര്‍ത്തി.

തന്റെ സംരംഭക ജീവിതത്തിന്റെ ആദ്യകാലത്തെക്കുറിച്ച് അടുത്തിടെ മൈക്കല്‍ ഡെല്‍ എക്സില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. 1984ലെ ഒരു ത്രൈമാസ വരുമാന റിപ്പോര്‍ട്ടിന്റെ ചിത്രം പങ്കുവച്ച അദ്ദേഹം, കോളജ് പഠനം ഉപേക്ഷിച്ച് ബിസിനസില്‍ പൂര്‍ണസമയ ശ്രദ്ധ നല്‍കാന്‍ മാതാപിതാക്കളെ സമ്മതിപ്പിച്ചതിന് സഹായിച്ച രേഖ ഇതായിരുന്നുവെന്ന് വ്യക്തമാക്കി.

ഏറ്റവും പുതിയ ഓഹരി വിപണി നീക്കങ്ങള്‍ ആഗോള ശതകോടീശ്വര പട്ടികയിലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ഏറെ കടുപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വിപണി അവസാനിച്ചപ്പോള്‍ മൈക്കല്‍ ഡെല്ലും ജെഫ് ബെസോസും തമ്മിലുള്ള സമ്പത്തിലെ വ്യത്യാസം വെറും 2.5 ബില്യണ്‍ ഡോളറാണ്.

മൈക്കല്‍ ഡെല്‍: 267.7 ബില്യണ്‍ ഡോളര്‍  4.6 ബില്യണ്‍ ഡോളര്‍ വര്‍ധന

ജെഫ് ബെസോസ്: 265.2 ബില്യണ്‍ ഡോളര്‍  1.4 ബില്യണ്‍ ഡോളര്‍ കുറവ്

ആമസോണ്‍ ഓഹരി വില 0.6 ശതമാനം ഇടിഞ്ഞതോടെ ബെസോസിന്റെ സമ്പത്ത് നേരിയ തോതില്‍ കുറഞ്ഞപ്പോള്‍, ഡെല്‍ ടെക്നോളജീസിന്റെ ഓഹരി വില 1.9 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് നേട്ടത്തിലെത്തിയതാണ് മൈക്കല്‍ ഡെല്ലിനെ ബെസോസിന് മുന്നിലെത്തിച്ചത്.